സിനിമാ ലൊക്കേഷനിലാണ് മലയാളത്തിന്റെ സ്വന്തം എഴുത്തുകാരൻ എം.ടി.വാസുദേവൻ നായർ 89-ാം പിറന്നാൾ ആഘോഷിച്ചത്. 1970 ൽ എംടിയുടെ തിരക്കഥയിൽ പി.എൻ.മേനോൻ സംവിധാനം ചെയ്ത ‘ഓളവും തീരവും’ സിനിമ അരനൂറ്റാണ്ടിനു ശേഷം പുനഃസൃഷ്ടിക്കുകയാണ്. തൊടുപുഴയിലെ ലൊക്കേഷനിൽ മോഹൻലാലും പ്രിയദർശനും അടക്കമുള്ളവർക്കൊപ്പമായിരുന്നു എംടിയുടെ പിറന്നാൾ ആഘോഷം.
സമാഹാരത്തിലെ എട്ടാം ചിത്രമായ പുതിയ ഓളവും തീരവും സംവിധാനം ചെയ്യുന്നത് പ്രിയദർശനാണ്. ആദ്യത്തേതിൽ മധുവായിരുന്നു നായകൻ, ഇപ്പോഴത്തേതിൽ മോഹൻലാലാണ്.
കഥാകാരന്‍, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകന്‍, നാടകകൃത്ത്, മാധ്യമപ്രവര്‍ത്തകന്‍ തുടങ്ങി എല്ലാ നിലകളിലും പ്രശസ്തനായ എം.ടി വാസുദേവന്‍ നായരെ മലയാളികളുടെ സ്വകാര്യ അഹങ്കാരമെന്നു വിളിക്കുന്നതിൽ ഒട്ടും അതിശയോക്തിയില്ല. 1965ല്‍ ല്‍ മുറപ്പെണ്ണ് എന്ന ചിത്രത്തിന് തിരക്കഥയെഴുതിക്കൊണ്ടാണ് എം.ടി മലയാള സിനിമയുടെ ‘നാലുകെട്ടിലേ’ക്ക് രംഗപ്രവേശം ചെയ്തത്.
ഓളവും തീരവും, അസുരവിത്ത്, ഇരുട്ടിന്റെ ആത്മാവ്, ഓപ്പോള്‍, പഞ്ചാഗ്നി, നഖക്ഷതങ്ങള്‍, വൈശാലി, പെരുന്തച്ചന്‍, ഒരു വടക്കന്‍ വീരഗാഥ തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് അദ്ദേഹം തിരക്കഥയൊരുക്കി. ആറു സിനിമകള്‍ സംവിധാനം ചെയ്ത എംടി യുടെ ആദ്യ സംവിധാന സംരംംഭം 1973ല്‍ പുറത്തിറങ്ങിയ നിര്‍മ്മാല്യം എന്ന ചിത്രമായിരുന്നു. ശേഷം വന്ന മഞ്ഞ്, കടവ്, ബന്ധനം, വാരിക്കുഴി, ഒരു ചെറു പുഞ്ചിരി എന്നിവയും എംടിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമകളാണ്.