കൊച്ചി: മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും ബിഗ് ബജറ്റ് ചിത്രമായി മഹാഭാരതം എത്തുന്നു. എം.ടി.വാസുദേവൻ നായരുടെ നോവൽ രണ്ടാമൂഴത്തെ ആസ്പദമാക്കിയാണ് സിനിമ. ഇതിൽ കേന്ദ്രകഥാപാത്രമായ ഭീമനെ, താൻ അവതരിപ്പിക്കുമെന്ന് മോഹൻലാൽ ഫെയ്‌സ്ബുക്കിൽ ഒരു വീഡിയോ പോസ്റ്റിൽ വെളിപ്പെടുത്തി.

മലയാളത്തിലെ എക്കാലത്തെയും മികച്ച നോവലുകളിൽ ഒന്നാണ് രണ്ടാമൂഴം. മഹാഭാരതത്തെ ഭീമനെ മുൻനിർത്തി അവതരിപ്പിച്ച നോവൽ എം.ടി.വാസുദേവൻ നായരുടെ എക്കാലത്തെയും മികച്ച കലാസൃഷ്ടിയായാണ് കരുതപ്പെടുന്നത്.

ഫെയ്‌സ്ബുക്കിലെ വീഡിയോയിൽ രണ്ടാമൂഴം സിനിമയായി അവതരിപ്പിക്കുന്നതിന്റെ സന്തോഷം മോഹൻലാൽ പങ്കുവച്ചു. “ആരാധ്യനായ എഴുത്തുകാരനും ജ്ഞാനപീഠം അവാർഡ് ജേതാവുമായ എം.ടി.വാസുദേവൻ നായർ ഓരോ മലയാളിയുടെയും ഇന്ത്യക്കാരന്റെയും അഭിമാനമാണ്. അദ്ദേഹത്തിന്റെ ഏറ്റവും മികച്ചതും ഇതിഹാസങ്ങളിൽ ഇതിഹാസമെന്ന് വിശേഷിപ്പിക്കാവുന്നതുമായ നോവലാണ് രണ്ടാമൂഴം” മോഹൻ ലാൽ പറഞ്ഞു.

എത്ര തവണ ഈ നോവൽ വായിച്ചിട്ടുണ്ടെന്ന് അറിയില്ലെന്നും, വളരെ മുൻപ് തന്നെ രണ്ടാമൂഴത്തിന് ദൃശ്യാവിഷ്കാരം വേണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും മോഹൻലാൽ പറഞ്ഞു. “ഏറെക്കാലമായി രണ്ടാമൂഴത്തിന്റെ ദൃശ്യാവിഷ്കാരം വേണമെന്ന അഭിപ്രായങ്ങൾ ഉയർന്നിട്ടുണ്ട്. രണ്ടാമൂഴം സിനിമയാകുന്നുവെന്ന് പറഞ്ഞപ്പോൾ മുതൽ എന്റെ പേര് തന്നെ ഭീമനായി ഉയർന്നുകേട്ടതിൽ അഭിമാനമുണ്ട്. ആ കഥാപാത്രത്തിന് എന്നിൽ അർപ്പിച്ച വിശ്വാസത്തിന് ശ്രീ എം.ടി. സാറിനോട് നന്ദി പറയുന്നു”വെന്ന് മോഹൻലാൽ പറഞ്ഞു.

“ഈ ഇതിഹാസ സിനിമ ലോക പ്രേക്ഷകരിലേക്ക് എത്തിക്കേണ്ടത് എല്ലാ സാങ്കേതിക മികവും ചേർന്നാകണം. അവിടെയാണ് ഭാരതത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതാൻ പര്യാപ്തമായ സിനിമയ്ക്ക് ആയിരം കോടി നിക്ഷേപിക്കാൻ തയ്യാറായി മുന്നോട്ട് വന്ന വി.ആർ.ഷെട്ടിയെന്ന ആഗോള സംരംഭകന്റെ ദീർഘവീക്ഷണത്തെ ഞാൻ സല്യൂട്ട് ചെയ്യുന്നു”വെന്ന് മോഹൻലാൽ വീഡിയോയിൽ അറിയിച്ചു.

ഈ സിനിമ ചരിത്രത്തിന്റെ ഭാഗമാകുമെന്നും മോഹൻലാൽ പറഞ്ഞു. “ഇന്ത്യയോട് അത്രമേൽ പ്രണയവും ഉത്തരവാദിത്തവും ദീർഘവീക്ഷണവും ഉള്ളത് കൊണ്ടാണ് ബി.ആർ.ഷെട്ടി ഈ നിക്ഷേപവുമായി മുന്നോട്ട് വന്നത്.” അദ്ദേഹം കൂട്ടിച്ചേർത്തു.

“ദീർഘനാളായി ഈ പദ്ധതി യാഥാർത്ഥ്യമാക്കാൻ പ്രയത്നിച്ച വി.എ.ശ്രീകുമാറിന്റെ തുടർച്ചയായ പരിശ്രമത്തിന്റെ ഫലവുമാണിത്. വർഷങ്ങളായ ഒരു പരസ്യ സംവിധായകനെന്ന നിലയിൽ അദ്ദേഹത്തെ അറിയാം. സെല്ലുലോയ്‌ഡിൽ ഈ സിനിമയെ ഇതിഹാസമാക്കി മാറ്റാൻ അദ്ദേഹത്തിന് കഴിയുമെന്ന് എനിക്കുറപ്പുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ