Mothers Day 2019, Uppum Mulakum Actor Nisha Sarang: അമ്മ എന്നത് ഒരു വികാരമാണ്. അതു കൊണ്ടാവാം ജന്മം കൊണ്ടല്ലെങ്കിലും സ്നേഹം കൊണ്ടും വാത്സല്യം കൊണ്ടും പലരും അമ്മയായി തീരുന്നത്.
‘ഉപ്പും മുളകും’ എന്ന സീരിയലിലൂടെ ഓൺ-സ്ക്രീനിൽ അഞ്ചു മക്കളുടെ അമ്മയായി മാറിയ നിഷ സാരംഗ്, സ്ക്രീനിനു പുറത്ത് നിരവധി കുട്ടികൾക്ക് അമ്മയെ പോലൊരു സാന്നിധ്യമാണ്. ഏതാൾക്കൂട്ടത്തിൽ നിന്നും ‘നീലുവമ്മേ’ എന്നൊരു വിളിയോടെ തന്റെ അരികിലേക്ക് ഓടിയെത്തുന്ന കൗമാരക്കാരായ ആൺകുട്ടികളും പെൺകുട്ടികളും നിഷയ്ക്ക് ഇന്നൊരു കൗതുകമല്ല. ‘ഉപ്പും മുളകി’ലെ നീലുവായി മലയാളികളുടെ സ്വീകരണമുറിയിലെ സ്ഥിരം സാന്നിധ്യമായതിനു ശേഷം ജീവിതത്തിൽ പലയാവർത്തി ആവർത്തിച്ച ഒരു സ്നേഹോഷ്മള രംഗം മാത്രമാണ് നിഷയ്ക്ക് അത്.
എന്നാൽ, നിഷയ്ക്ക് ഇപ്പോൾ ഏറെ മിസ്സ് ചെയ്യുന്നത് അയർലൻഡിൽ നിന്നും നീലുവമ്മയെ കാണാനായി മാത്രം ലൊക്കേഷനിലെത്തിയ ഒരു പതിനേഴുകാരൻ പയ്യനെയാണ്. ‘മദേഴ്സ് ഡേ’യോട് അനുബന്ധിച്ച് ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിനു നൽകിയ അഭിമുഖത്തിനിടെ ആ കൗമാരക്കാരനെ കുറിച്ചു സംസാരിക്കുമ്പോഴൊക്കെ നിഷയുടെ ശബ്ദത്തിൽ വാത്സല്യം നിറയുന്നുണ്ടായിരുന്നു.

“കുറച്ചു നാൾ മുൻപ് അയർലൻഡിൽ നിന്നൊരു പയ്യൻ എന്നെ കാണാൻ വന്നു. പതിനേഴ് വയസ്സേ ഉള്ളൂ അവന്, പ്ലസ് ടുവിന് പഠിക്കുകയാണ്. എന്റെ നമ്പർ ഒന്നും കയ്യിൽ ഇല്ലായിരുന്നു. ഷൂട്ടിംഗ് ലൊക്കേഷൻ ഒക്കെ അന്വേഷിച്ചറിഞ്ഞ് അവിടേക്ക് എത്തുകയായിരുന്നു. മെലിഞ്ഞ് വളരെ ഐശ്വര്യമുള്ള മുഖമുള്ള ഒരു ചെറിയ കുട്ടി. യേശുക്രിസ്തുവിനെ ഒക്കെ ഓർമ്മിപ്പിക്കുന്ന മുഖം. കണ്ണിലൊക്കെ ദൈവികമായൊരു ഫീൽ.
ഫെയ്സ് ബുക്കിൽ ഞാൻ പോസ്റ്റ് ചെയ്ത എന്റെ ഫോട്ടോസ് ഒക്കെ എടുത്ത് ഫ്രെയിം ചെയ്തു കൊണ്ടു വന്നിരുന്നു. ഇവിടെ വീട്ടിലിരിക്കുന്ന എന്റെ ഫോട്ടോസ് ഒക്കെ ആ കുട്ടി ഫ്രെയിം ചെയ്തു തന്നതാണ്.
‘ഞാൻ അമ്മയെ കാണാൻ വേണ്ടി വന്നതാണ്. സോറി, അമ്മ എന്നത് അറിയാതെ വന്നു പോയതാണ്. നീലുവമ്മയെ കാണുമ്പോഴൊക്കെ ഞാനെന്റെ അമ്മയെ കുറിച്ചോർക്കും. എന്റെ അമ്മ മരിച്ചുപോയി, അച്ഛൻ വേറെ കല്യാണം കഴിച്ചു. അതോണ്ട് അമ്മയുടെ സ്നേഹമൊന്നും എനിക്ക് കിട്ടിയിട്ടില്ല. അമ്മയെ കാണാൻ വേണ്ടിയാണ് വന്നത്. ഇടയ്ക്ക് വല്ലപ്പോഴും ഞാൻ വിളിച്ചോട്ടെ,’ എന്നൊക്കെ ചോദിച്ചു. ‘ഇടയ്ക്കല്ല, മോന് എപ്പോൾ സങ്കടമുണ്ടാകുന്നോ അപ്പോൾ വിളിച്ചോളൂ’ എന്നൊക്കെ പറഞ്ഞ് ഞാൻ പറഞ്ഞു വിട്ടു.
തിരിച്ച് അയർലൻഡിലേക്ക് പോവുന്നതിനു മുൻപ് ഒരിക്കൽ കൂടി ലൊക്കേഷനിൽ വന്നിട്ടാണ് ആ കുട്ടി പോയത്. നന്നായി പ്രാർത്ഥിക്കുകയൊക്കെ ചെയ്യുന്ന കുട്ടിയാണ്, സംസാരിക്കുന്നതൊക്കെ ദൈവികമായ കാര്യങ്ങൾ. ആ സമയത്ത് എന്റെ മകളുടെ കല്യാണ സമയമായിരുന്നു. അമ്മയുടെ മകളുടെ കല്യാണം ഭംഗിയായി നടക്കും, ഞാൻ പ്രാർത്ഥിക്കാം എന്നൊക്കെ പറഞ്ഞു. ഇടയ്ക്ക് രണ്ടുമൂന്നു തവണയൊക്കെ വിളിച്ചു. അവസാനം വിളിച്ചപ്പോൾ ഭയങ്കര വിഷമത്തിലാണ് സംസാരിച്ചത്. എന്തൊക്കെയോ പ്രശ്നങ്ങൾ ഉള്ളതുപോലെ തോന്നി. പിന്നെ എന്നെ വിളിച്ചിട്ടില്ല. ആ കുട്ടി ഇതു കാണുന്നുണ്ടെങ്കിൽ, അവരാരെങ്കിലും ഇതു കാണുന്നുണ്ടെങ്കിൽ എനിക്കവനെ നന്നായി മിസ്സ് ചെയ്യുന്നുണ്ട് എന്ന് പറയണം,” നിഷ പറയുന്നു.
ഇതുപോലെ, ഇതുവരെ കാണുക കൂടി ചെയ്തിട്ടില്ലാത്ത നിരവധിയേറെ കുട്ടികളുടെ പ്രിയപ്പെട്ട നീലുവമ്മയാണ് നിഷ. കുട്ടികളെ ഏറെ ഇഷ്ടപ്പെടുന്ന നിഷയെ സംബന്ധിച്ച് അവാർഡുകളോളം തന്നെ വിലമതിക്കുന്ന അംഗീകാരമാണ് കുട്ടികളുടെ നീലുവമ്മേ എന്നുള്ള വിളി
Read More on Uppum Mulakum Serial: മിനിസ്ക്രീൻ കാഴ്ചയ്ക്ക് ‘ഉപ്പും മുളകും’ ചേർത്ത കുടുംബം