കോമയില്‍ കഴിയുന്ന മകളെ കാണാന്‍ അനുവാദം ചോദിച്ചുകൊണ്ട് പ്രമുഖ നടി മൗഷുമി ചാറ്റര്‍ജി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. മകള്‍ക്കരികിലേക്ക് പോകണമെന്നും, മകളെ കാണുന്നതില്‍ നിന്നും തന്നെ തടയരുതെന്ന് മരുമകന് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ മൗഷുമി ചാറ്റര്‍ജി പറയുന്നു.
ജസ്റ്റിസ് ബി.പി ധര്‍മ്മാധികാരി, എസ്.വി കോട്ട്വാള് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ മുമ്പാകെ മൗഷുമി ചാര്റ്റര്ജിക്കായി ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത് മുതിര്‍ന്ന അഭിഭാഷകന് ബെനി ചാറ്റര്‍ജിയാണ്. ഹര്‍ജിയില്‍ ശനിയാഴ്ച വാദം കേള്‍ക്കും. മൗഷുമി ചാറ്റര്‍ജിയുടെ മരുമകന് ഡിക്കി മെഹ്തയോട് ഹര്‍ജിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മൗഷുമി ചാറ്റര്‍ജിയുടെ ഹര്‍ജി പ്രകാരം, ഡിക്കിയും പായലും 2010ലാണ് വിവാഹിതരായത്. വിവാഹത്തിന് ശേഷം പായലിന് അസുഖം ബാധിക്കുകയായിരുന്നു. കഴിഞ്ഞവര്‍ഷം പായലിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും, മൗഷുമിയും കുടുംബവും ആശുപത്രിയില്‍ പരിചരണത്തിനായി എത്തുകയും ചെയ്തു.
എന്നാല്‍ കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് മെഹ്തയും കുടുംബവും പായലിനെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത്, അവരുടെ സ്വദേശമായ ഖറിലേക്ക് കൊണ്ടു പോയി.
അതിന് ശേഷം മൗഷുമിയോ അവരുടെ കുടുംബത്തിലെ മറ്റാരെങ്കിലുമോ പായലിനെ കാണാന്‍ മെഹ്തയും കുടുംബവും അനുവദിച്ചിട്ടില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.