ലാളിത്യം കൊണ്ടും വിനയം കൊണ്ടും എപ്പോഴും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന നടനാണ് ഇന്ദ്രൻസ്. കഴിഞ്ഞ ദിവസം ‘മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള’യുടെ ട്രെയിലർ ലോഞ്ചിനിടെ ലാളിത്യം കൊണ്ട് വീണ്ടും കാഴ്ചക്കാരെ അമ്പരപ്പിക്കുകയാണ് ഇന്ദ്രൻസ്. താൻ സ്റ്റേജിൽ നിന്നാൽ ട്രെയിലർ കാണാൻ കാഴ്ചക്കാർക്ക് ബുദ്ധിമുട്ടാവുമെന്ന് കരുതി നിലത്ത് കാലുകുത്തി നിന്നാണ് ഇന്ദ്രൻസ് ചിത്രത്തിന്റെ ട്രെയിലർ കണ്ടത്.

ഷാനു സമദ് ആണ് ‘മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള’ എന്ന ചിത്രത്തിന്റെ സംവിധായകൻ. തിരുവനന്തപുരം ചാല കോളനിയില്‍ നിന്ന് നാടുവിട്ട് ബോംബെയിലേക്ക് പോയ അബ്ദുള്ള 50 വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് തിരിച്ചെത്തുന്നതും തന്റെ പ്രണയിനിയായിരുന്ന അലീമ എന്ന സ്ത്രീയെ അന്വേഷിച്ച് നടത്തുന്ന യാത്രകളുമാണ് ‘മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള’ എന്ന ചിത്രത്തിന്റെ പ്രമേയം. അറുപത്തിയഞ്ചാം വയസിൽ തന്റെ പ്രണയിനിയെ തേടി അലയുന്ന അബ്ദുള്ളയായി എത്തുന്നത് ഇന്ദ്രൻസ് ആണ്.

രഞ്ജി പണിക്കര്‍, ഇര്‍ഷാദ്, പ്രേം കുമാര്‍, മാമുക്കോയ, രചന നാരയണന്‍കുട്ടി, മീരാ വാസുദേവ്, മാലാ പാര്‍വ്വതി, ബാലു വർഗ്ഗീസ്, സാവിത്രി ശ്രീധരൻ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീര്‍ ആണ് ‘മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള’യുടെ നിര്‍മ്മാണം.

Read more: വേദനിപ്പിച്ചവരൊക്കെ മനസ്സിലുണ്ട്, പക്ഷേ തിരിച്ചാരെയും വേദനിപ്പിക്കില്ല: ഇന്ദ്രൻസ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook