ലോകമെമ്പാടുമുള്ള ജനങ്ങൾ ഇന്ന് മാതൃദിനം ആഘോഷിക്കുകയാണ്. അമ്മയുടെ സ്നേഹവും കരുതലും വാത്സല്യവും സഹനവുമെല്ലാം ലോകം നന്ദിയോടെ ഓർക്കുന്ന ദിനമാണ് അന്താരാഷ്ട്ര മാതൃദിനം. മേയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് മാതൃദിനമായി ആഘോഷിക്കപ്പെടുന്നത്.
മാതൃദിനത്തിൽ അമ്മയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളും ആശംസയും പങ്കുവയ്ക്കുകയാണ് പ്രിയതാരങ്ങളും. “എന്റെ ജീവിതത്തിലെ മാജിക്ക് ആണ് അമ്മ” എന്നാണ് ഉണ്ണിമുകുന്ദൻ മാതൃദിനത്തിൽ കുറിച്ചത്. കുട്ടികാലത്തെ ചിത്രമാണ് ഉണ്ണി പങ്കുവച്ചത്.
താരങ്ങളായ മോഹൻലാൽ, ഇന്ദ്രജിത്ത്, ടൊവിനോ, വിനയ് ഫോർട്ട് എന്നിവരും അമ്മയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ ഷെയർ ചെയ്‌തിട്ടുണ്ട്. നയൻതാരയ്ക്ക് മാതൃദിനാശംസകൾ അറിയിച്ച് വിഘ്‌നേഷ് ശിവനും ചിത്രം പങ്കുവച്ചു.
മകൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് പേളി മാതൃദിന ആശംസകളറിയിച്ചത്.
താരങ്ങളായ അഹാന കൃഷ്ണ, ഭാമ, മൃദുല വിജയ്, മീന,ബീന ആന്റണി, സൗഭാഗ്യ വെങ്കിടേഷ്, അനിഖ സുരേന്ദ്രൻ എന്നിവരും ആശംസയറിച്ച് അമ്മയുടെ ചിത്രം ഷെയർ ചെയ്‌തു.
1908 ലാണ് ആദ്യമായി മാതൃദിനം ആഘോഷിച്ചത്. 1905 ല്‍ അമ്മ മരിച്ചതിനെ തുടര്‍ന്ന് അന്ന റീവെസ് ജാര്‍വിസ് ആണ് മാതൃദിന പ്രചാരണത്തിന് തുടക്കമിട്ടത്. വിര്‍ജീനിയയുടെ പടിഞ്ഞാറന്‍ പ്രദേശമായ ഗ്രാഫ്റ്റണിലെ സെന്റ് ആന്‍ഡ്രൂസ് മെത്തഡിസ്റ്റ് പള്ളിയില്‍ അന്ന റീവെസ് ജാര്‍വിസ് സ്വന്തം അമ്മയുടെ ശവകുടീരത്തിന് മുകളില്‍ പുഷ്‌പങ്ങള്‍ അര്‍പ്പിച്ച് മാതൃദിനത്തിന് തുടക്കം കുറിച്ചു. ഈ പള്ളിയാണ് ഇന്ന് രാജ്യാന്തര മാതൃദിന പള്ളിയെന്ന പദവി വഹിക്കുന്നത്.
ഓരോ രാജ്യത്തിലും വ്യത്യസ്‌ത ദിനത്തിലാണ് മാതൃദിനം ആഘോഷിക്കുന്നത്. യുകെയിൽ മാർച്ച് മാസത്തിലെ നാലാമത്തെ ഞായറാഴ്‌ചയാണ് മാതൃദിനമായി ആഘോഷിക്കുന്നത്. അറബ് രാഷ്ട്രങ്ങളിലധികവും മാര്‍ച്ച് 21 നാണ് മാതൃദിനം ആഘോഷിക്കുന്നത്. എല്ലാ വർഷവും മേയ് രണ്ടാമത്തെ ഞായറാഴ്ചയാണ് ഇന്ത്യയിൽ മാതൃദിനമായി ആഘോഷിക്കുന്നത്.