/indian-express-malayalam/media/media_files/uploads/2017/08/MT-horzOut.jpg)
ഇന്ത്യൻ സിനിമാ പ്രേമികൾ ഒന്നടങ്കം അവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് 'മഹാഭാരതം'. ആയിരം കോടി ബഡ്ജറ്റ്, മോഹൻ ലാൽ കേന്ദ്ര കഥാപാത്രമായ ഭീമനായി എത്തുന്നു, വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധായകൻ, ഇന്ത്യൻ സിനിമയിലെ എണ്ണം പറഞ്ഞ അഭിനേതാക്കൾ, ലോക സിനിമയിലെ പ്രശസ്തരായ സാങ്കേതിക വിദഗ്ധർ ഇങ്ങനെ സിനിമയുടെ പ്രത്യേകതകൾ പലതാണ്. പക്ഷേ, നമ്മൾ മലയാളികൾക്ക് ഈ സിനിമ അഭിമാനമാകുന്നതിനുള്ള പ്രധാന ഘടകം എംടി വാസുദേവൻ നായർ എന്ന എഴുത്തുകാരനും സിനിമക്ക് ആസ്പദമായ 'രണ്ടാമൂഴം' എന്ന നോവലുമാണ്.
എംടി തന്നെയാണ് സിനിമക്കായി തിരക്കഥയൊരുക്കിയിരിക്കുന്നത്. സിനിമക്കായി നേവലിൽ നിന്ന് വെട്ടിമാറ്റലുകളോ കൂട്ടിച്ചേർക്കലുകളോ ചെയ്തിട്ടില്ലെന്ന് എംടി വ്യക്തമാക്കി. മലയാള മനോരമ വാര്‍ഷികപതിപ്പില്‍ എസ് ജയചന്ദ്രന്‍ നായര്‍ നടത്തിയ അഭിമുഖത്തില്‍ രണ്ടാമൂഴം തിരക്കഥയാക്കിയ അനുഭവത്തെക്കുറിച്ച് എംടി സംസാരിക്കുകയുണ്ടായി. രണ്ടാമൂഴത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കാന്‍ ഏഴ് മാസം വേണ്ടി വന്നു എന്നാണ് എംടി പറഞ്ഞത്.
'നോവലിന്റെ ഘടന തന്നെയാണ്. സിനിമയ്ക്കുവേണ്ടി കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടായിട്ടില്ല. നോവല്‍ സിനിമയായിവന്നാല്‍ മോക്ഷം കിട്ടും എന്ന വിചാരമൊന്നുമില്ല. അഞ്ച് മണിക്കൂറില്‍ രണ്ട് ഭാഗമായി സിനിമയെടുക്കണമെന്ന് ഞാന്‍ പറഞ്ഞു. അത് വെട്ടണം, ഇത് വെട്ടണം എന്നൊന്നും പറഞ്ഞാല്‍ പറ്റില്ല. ചിലര്‍ പറഞ്ഞു, കുട്ടിക്കാലം ഒഴിവാക്കണമെന്ന്. അങ്ങനെയൊന്നും പറ്റില്ലെന്ന് തീര്‍ത്തുപറഞ്ഞു. ഇപ്പോള്‍ അഞ്ച് മണിക്കൂര്‍ 20 മിനിറ്റ് പാകത്തിനാണ് സ്‌ക്രിപ്റ്റ്' എംടി പറഞ്ഞു
മലയാളവും ഹിന്ദിയും ഇംഗ്ലീഷുമുള്‍പ്പെടെ അഞ്ച് ഭാഷകളിലായിട്ടാണ് സിനിമ എത്തുക. ഇംഗ്ലീഷ് പതിപ്പിനുവേണ്ടി പ്രാഥമികമായ പരിഭാഷയും എംടിയാണ് ചെയ്തതെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞിരുന്നു. അഞ്ച് പതിപ്പുകളില്‍ മൂന്നെണ്ണമെങ്കിലും പരിഭാഷകളല്ലാത്ത ഒറിജിനല്‍ മാസ്റ്റര്‍ വെര്‍ഷനുകളാണെന്നും സംവിധായകന്‍ വ്യക്തമാക്കി. ആദ്യഭാഗം പുറത്തെത്തി 100 ദിവസത്തിനുള്ളില്‍ രണ്ടാംഭാഗം റിലീസ് ചെയ്യാനാണ് പദ്ധതി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.