അബുദാബി: രണ്ടാമൂഴവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ മുറുകുമ്പോള്‍, സിനിമയില്‍ നിന്നും പിന്മാറില്ലെന്ന നിലപാടിലുറച്ച് നിര്‍മ്മാതാവ് ബി.ആര്‍ ഷെട്ടി. തിരക്കഥ ആരുടേതെന്ന് വിഷയമല്ലെന്നും മഹാഭാരതം പോലൊരു വലിയ കഥ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ബി.ആര്‍ ഷെട്ടി പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു യഥാര്‍ത്ഥ ഇന്ത്യക്കാരന്‍ എന്ന നിലയില്‍ അത് എന്റെ കടമയായി കരുതുന്നതായും ഡോ.ബി.ആര്‍.ഷെട്ടി പറഞ്ഞു.

ആയിരം കോടിയിലേറെ രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കാനിരുന്ന സിനിമയാണിത്. ഇതു സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായി. മലയാളവും ഹിന്ദിയും ഉള്‍പ്പെടെ വ്യത്യസ്ത ഭാഷകളില്‍ ചിത്രം നിര്‍മ്മിക്കാനാണ് പദ്ധതി. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ഇതുമായി മുന്നോട്ട് പോകുന്നുണ്ട്. ഇക്കാര്യത്തിലൊന്നും ഒരു മാറ്റവും ഇല്ല. തിരക്കഥയുടെ കാര്യത്തില്‍ തനിക്ക് പ്രത്യേകിച്ച് നിര്‍ബന്ധമൊന്നുമില്ലെന്നും ഡോ.ബി.ആര്‍.ഷെട്ടി പറഞ്ഞു.

Read More: ഇത് കരാര്‍ ലംഘനം; മറ്റാരെങ്കിലും സമീപിച്ചാല്‍ തിരക്കഥ നല്‍കുന്ന കാര്യം ആലോചിക്കാം: എംടി

സിനിമയുടെ ചിത്രീകരണം വൈകുന്നതിനാല്‍ തിരക്കഥ തിരിച്ചുവാങ്ങുമെന്ന് എം.ടി.വാസുദേവന്‍ നായര്‍ അറിയിച്ചതിനു പിന്നാലെയാണ് ബി.ആര്‍ ഷെട്ടിയുടെ പ്രതികരണം. മൂന്നുവര്‍ഷംകൊണ്ട് ചിത്രീകരണം ആരംഭിക്കുമെന്ന് കരാറില്‍ പറഞ്ഞിട്ട് നാലുവര്‍ഷം കഴിഞ്ഞിട്ടും സിനിമ ഇതുവരെ ആരംഭിച്ചില്ലെന്നായിരുന്നു എം.ടി പറഞ്ഞത്.

ചിത്രത്തിനായി നല്‍കിയ തിരക്കഥ തിരിച്ചുവാങ്ങുമെന്ന് എംടി അറിയിച്ചിരുന്നു. ചിത്രീകരണം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം പിന്മാറാന്‍ തീരുമാനിച്ചത്. സിനിമയുമായി ഇനി മുന്നോട്ടു പോകരുതെന്ന് ആവശ്യപ്പെട്ട് അദ്ദേഹം തടസ ഹര്‍ജി നല്‍കിയിട്ടുണ്ട്.

കോഴിക്കോട് മുന്‍സിഫ് കോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. തിരക്കഥയ്ക്കായി മുന്‍കൂര്‍ വാങ്ങിയ തുക മടക്കിക്കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിരന്തരം പഠനവും ഗവേഷണവും നടത്തിയാണ് താന്‍ രണ്ടാമൂഴം കഥയുണ്ടാക്കിയതെന്നും, എന്നാല്‍ താന്‍ കാണിക്കുന്ന ആവേശം സിനിമ ചെയ്യുന്നവര്‍ക്കില്ലെന്നുമാണ് അദ്ദേഹത്തിന്റെ പരാതി. തിരക്കഥ കിട്ടുമ്പോള്‍ മുന്‍കൂറായി കൈപ്പറ്റിയ തുക മടക്കി നല്‍കാനാണ് തീരുമാനം.

ഇതിനു പുറകേ മറുപടിയുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോനും രംഗത്തെത്തിയിരുന്നു. ചിത്രം നടക്കുമെന്നും അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ചിത്രീകരം വൈകുന്നതിന്റെ കാരണം അദ്ദേഹത്തെ നേരില്‍ കണ്ട് ബോധ്യപ്പെടുത്താതിരുന്നത് തനിക്കു പറ്റിയ വീഴ്ചയാണെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook