ദുരന്തങ്ങൾ പലപ്പോഴും മനുഷ്യർക്കുള്ളിലെ മനുഷ്യത്വത്തെയും നന്മയേയും കൂടിയാണ് വെളിവാക്കുന്നത്. കൊറോണക്കാലത്ത് തെരുവുമൃഗങ്ങളെയും ഭവനരഹിതരെയും സഹായിക്കാനായി ചിത്രം വരച്ച് പണം സമാഹരിക്കുന്ന പന്ത്രണ്ടുവയസ്സുകാരിയെ കുറിച്ചുള്ള വാർത്തകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബോളിവുഡ് സംവിധായിക ഫറാ ഖാന്റെ മകൾ അന്യയാണ് തന്നാലാവുന്ന സഹായങ്ങളുമായി രംഗത്തെത്തി വാർത്തകളിൽ ഇടം പിടിച്ചത്. ചിത്രംവരയിലൂടെ ഏതാണ്ട് രണ്ടു ലക്ഷം രൂപയോളം അന്യ സമാഹരിക്കുകയും കൊറോണദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ആ​ പണം നൽകുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ, അന്യയുടെ നന്മയ്ക്ക് പ്രോത്സാഹനവുമായി എത്തിയിരിക്കുകയാണ് അഭിഷേക് ബച്ചൻ. മൃഗസ്നേഹിയായ അന്യ താൻ വരയ്ക്കുന്ന ആനിമൽ സ്കെച്ചുകൾക്ക് 1000 രൂപയാണ് ആവശ്യക്കാരിൽ നിന്നും ഈടാക്കിയിരുന്നത്. ആ പണം പൂർണമായും അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവുമൃഗങ്ങളുടെയും ഭവനരഹിതരുടെയും സഹായത്തിനായി നൽകുകയായിരുന്നു. ഇതറിഞ്ഞ അഭിഷേക് അന്യയുടെ ഒരു സ്കെച്ച് 101000 രൂപയ്ക്ക് വാങ്ങിയാണ് അന്യയ്ക്ക് പിന്തുണ നൽകിയിരിക്കുന്നത്.

ഫറാ ഖാനാണ് ഈ സന്തോഷവാർത്ത ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. “ആരാണ് ഒരു ലക്ഷം രൂപ ഒരു സ്കെച്ചിനു നൽകുക? അഭിഷേക് ബച്ചനല്ലാതെ. നന്ദി വലിയ ഹൃദയമുള്ള, ക്രേസിയായ എന്റെ കൂട്ടുകാരന്,” എന്നാണ് ഫറ കുറിക്കുന്നത്. ബച്ചനെ കൂടാതെ സോയ അക്തർ, ഗൗരി ഖാൻ, സോനാലി ബേന്ദ്ര, ശ്വേത ബച്ചൻ, രവീണ ടണ്ഡൻ, അതിദി റാവു ഹൈദരി, സോനു സൂദ് എന്നിവരും അന്യയുടെ ചിത്രങ്ങൾ വാങ്ങുകയും പിന്തുണയേകുകയും ചെയ്തിരുന്നു.

Read more: വരച്ച് നേടിയത് 70,000 രൂപ; തെരുവുമൃഗങ്ങളെ ഊട്ടി താരപുത്രി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook