scorecardresearch

Mother’s Day 2019: മലയാള സിനിമയിലെ മാറുന്ന അമ്മമാര്‍

മലയാളികളുടെ സ്നേഹത്തിന്റെയും ഗൃഹാതുരത്വത്തിന്റെയും അനേകം പര്യായങ്ങളില്‍ ആദ്യത്തേതായ അമ്മ എന്ന വ്യക്തിയെ സമകാലിക മലയാള സിനിമ എങ്ങനെ ആവിഷ്കരിക്കുന്നു എന്നൊരു അന്വേഷണം

Mother’s Day 2019: മലയാള സിനിമയിലെ മാറുന്ന അമ്മമാര്‍

Mother’s Day 2019, Mother characters in contemporary Malayalam film: മലയാള സിനിമ, കഥയ്ക്കും കഥാപാത്രങ്ങൾക്കും ബന്ധങ്ങൾക്കും പുതിയ നിർവ്വചനങ്ങൾ നൽകിക്കൊണ്ട് മുന്നേറുമ്പോൾ, അതോടൊപ്പം തന്നെ പുതിയ നിർവചനങ്ങൾ ലഭിക്കുകയാണ് അമ്മ കഥാപാത്രങ്ങൾക്കും. പുതിയകാല സിനിമകളിൽ കഥാപാത്രങ്ങളിലെ വ്യത്യസ്തതകൊണ്ട് മലയാളിയുടെ മനസ്സിൽ തരംഗം സൃഷ്ടിക്കുകയാണ് അമ്മമാർ. സിനിമയിലെ കഥകൾക്കും കഥാപാത്രങ്ങൾക്കും സമൂഹത്തിലെ മാറ്റങ്ങൾക്ക് അനുസരിച്ച് കാലോചിതമായ പരിവർത്തനമുണ്ടാകുന്നത് പോലെ തന്നെയാണ് അമ്മ കഥാപാത്രങ്ങളുടെ മാറ്റവും. എന്നാൽ അമ്മ എന്നത് ഒരു ചിത്രത്തിലെ മറ്റേതൊരു കഥാപാത്രത്തെയും പോലെയല്ല മലയാളികൾക്ക്. മലയാളികൾക്ക് അമ്മ ഒരു രീതിയിൽ സ്നേഹസങ്കൽപ്പവും, മറ്റൊരു രീതിയിൽ ഒരു ഗൃഹാതുരത്വവുമാണ്.

മലയാളികളുടെ ജീവിതത്തിലും, കുടുംബ സങ്കല്പങ്ങളിലും, ഓർമകളിലും എല്ലാം അമ്മ എന്ന വ്യക്തിക്ക് വലിയ പങ്കുണ്ട്. മക്കളെ അകമഴിഞ്ഞ് സ്നേഹിക്കുന്ന അമ്മമാർ, മക്കൾക്ക് വേണ്ടി മുടങ്ങാതെ വഴിപാടുകളും പ്രാർത്ഥനകളും നടത്തുന്ന അമ്മമാർ, മക്കളുടെ തെറ്റുകളെ ചൂണ്ടിക്കാണിക്കുകയും എന്നാലവരെ അച്ഛന്റെ ശകാരങ്ങളിൽ നിന്നും രക്ഷിക്കുകയും ചെയ്യുന്ന അമ്മമാർ. അമ്മയുടെ പ്രത്യക്ഷമായ സാന്നിധ്യമില്ലാത്ത ചിത്രങ്ങളിൽ പോലും അമ്മ ഒരോർമ്മ ആയെങ്കിലും സാന്നിധ്യം അറിയിക്കുന്നു.

അമ്മയുടെ സ്നേഹം, അല്ലെങ്കിൽ അമ്മയോടുള്ള നീരസം, അങ്ങനെ എന്തുമാകാം, അമ്മ എന്ന കഥാപാത്രം ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ സിനിമകളിൽ ഉണ്ടാകും. എന്നാൽ നമ്മുടെ പുതിയ കാല സിനിമകളിലെ അമ്മമാർ ഈയൊരു അച്ചിൽ മാത്രം ഒതുങ്ങി നിൽക്കുന്നവരല്ല. സമൂഹത്തിലെ മാറിയ ബന്ധങ്ങളുടെ കൂടെ പ്രതിച്ഛായയാണ് അവർ. ഇന്നത്തെ മലയാള സിനിമകളിലെ അമ്മമാരെ പ്രേക്ഷകർ അവരുടെ വ്യത്യസ്തതയിൽ തന്നെ സ്വീകരിക്കുന്നെങ്കിൽ അതവർ ഇന്നത്തെ മാറിയ സ്ത്രീയുടെ പ്രതിനിധി കൂടെയായതുകൊണ്ടാണ്. പണ്ട് വീടുകളിൽ മാത്രം ഒതുങ്ങിക്കൂടിയ അമ്മമാരിൽ നിന്നും, ഭർത്താവിനൊപ്പം തന്നെ തൊഴിൽ ചെയ്ത് വീട് നോക്കുന്ന അമ്മമാരാണ് ഇന്നുളളത്. കുടുംബവുമായി ബന്ധപ്പെട്ട് എടുക്കുന്ന ഓരോ തീരുമാനങ്ങൾക്കും അവരുടെ അഭിപ്രായങ്ങൾക്കും ഇന്ന് തുല്യപ്രാധാന്യമുണ്ട്.

ഇത്തരം കാലോചിതമായ പരിവർത്തനങ്ങളിലൂടെ കടന്നുവന്ന മലയാള സിനിമയിലെ പുതിയ കാലത്തെ ചില ശ്രദ്ധേയമായ അമ്മ വേഷങ്ങളിലൂടെ നമുക്കൊന്ന് കണ്ണോടിക്കാം.

‘ഗപ്പി’യിലെ രോഹിണിയുടെ കഥാപാത്രം

ജോൺപോൾ ജോർജിന്റെ സംവിധാനത്തിൽ 2016-ൽ ഇറങ്ങിയ ചിത്രമാണ് ‘ഗപ്പി’. ഗപ്പി എന്നറിയപ്പെടുന്ന മിഖായേലിന്റെയും, അമ്മയുടെയും ഒരു നാടിന്റെയും കഥ പറയുന്ന ചിത്രമാണ് ‘ഗപ്പി’. കാലിന് സ്വാധീനമില്ലാത്ത തന്റെ അമ്മയെ നോക്കാനായി ചെറിയ ജോലികളും, ഗപ്പി വളർത്തലുമായി മുന്നോട്ടുപോകുന്ന മിഖായേലിന്റെ നാട്ടിലേക്ക്, റെയിൽവേ പാലം പണിയ്ക്കായി തേജസ്സ് വർക്കി എത്തുന്നതോടെയാണ് കഥയുടെ ഗതി മാറുന്നത്. ഗപ്പിയുടെയും, തേജസിന്റെയും ‘ഈഗോ’ കാരണം ഉയരുന്ന സംഘർഷങ്ങളും അവിചാരിതമായ തിരിച്ചറിവുകളും നിറഞ്ഞതാണ് ചിത്രം.

മകനെ തൻ്റെ ഒപ്പം നിർത്തി അവനു അച്ഛനില്ലാത്ത വിഷമം അറിയിക്കാതെ സ്നേഹിക്കുന്നൊരു അമ്മയാണ് രോഹിണി. അമ്മ- മകൻ ബന്ധത്തിന് തന്നെ വ്യത്യസ്തമായൊരു നിർവചനം ഈ കഥാപാത്രം നൽകുകയാണ്. അമ്മയുടെ ജോലികൾ ചെയ്യുന്ന മകൻ. അമ്മയെ കുളിപ്പിക്കുന്നത് മുതൽ ഭക്ഷണം പാകം ചെയ്യുന്നത് വരെ എല്ലാം ആ മകനാണ് ചെയ്യുന്നത്. എന്നാൽ അവർ തമ്മിലുള്ള വൈകാരിക ബന്ധവും, അമ്മയ്ക്ക് ഇലക്ട്രിക്ക് വീൽചെയർ വാങ്ങാൻ കാശ് സമ്പാദിക്കുന്ന ഗപ്പിയും, അവൻ്റെ ചെറിയ മാറ്റങ്ങൾ വരെ കണ്ടെത്താൻ സാധിക്കുന്ന അമ്മയും നമുക്ക് പ്രിയപ്പെട്ടവരാകുന്നു.

‘ജേക്കബിന്റെ സ്വർഗ്ഗരാജ്യ’ത്തിലെ ഷേർലി ജേക്കബ്

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ 2016-ൽ ഇറങ്ങിയ ചിത്രം. ദുബൈയിൽ സ്വന്തം ബിസിനെസ്സുമായി താമസിക്കുന്ന ധനികനായ ജേക്കബിനെ തൻ്റെ ബിസിനസ് പങ്കാളി എട്ട് കോടി ദിര്ഹമിന് പറ്റിക്കുന്നതും അതുകാരണമുണ്ടാകുന്ന കടക്കെണിയിൽ നിന്നും ജേക്കബും കുടുംബവും എങ്ങനെ രക്ഷപ്പെടുന്നു എന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അറസ്റ് ഒഴിവാക്കാൻ ജേക്കബ് ലൈബീരിയയിലേക്ക് പോകുമ്പോൾ, ഭാര്യ ഷേർലി ജേക്കബ്, അബിൻ, അമ്മു, ക്രിസ് എന്നിവരടങ്ങുന്ന കുടുംബത്തിന്റെ ഭാരം മൂത്തമകനായ ജെറി ഏറ്റെടുക്കുകയാണ്.

അച്ഛന്റെ എട്ട് കോടി ദിർഹമിന്റെ കടം വീട്ടാനായി മകനായ ജെറി തീരുമാനിച്ച് ഇറങ്ങുമ്പോൾ ബിസിനെസ്സിൽ വലിയ പരിചയമില്ലാത്ത മകന് പൂർണ പിന്തുണ നൽകി കൂടെ നിൽക്കുന്നത് ഷേർലി എന്ന കഥാപാത്രമാണ്. ചിത്രത്തിന്റെ അവസാനം അച്ഛന്റെ കടമെല്ലാം തീർക്കുമ്പോഴും നല്ലൊരു ബിസിനസ് ഉണ്ടാക്കിയെടുക്കുമ്പോഴും അത് ജെറിയുടെ മാത്രം വിജയമല്ല, ഒപ്പം നിന്ന് വിവേകപൂർണമായ തീരുമാനങ്ങൾ എടുത്ത അമ്മയുടെ കൂടെ വിജയമാണ്. ഒടുവിൽ അച്ഛനും മകനുമിടയിൽ ഉണ്ടായ ആവശ്യമില്ലാത്ത അകൽച്ചയും അവർ തന്നെയാണ് മാറ്റുന്നത്.

‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’യിലെ ഷീല ചാക്കോ

അൽത്താഫ് സലീമിന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായിയെത്തിയ 2017-ൽ ഇറങ്ങിയ ചിത്രമാണ്. അമ്മയായ ഷീല ചാക്കോയ്ക്ക് കാൻസർ വരുന്നതും അതിൽ നിന്നും അവരുടെ അത്മവിശ്വാസം കൊണ്ടും കുടുംബത്തിന്റെ പിന്തുണ കൊണ്ടും അവർ തിരികെ വരുന്ന കഥയാണ് ചിത്രം പറയുന്നത്.

അമ്മയ്ക്ക് കാൻസർ വന്നാൽ കുടുംബം അപ്പാടെ തകർന്ന്, ഇനി മുന്നോട്ട് ഒന്നുമില്ല എന്ന് പറഞ്ഞു ശീലിച്ച മലയാളികൾക്ക് മുന്നിൽ ‘യുദ്ധം തന്നെ’ എന്നു പറഞ്ഞുകൊണ്ടാണ് ശാന്തി കൃഷ്ണയുടെ ഷീല ചാക്കോ എന്ന കഥാപാത്രം എത്തിയത്. എല്ലാ സന്ദർഭങ്ങളിലും വൈകാരിക പിന്തുണ നൽകുന്ന അമ്മയ്ക്ക് ഒരാവശ്യം വന്നപ്പോൾ ആർക്കും ധൈര്യമില്ല എന്നത് സ്വയം സഹിക്കുകയല്ല, മറിച്ച് ഓരോ കഥാപാത്രത്തെയും വിമർശിക്കേണ്ട സന്ദർഭത്തിൽ വിമർശിച്ച്, അവരെന്തുകൊണ്ട് വിമർശിക്കപ്പെടണമെന്നത് വ്യക്തമാക്കിക്കൊണ്ടാണ് ഈ അമ്മ മുന്നോട്ട് പോകുന്നത്. അവരുടെ ‘നെവർ മൈൻഡ്’ മനോഭാവം സിനിമയിൽ ഒരു പുതുമ തന്നെയാണ്.

‘സുഡാനി ഫ്രം നൈജീരിയ’യിലെ ജമീലയും ബീയുമ്മയും

സക്കറിയ മുഹമ്മദിന്റെ സംവിധാനത്തിൽ 2018-ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘സുഡാനി ഫ്രം നൈജീരിയ’. മലപ്പുറത്തെ സെവൻസ് ഫുട്ബോൾ കളിക്കുന്ന MYC ആക്കോടിന്റെ ഉടമയായ മജീദിന്റെയും അദ്ദേഹം നൈജീരിയയിൽ നിന്നും കൊണ്ടുവന്ന സാമുവേൽ അബിയോള ജാക്‌സൺ എന്ന സുഡുവിന്റെയും കഥയാണ് ചിത്രം. സുഡുവിന് അപകടത്തിൽ കാലിനു ഒടിവ് ഉണ്ടാകുകയും മജീദിന്റെ വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്യുകയാണ്. അതെ തുടർന്നുണ്ടാകുന്ന ബന്ധങ്ങളുടെയും സാമ്പത്തിക സാമൂഹിക പ്രശ്നങ്ങളുടെയും കഥയാണ് ‘സുഡാനി ഫ്രം നൈജീരിയ’ പറയുന്നത്.

ചിത്രത്തിൽ മജീദിന്റെ അമ്മയായ ജമീലയും അവരുടെ അയൽവാസിയായ ബീയുമ്മയും പ്രേക്ഷകർക്ക് വളരെ ഇഷ്ടപ്പെട്ട ‘അമ്മ കഥാപാത്രങ്ങളാണ്. അവർ തമ്മിലുള്ള സൗഹൃദവും, സാമുവലുമായി ഭാഷ അറിയാതെ തന്നെ അവർ നടത്തുന്ന സംഭാഷണങ്ങളും മലയാളികൾ ഏറെ ആസ്വദിച്ചതാണ്. മുണ്ടും നേരിയതും മാത്രമുടുത്ത് അമ്മമാരേ കണ്ട് പരിചയമുള്ള മലയാളി സിനിമ പ്രേക്ഷകർക്ക് ഈ ഉമ്മമാർ വേറിട്ടൊരു കാഴ്ചയാണ് സമ്മാനിച്ചത്.

‘ഈ.മാ.യൗ’വിലെ പെണ്ണമ്മ

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ 2018-ൽ ഇറങ്ങിയ ചിത്രം, ലിജോയ്ക്ക് മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡും ചിത്രത്തിലെ പ്രധാന കഥാപാത്രമായ ചെമ്പൻ വിനോദിന് 49-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ മികച്ച നടനുള്ള അവാർഡും നേടിക്കൊടുത്ത ചിത്രം. വാവച്ചൻ മേസ്തിരി എന്ന വ്യക്തിയുടെ മരണവും അതെ തുടർന്നുണ്ടാകുന്ന ഗാർഹികവും സാമൂഹികവുമായ പ്രശ്നങ്ങളും അതിനോട് ഒരു കുടുംബവും സമൂഹവും എങ്ങനെ പ്രതികരിക്കുന്നു എന്നതുമാണ് ചിത്രം പറഞ്ഞത്.

തീർത്തും വ്യത്യസ്തമായൊരു ‘അമ്മ വേഷമായിരുന്നു വാവച്ചന്റെ ഭാര്യയായ പെണ്ണമ്മയുടേത്. ഭർത്താവിന്റെ(വാവച്ചന്‍) കള്ളുകുടി മാറ്റാനായി ഭക്ഷണത്തിൽ മരുന്ന് കലർത്തുകയാണ് പെണ്ണമ്മ. വാവച്ചന്റെ മരണശേഷമുള്ള പെണ്ണമ്മയുടെ നാടകീയമായ നിലവിളികൾ അമ്മവേഷത്തിന്റെ പുതിയ പരിവേഷമാണ് മലയാളിക്ക് സമ്മാനിച്ചത്. പെണ്ണമ്മയുടെ കരച്ചിൽ കണ്ടു ചിരിക്കണോ കരയണോ എന്ന് ചിന്തിച്ചവരായിരിക്കും നമ്മളിൽ പകുതി പ്രേക്ഷകരും.

‘കുമ്പളങ്ങി നൈറ്റ്സി’ലെ അമ്മ

മധു സി നാരായണന്റെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രമാണ് ‘കുമ്പളങ്ങി നൈറ്റ്സ്’. കുമ്പളങ്ങിയിൽ താമസിക്കുന്ന നെപ്പോളിയന്റെ നാല് മക്കളായ സജി, ബോണി, ബോബി, ഫ്രാങ്കി എന്നിവരും അവരുടെ ജീവിതത്തിലേക്ക് പല സന്ദർഭങ്ങളിലായി കടന്നു വരുന്നവരുടെയും കഥയാണ് ചിത്രം പറഞ്ഞത്.

ബന്ധങ്ങൾക്ക് നമ്മൾ സ്ഥിരം നൽകുന്ന നിർവ്വചനങ്ങൾ തിരുത്തികൊണ്ട് 2019-ൽ ഇറങ്ങിയ ‘കുമ്പളങ്ങി നൈറ്റ്സ്’, അമ്മയുടെ നിർവചനവും തിരുത്തിയിട്ടുണ്ട്. അമ്മയുടെ അഭാവം കൊണ്ട് അമ്മയ്ക്ക് മറ്റൊരു നിർവചനം രേഖപ്പെടുത്തുന്നൊരു ചിത്രമാണ് കുമ്പളങ്ങി. മക്കൾ, ഭർത്താവ്, കുടുംബം എന്നിങ്ങനെയുള്ള സങ്കല്പങ്ങളിൽ കുരുങ്ങി കിടന്നു പോകുന്ന അമ്മ, ഭാര്യ എന്നീ പരിവേഷങ്ങൾക്ക് അപ്പുറം അമ്മ എന്നത് ഒരു വ്യക്തി കൂടെയാണ്, അതിനു പ്രാധാന്യം കൊടുക്കാനും അവർക്ക് അവകാശമുണ്ടെന്നുമാണ് ‘കുമ്പളങ്ങി നൈറ്റ്സ്’ കാണിച്ചു തന്നത്.

ഇവരെല്ലാം തന്നെ മലയാളി പ്രേക്ഷകരെ ഒരുപാട് ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത അമ്മമാരാണ്. വൈകാരിക പിന്തുണ, സ്നേഹം എന്നീ ചട്ടക്കൂടുകൾക്ക് പുറത്ത് തങ്ങളുടെ സാന്നിധ്യത്തിലോ അസാന്നിധ്യത്തിലോ കൂടെ പ്രേക്ഷകർക്ക് മലയാളസിനിമയിലെ മാറുന്ന അമ്മമാരേ കാണിച്ചുതന്ന ചിത്രങ്ങളാണ് ഇവയെല്ലാം. ഗൾഫ് യുദ്ധത്തിന്റെ സമയത്ത് തന്റെ മൂന്നു മക്കളെയും കൊണ്ട് ജോർദാൻ വഴി കേരളത്തിലേക്ക് വന്ന ‘ജെക്കോബിലെ സ്വർഗ്ഗരാജ്യ’ത്തിലെ ഷേർലിയോ, കാൻസറിനെ അതിജീവിച്ച ഷീല ചാക്കോയോ, ‘കുമ്പളങ്ങി’യിലെ അസാന്നിധ്യമായ അമ്മയോ ഒന്നും സംവിധായകന്റെയോ, തിരക്കഥാകൃത്തിന്റെയോ സങ്കൽപ്പങ്ങൾ അല്ല, അവരെല്ലാം നമ്മുടെ ഇടയിൽ, നമുക്കു ചുറ്റും അനുദിനം ജീവിതത്തോട് പോരാടി അതിജീവിക്കുന്ന അമ്മമാർ തന്നെയാണ്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mothers day 2019 contemporary malayalam film mother characters