മലയാള സിനിമയിലെ പുതിയ കാലത്തിന്റെ പ്രിയപ്പെട്ട തിരക്കഥാകൃത്തുക്കളിൽ ഒരാളാണ് ശ്യാം പുഷ്കരൻ. പത്മരാജന് ശേഷം മലയാളം കണ്ട ഏറ്റവും നല്ല തിരക്കഥാകൃത്ത് എന്നാണ് സംവിധായകൻ ഭരതൻ ശ്യാമിനെ വിശേഷിപ്പിച്ചത്. ശ്യാമിന്റെ അമ്മ ഗീത പുഷ്കരൻ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. ഉത്രാടദിനത്തിൽ ജനിച്ച തന്റെ മകൻ ഇത്തവണ പിറന്നാൾ ഉണ്ണാൻ വരാത്തതിന്റെ വേദന പങ്കുവയ്ക്കുകയാണ് ആ അമ്മ.

Read More: അതുകൊണ്ടാണ് എനിക്കെന്റെ മരുമോളെ പെരുത്തിഷ്ടം; ഉണ്ണിമായയെ കുറിച്ച് ശ്യാം പുഷ്കരന്റെ അമ്മ

ഗീത പുഷ്കരന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

1984 ലെ ഉത്രാടപ്പകൽ.. എനിക്കും ഉത്രാടപ്പാച്ചിലിന്റെ എത്രയോ ഇരട്ടി എരിപൊരി നോവായിരുന്നു.. തലേ രാത്രി തുടങ്ങിയ നോവ്… പതിനേഴു മണിക്കൂർ.. ആകെത്തളർന്ന്, ഇടക്ക് ബോധം പോയി.. നൊന്ത് പിടഞ്ഞ് ഞാൻ.

അവസാനം എന്റെ മകൻ വളരെ മെല്ലെ, സമയമെടുത്ത്.. ഈ ലോകത്തേക്ക് വരണമോ വേണ്ടയോ എന്ന് സാവധാനം സൂക്ഷ്മമായി ചിന്തിച്ചു ചിന്തിച്ചു വിശകലനം ചെയ്ത്, മടിച്ചു മടിച്ചു പുറത്തെത്തി.

ആ ഉത്രാടദിനത്തിനു ശേഷം ഇതാദ്യമായാണ് അവൻ പിറന്നാൾ ഉണ്ണാൻ വരാത്ത ഒരു ഉത്രാടം.. കോവിഡ് വഴിതടഞ്ഞു നിൽക്കുന്നു. തങ്കമ്മയും അച്ഛമ്മയെ കാണാൻ പോയി. ഏറ്റവും പ്രിയപ്പെട്ടവർ രണ്ടുപേരും എത്തുന്ന ദിവസത്തിലേക്ക് ഞങ്ങൾ ഓണം മാറ്റിവയ്ക്കുന്നു.

എങ്കിലും ഉണ്ണിമായയും അവനും മാത്രമായി ഒരുക്കുന്ന ഒരു കുഞ്ഞു പിറന്നാൾ സദ്യയും ആഘോഷവും… അതങ്ങു നടക്കട്ടേ. ഞങ്ങൾ വീഡിയോ കോൾ വിളിച്ച് ആഘോഷത്തിൽ പങ്കുകൊള്ളും. ചില കാര്യങ്ങൾ ഇങ്ങനെയും മധുരതരമാക്കാം.. അവർ രണ്ടുപേരും കൂടി ഒരുക്കുന്ന പിറന്നാൾ ആഘോഷവും ഇതാദ്യം,

മധുര മധുരവും സ്നേഹനിർഭരവുമാവട്ടേ ഈ പിറന്നാൾ, ഇങ്ങനെ ഒരുപാട് ഒരുപാട് പിറന്നാൾ ആഘോഷിക്കാൻ ഈശ്വരാനുഗ്രഹം ഉണ്ടാവട്ടേ എന്ന പ്രാർത്ഥനയും ആശംസകളും, മക്കളേ.. പിറന്നാൾ ആശംസകൾ മകനേ..

Read More: ഈ കൂടിയാട്ടം കലാകാരി മലയാളത്തിലെ പ്രിയ നടിയാണ്

മുൻപൊരിക്കൾ മരുമകളും നടിയും അസിസ്റ്റന്റ് ഡയറക്ടറുമായ ഉണ്ണിമായ പ്രസാദിനെ കുറിച്ചും ഏറെ ഹൃദയസ്പർശിയായ ഒരു കുറിപ്പ് ഗീത പുഷ്കരൻ പങ്കുവച്ചിരുന്നു. വീടും കുടുംബവും എന്നു പറഞ്ഞ് സ്വന്തം കാര്യങ്ങൾക്കു പ്രാധാന്യം നൽകാതെ ജീവിതം കടന്നുപോവുന്ന സ്ത്രീകളുടെ ജീവിതത്തിന്റെ നിർത്ഥതയെ കുറിച്ചുള്ള കുറിപ്പാലാണ് മരുമകളോടുള്ള സ്നേഹവും ആദരവും ഗീതാ പുഷ്കരൻ പ്രകടിപ്പിച്ചത്.

‘അഞ്ചു സുന്ദരികൾ’​എന്ന ആന്തോളജി ചിത്രത്തിലെ ‘സേതുലക്ഷ്മി’ എന്ന സിനിമയിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച ഉണ്ണിമായ പിന്നീട് ‘മഹേഷിന്റെ പ്രതികാരം,’ ‘പറവ,’ ‘മായാനദി,’ ‘വരത്തൻ,’ ‘ഒരു കുപ്രസിദ്ധ പയ്യൻ,’ ‘ഫ്രഞ്ച് വിപ്ലവം,’ ‘വൈറസ്’ തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ‘മഹേഷിന്റെ പ്രതികാരം,’ ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും,’ ‘മായാനദി’ തുടങ്ങിയ ചിത്രങ്ങളുടെ സഹസംവിധായികയായും ഉണ്ണിമായ പ്രവർത്തിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook