scorecardresearch

Mother’s Day 2019: ശോഭന, രേവതി: മാതൃത്വത്തിന്റെ വേറിട്ട വഴികൾ

അമ്മ സങ്കൽപ്പത്തിന്റെ പതിവുസമവാക്യങ്ങൾ തെറ്റിക്കുമ്പോഴും മാതൃത്വത്തെ മറ്റൊരു രീതിയിൽ സ്വീകരിച്ചവരാണ് ഇരുവരും

mothers day 2019, മദേഴ്സ് ഡേ 2019, mothers day wishes, mothers day quotes, mothers day messages, mothers day greetings, mothers day status, mothers day 2019 wishes in malayalam, Shobana, ശോഭന, Shobana Daughter, ശോഭന മകൾ, Shobana daughter, Anantha Narayani,​ ശോഭന മകൾ അനന്തനാരായണി, Revathi, രേവതി, Revathi Daughter, രേവതി മകൾ, Revathi Daughter Mahee, രേവതി മകൾ മഹീ, Revathy daughter pictures, Shobana pictures, Shobana Daughter pictures

സ്ത്രീയും പുരുഷനും വിവാഹിതരാവുന്നു, തുടർന്ന് കുടുംബവും കുട്ടികളും, അച്ഛനമ്മമാർ ചേർന്ന് കുട്ടികളെ വളർത്തുന്നു, ഒരു കാലഘട്ടമാകുമ്പോൾ മക്കളെ വിവാഹം കഴിപ്പിച്ച് അവർക്കൊരു കുടുംബമുണ്ടാക്കി കൊടുക്കുന്നു- പാരൻഡ് ഹുഡ് എന്ന സങ്കൽപ്പത്തെ കുറിച്ച് പൊതുവെ സാമാന്യജനങ്ങളുടെ കാഴ്ചപ്പാട് ഇതാണ്. ആ പതിവു സമവാക്യങ്ങൾക്ക് അപ്പുറത്തേക്ക് പൊതുജനം സാധാരണ ചിന്തിക്കുന്നത് ഭാര്യയ്‌ക്കോ ഭർത്താവിനോ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമ്പോഴാണ്. അത്തരം അവസരങ്ങളിലാണ് പലപ്പോഴും സറോഗസി പോലെയോ, ഐ വി എഫ് പോലെയോ ഒക്കെയുള്ള സാങ്കേതികതകളെ ആശ്രയിക്കുന്നതും.

‘ബൈ ചോയ്സ്’ അത്തരം കാര്യങ്ങൾ തിരഞ്ഞെടുത്തവരും സ്വമേധയാ പരമ്പരാഗത മാതൃത്വത്തെ സങ്കൽപ്പത്തെ കുറിച്ചുള്ള സമവാക്യങ്ങൾ തെറ്റിച്ചവരും പൊതുസമൂഹത്തിൽ എത്രകണ്ട് ഉണ്ടാകുമെന്നറിയില്ല. എന്നാൽ, മാതൃത്വത്തെ അത്തരത്തിൽ ‘ബൈ ചോയ്സ്’ തിരഞ്ഞെടുക്കുകയും പരമ്പരാഗത സമവാക്യങ്ങളെ തെറ്റിച്ച് ശ്രദ്ധേയരാവുകയും ചെയ്ത രണ്ട് തെന്നിന്ത്യൻ താരങ്ങളാണ് ശോഭനയും രേവതിയും. അങ്ങനെ സമവാക്യങ്ങൾ തെറ്റിക്കുമ്പോഴും മാതൃത്വത്തെ മറ്റൊരു രീതിയിൽ സ്വീകരിക്കുകയാണ് ഇരുവരും.

ദാമ്പത്യം, പങ്കാളിത്തം തുടങ്ങി കുടുംബസങ്കൽപ്പങ്ങളെ വലിയൊരു അളവു വരെ മാറ്റിവെക്കുമ്പോഴും മാതൃത്വമെന്ന മനോഹരമായൊരു സങ്കൽപ്പത്തെ ജീവിതത്തിലേക്ക് ചേർത്തുനിർത്തുകയാണ് രണ്ടുപേരും. അമ്മ എന്ന അനുഭവത്തിന്റെ ഉള്ളറിഞ്ഞ് മാതൃത്വത്തിന്റെ അനുഭൂതികളും ഉത്തരവാദിത്വങ്ങളുമെല്ലാം തനിച്ച് ഏറ്റെടുക്കുന്ന ശോഭനയും രേവതിയും മാതൃത്വത്തിന്റെ വേറിട്ട രണ്ടു മുഖങ്ങളാണ്.

നൃത്തത്തിനു വേണ്ടി ജീവിതം സമർപ്പിച്ച ശോഭന ഒരു കുഞ്ഞിനെ ദത്തെടുത്തു എന്ന വിശേഷം കൗതുകത്തോടെയാണ് എല്ലാവരും കേട്ടത്. 2010 ലാണ് ആറുമാസം പ്രായമുള്ള അനന്ത നാരായണിയെ ശോഭന ദത്തെടുക്കുന്നത്. ഗുരുവായൂർ അമ്പലത്തിൽ വെച്ച് കുഞ്ഞിന്റെ ചോറൂണും നടത്തി.

തന്റെ 40-ാം വയസ്സിലാണ് ശോഭന അനന്തനാരായണിയുടെ അമ്മയാവുന്നത്. തന്റെ സ്വകാര്യതയെന്ന പോലെ, ക്യാമറ കണ്ണുകളിൽ നിന്നെല്ലാം അകറ്റി നിർത്തിയാണ് ശോഭന മകളെ വളർത്തുന്നത്. കുഞ്ഞിനെ കുറിച്ചുള്ള സജീവമായ സംഭാഷണങ്ങളിലൊന്നും ശോഭന ഇതുവരെ ഇടപെട്ടില്ല.

എന്നാൽ, രേവതി അതിനെ കുറിച്ച് തുറന്നു പറയുകയും അടുത്തിടെ അതിനെ ക്ലാരിഫൈ ചെയ്യുകയും മകളെയും പാരന്റിംഗിനെയും കുറിച്ച് സജീവമായ സംഭാഷണങ്ങളിൽ ഏർപ്പെടുകയും ചെയ്ത ആളാണ്. “സ്ക്രീനിൽ പല പ്രായത്തിലുള്ള കുട്ടികളുടെ അമ്മയായി അഭിനയിച്ചിട്ടുണ്ട്. എന്നാൽ ജീവിതത്തിലെ അമ്മ റോൾ വളരെ വ്യത്യാസപ്പെട്ടതാണ്,” എന്നാണ് മാതൃത്വത്തെ കുറിച്ച് രേവതി പാരന്റിംഗ് സർക്കിൾ.കോമിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

“ഒരു കുഞ്ഞ് വേണമെന്നത് എന്‍റെ വലിയ ആഗ്രഹമായിരുന്നു. വേണം എന്ന് തോന്നിയ സമയത്തൊന്നും അത് നടന്നില്ല. നടന്നപ്പോള്‍ വളരെ വൈകിയും പോയി. ഒരു കുഞ്ഞിനെ ഈ ലോകത്തേക്ക് വിളിക്കാനുള്ള എന്‍റെ തീരുമാനം ശരിയാണോ, അതോ എന്‍റെ സ്വാര്‍ത്ഥതയാണോ, സമപ്രായക്കാരില്‍ നിന്നും പ്രായമേറിയ ഒരമ്മ എന്ന നിലയ്ക്ക് എന്‍റെ കുഞ്ഞിന് അത് വിഷയമാകുമോ എന്നൊക്കെ ഞാന്‍ എന്നോട് തന്നെ പല വട്ടം ചോദിച്ചിരുന്നു, ആ ചോദ്യങ്ങള്‍ ഒന്നും നിലച്ചിട്ടുമില്ല. അവള്‍ വളര്‍ന്നു വരുമ്പോള്‍ മാത്രമേ എനിക്ക് അതിനുള്ള ഉത്തരങ്ങള്‍ കിട്ടുകയുമുള്ളൂ. എന്നെ സംബന്ധിച്ച് എന്‍റെ ജീവിതം തന്നെ മാറ്റി മറിച്ച ഒരു റോള്‍ ആണ് മഹിയുടെ അമ്മയായത്‌. പുനര്‍ജ്ജന്മം പോലെയാണ്. ഒട്ടും എളുപ്പമല്ല അത്. ചില ദിവസങ്ങളില്‍ ചിന്തിക്കാറുണ്ട് ‘എന്ത് ആലോചിച്ചിട്ടാണ് ഞാന്‍ ഇങ്ങനെയൊക്കെ ചെയ്തത്’ എന്ന്.” രേവതി പറയുന്നു.

Read more: ഒരു കുഞ്ഞു വേണമെന്നത് എന്‍റെ വലിയ ആഗ്രഹമായിരുന്നു: രേവതി

അഞ്ചര വയസ്സുള്ള മകളെ വളര്‍ത്തുന്ന തിരക്കിലും രേവതി തന്‍റെ ജോലി കൈവിടുന്നില്ല. ഷൂട്ടിംഗ് തിരക്കുകൾക്കിടയിലും വാരാന്ത്യങ്ങൾ മകൾക്കൊപ്പം ചെലവഴിക്കാൻ രേവതി സമയം കണ്ടെത്തുന്നു. ഒരു പുസ്തകത്തിനും സിനിമയ്ക്കും പകരാന്‍ കഴിയാത്ത അനുഭവമാണ് മാതൃത്വം എന്ന് ആണയിടുമ്പോഴും ഒറ്റയ്ക്ക് മകളെ വളര്‍ത്തുന്നതിന്‍റെ പ്രയാസങ്ങള്‍ ചിലപ്പോഴൊക്കെ നേരിടാറുണ്ട് എന്നും രേവതി കൂട്ടിചേര്‍ക്കുന്നു. 48-ാം വയസ്സിലാണ് മാതൃത്വത്തിന്റെ ഉത്തരവാദിത്വങ്ങൾ രേവതി ജീവിതത്തിലേക്ക് ഏറ്റെടുക്കുന്നത്.

“സിംഗിള്‍ പാരന്റ് എന്നത് വെല്ലുവിളി നിറഞ്ഞ ഒന്നാണ്. മഹിയോട് അവളുടെ കൂട്ടുകാര്‍ അവളുടെ ‘ഡാഡി’നെക്കുറിച്ച് ചോദിക്കുമ്പോള്‍ അവള്‍ പറയും എനിക്ക് ‘ഡാഡി താത്ത’ ഉണ്ട് എന്ന്. എന്‍റെ അച്ഛനെയാണ് അവള്‍ അങ്ങനെ വിളിക്കുന്നത്‌. മഹിയെ വളര്‍ത്തുന്നതില്‍ സഹായിക്കാന്‍ എന്‍റെ മാതാപിതാക്കള്‍ ഉള്‍പ്പടെയുള്ള ഒരു സപ്പോര്‍ട്ട് സിസ്റ്റം എനിക്ക് ഉണ്ട്. എന്ത് കാര്യത്തിനും താങ്ങായി എന്‍റെ അനിയത്തിയുണ്ട്. അവര്‍ എല്ലാവരും മകളായി തന്നെയാണ് മഹിയെ കരുതുന്നത്. എങ്കിലും ചിലപ്പോഴൊക്കെ തോന്നും, കുഞ്ഞിന്‍റെ പ്രധാനപ്പെട്ട കാര്യങ്ങള്‍ – ആരോഗ്യം, വിദ്യാഭ്യാസം എന്നിങ്ങനെ – സംസാരിക്കാന്‍ ഒരാള്‍ കൂടെ ഉണ്ടായിരുന്നെങ്കില്‍ എന്ന്.” രേവതി പറയുന്നു.

പതിവു വിവാഹസങ്കൽപ്പത്തെ മാറ്റി നിർത്തി മാതൃത്വത്തെ പുണർന്ന രണ്ടു പേർ എന്നതിന് ഉപരി അമ്മയെന്ന ഉത്തരവാദിത്വവും കരിയറും ഒന്നിച്ചു കൊണ്ടുപോകുന്നവർ എന്ന രീതിയിലും ഇരുവരും ശ്രദ്ധേയരാവുകയാണ്. വിവാഹം വേണ്ടെന്നു വെയ്ക്കുമ്പോഴും ഏറെ ഉത്തരവാദിത്വവും സമയവും ആവശ്യമുള്ള വിഷയമാണ് മാതൃത്വമെന്നത്. അതിനെ തിരിച്ചുപിടിക്കുകയാണ് ഇരുവരും. വിവാഹവും മാതൃത്വവുമൊന്നും സ്ത്രീകളുടെ സ്വപ്നങ്ങൾക്കും അഭിരുചികൾക്കും മുന്നിൽ തടസ്സമല്ലെന്ന് കൂടി ഇരുവരും പറയാതെ പറയുന്നുണ്ട്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mothers day 2019 revathi daughter mahee shobhana daughter anantha narayani