Mr. Local Trailer: നയൻതാരയും ശിവകാർത്തികേയനും നായികാനായകന്മാരായെത്തുന്ന പുതിയ ചിത്രം ‘മിസ്റ്റർ ലോക്കലി’ന്റെ ട്രെയിലർ റിലീസായി. എം രാജേഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മിസ്റ്റര്‍ ലോക്കല്‍’. ഒരു മാസ്സ് എന്റർടെയിനറാണ് വരാൻ പോകുന്നതെന്ന സൂചനകളാണ് ട്രെയിലർ നൽകുന്നത്. ചിത്രത്തിൽ മനോഹർ എന്ന കഥാപാത്രമായി ശിവകാർത്തികേയൻ എത്തുമ്പോൾ ബിസിനസ് വുമൺ ആയ കീർത്തന എന്ന കഥാപാത്രത്തെയാണ് നയൻതാര അവതരിപ്പിക്കുന്നത്. മേയ് 17 നാണ് ചിത്രത്തിന്റെ റിലീസ്.
സ്പോർട്സിൽ താൽപ്പര്യമുള്ള കഥാപാത്രമാണ് ശിവകാർത്തികേയൻ അവതരിപ്പിക്കുന്ന മനോഹർ. അടുത്തവീട്ടിലെ പയ്യന്റെ ഇമേജുള്ള കഥാപാത്രമാണ് മനോഹർ. ഇഷ്ടപ്പെട്ട പെണ്ണിന്റെ പിറകെ നടക്കുമ്പോഴും സ്പോർട്സിനെ കുറിച്ചാണ് ശിവകാർത്തികേയന്റെ കഥാപാത്രം സംസാരിക്കുന്നത്.
അതേസമയം അൽപ്പം ഗൗരവക്കാരിയും ലക്ഷ്യബോധവുമുള്ള ഒരു ബിസിനസുകാരിയായാണ് നയൻതാര എത്തുന്നത്. ടോം, ജെറി കോമിക്സിനെ അനുസ്മരിപ്പിക്കുന്ന ഇരുവരുടെയും സംഭാഷണങ്ങളാണ് ട്രെയിലറിനെ രസകരമാക്കുന്നതത്. യോഗി ബാബു, നാരായൺ ലക്കി, രാധിക ശരത് കുമാർ, സതീഷ്, ആർജെ ബാലാജി എന്നിവരും ചിത്രത്തിലുണ്ട്.
‘വേലൈക്കാരന്’ ശേഷം ശിവ കാര്‍ത്തികേയനും നയന്‍താരയും ഒന്നിക്കുന്ന ചിത്രമാണ് ‘മിസ്റ്റര്‍ ലോക്കൽ’. ‘ഒരു കാൽ ഒരു കണ്ണാടി’യുടെ സംവിധായകനായ എം രാജേഷ് സംവിധാനം ചെയ്യുന്ന ചിത്രം ഫാമിലി എന്റർടെയിനറാണ്. ദിനേഷ് കൃഷ്ണൻ ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഹിപ് ഹോപ് തമിഴാ സംഗീതസംവിധാനം നിര്‍വഹിക്കുന്ന ചിത്രം സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ.ജ്ഞാനവേല്‍രാജയാണ് നിര്‍മിക്കുന്നത്.
‘മിസ്റ്റർ ലോക്കലി’നു പുറമെ ‘ഇരുമ്പുതിറൈ’ സംവിധായകൻ മിത്രന്റെ പുതിയ ആക്ഷൻ ത്രില്ലർ ചിത്രമായ ഹീറോയിലും ശിവകാർത്തികേയൻ അഭിനയിക്കുന്നുണ്ട്. ‘മറിന’ എന്ന ചിത്രം സംവിധാനം ചെയ്ത പാണ്ഡിരാജ്, സംവിധായകൻ രവികുമാറിന്റെ സയൻസ് ഫിക്ഷൻ ചിത്രം എന്നിവയാണ് ശിവകാർത്തികേയന്റെ മറ്റു പ്രൊജക്റ്റുകൾ.
അതേസമയം, ഒരിടവേളയ്ക്ക് ശേഷം സൂപ്പർസ്റ്റാർ രജനീകാന്തിനൊപ്പം അഭിനയിക്കുകയാണ് നയൻതാര. ‘ദർബാർ’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് താരം. ഏ.ആര് മുരുഗദോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം മുംബൈയില്‍ പുരോഗമിക്കുകയാണ്. നയന്‍താരയും രജനികാന്തും ക്രിക്കറ്റ് കളിക്കുന്ന ചിത്രങ്ങള്‍ അടുത്തിടെ ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
രജനികാന്ത് 25 വര്‍ഷത്തിനു ശേഷം പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് ‘ദര്‍ബാര്‍’. അടുത്തിടെ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നു. പൊലീസ് യൂണിഫോമില്‍ നിറയെ ആയുധങ്ങളുടെ ബാക്ക്ഗ്രൗണ്ടിലുള്ള രജനികാന്തായിരുന്നു ഫസ്റ്റ്ലുക്ക്. രജനികാന്തും എ.ആര് മുരുഗദോസും ആദ്യമായി കൈകോര്‍ക്കുന്ന ചിത്രം കൂടിയാണ് ‘ദര്‍ബാര്‍’. ‘പേട്ട’ എന്ന ചിത്രത്തിന്റെ മെഗാ വിജയത്തിനു ശേഷം അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്കുന്ന ചിത്രമാണ് ഇത്.
ഇത് നാലാമത്തെ തവണയാണ് രജനീകാന്തും നയന്‍താരയും ഒന്നിക്കുന്നത്. ‘ചന്ദ്രമുഖി’, ‘കുശേലന്‍’, ‘ശിവജി’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം നയന്‍താര തലൈവര്‍ക്ക് ഒപ്പം അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ദര്‍ബാറി’നുണ്ട്. 2020 ല്‍ പൊങ്കലിന് റിലീസ് ചെയ്യാവുന്ന രീതിയിലാണ് ചിത്രം ഒരുങ്ങുന്നത്.
Read more: രജനികാന്തിനൊപ്പം ഇത് നാലാം തവണ; നയൻതാര ‘ദർബാറി’ൽ
‘തുപ്പാക്കി’,’ഗജിനി’ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളൊരുക്കിയ മുരുഗദോസ്’സര്‍ക്കാറി’നു ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദര്‍ബാര്‍’. രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘2.0’ന്റെ നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സ് ആണ് ‘ദര്‍ബാറും’ നിര്‍മ്മിക്കുന്നത്. മുരുഗദോസിന്റെ ‘കത്തി’ (2014) എന്ന ചിത്രം നിര്‍മ്മിച്ചു കൊണ്ട് നിര്‍മ്മാണരംഗത്തേക്ക് കടന്നുവന്ന ലൈക പ്രൊഡക്ഷന്‍സ് വീണ്ടും മുരുഗദോസ് ചിത്രത്തിനു വേണ്ടി കൈകോര്‍ക്കുന്നു എന്നതും യാദൃശ്ചികമാണ്.