അന്യ ഭാഷാ ചിത്രങ്ങളെയാണ് നാം ഇത് വരെ ‘ബ്രഹ്മാണ്ഡ’ ചിത്രങ്ങള്‍ എന്ന് വിളിച്ചു പോന്നത്. ഇനിയത് മാറ്റേണ്ടി വരും. വരുന്നു, മലയാളത്തിന്‍റെ സ്വന്തം ബ്രഹ്മാണ്ഡ സിനിമകള്‍. സൂപ്പര്‍ താരങ്ങളും യുവ താരങ്ങളും അണിനിരക്കുന്ന വന്‍ ബജറ്റ് ചിത്രങ്ങള്‍. തെലുങ്കിലെയും തമിഴിലെയും ഹിന്ദിയിലെയും ഇംഗ്ലീഷിലെയും ദൃശ്യ വിസ്മയങ്ങള്‍ക്ക് കൈയ്യടിച്ച മലയാളിക്ക് സ്വന്തം തട്ടകത്തില്‍ നിന്ന് വരുന്ന ഗ്രാഫിക്, കഥാ വിസ്മയങ്ങള്‍ക്ക് കൈയ്യടിക്കാനുള്ള അവസരങ്ങള്‍ വരുന്നു.
മലയാളം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രങ്ങള്‍, അവയുടെ പ്രൊഡക്ഷന്‍ വിശേഷങ്ങള്‍ വായിക്കാം.
മോഹന്‍ലാലിന്‍റെ ‘ഒടിയന്‍’, ‘രണ്ടാമൂഴം’
75 കോടി രൂപ ബജറ്റില്‍ മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒടിയന്‍. ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ‘ഒടിയ’ന്‍റെ തിരക്കഥ ഹരികൃഷ്ണന്‍ എഴുതുന്നു. ‘ഒടിയന്‍’ മാണിക്യന്‍ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തുമ്പോള്‍ പ്രകാശ് രാജ്, മഞ്ജു വാര്യര്‍ എന്നിവര്‍ മറ്റു മുഖ്യ വേഷങ്ങളില്‍ എത്തുന്നു.
കൂടുതല്‍ വായിക്കാം: ‘ഒടിയനെ’ ഒരുക്കാന്‍ ഫ്രഞ്ച് വിദഗ്ദരും
ചിത്രത്തിന്‍റെ രണ്ടാം ഷെഡ്യൂള്‍ ചിത്രീകരണം വിജയകരമായി പൂര്‍ത്തിയാക്കിയതായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറിയിച്ചിരുന്നു. പാലക്കാട്ടും പരിസര പ്രദേശങ്ങളിലുമായാണ് ‘ഒടിയ’ ന്‍റെ ക്ലൈമാക്‌സ് രംഗങ്ങളുടെ ചിത്രീകരണം നടന്നത്. പീറ്റര്‍ ഹെയ്ന്‍ ഒരുക്കിയ ആക്ഷന്‍ രംഗങ്ങളാണ് ക്ലൈമാക്‌സിന്‍റെ പ്രധാന ആകര്‍ഷണം. പാലക്കാട്, വാരണാസി എന്നിവിടങ്ങളിലായിരുന്നു ഒടിയന്‍റെ ചിത്രീകരണം.
പല കാലങ്ങളിലായി മാണിക്യന്‍റെ കഥ പറയുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ പല പ്രായകാരനായും എത്തുന്നു എന്നതാണ് ഒടിയന്‍റെ പ്രത്യേകത. ‘ഇരുവര്‍’ എന്ന തമിഴ് ചിത്രത്തിന് ശേഷം പ്രകാശ് രാജും മോഹന്‍ലാലും ഒന്നിക്കുന്നു എന്നത് പ്രേക്ഷകരെ ത്രസിപ്പിക്കുന്ന മറ്റൊരു കാര്യം.
കൂടുതല്‍ വായിക്കാം: മോഹന്‍ലാലിന്‍റെ ‘ഒടിയന്‍’ ക്ലൈമാക്സിലേക്ക്
ഇന്ത്യന്‍ സിനിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ‘രണ്ടാമൂഴം’. എം ടി വാസുദേവന്‍ നായരുടെ എക്കാലത്തെയും മികച്ച നോവലായ ‘ രണ്ടാമൂഴം’ അതേ പേരില്‍ തന്നെ സിനിമയാക്കുന്നതും വി.എ.ശ്രീകുമാര്‍ മേനോനാണ്. ‘ഒടിയന്‍’ നു ശേഷം മോഹന്‍ലാലും ശ്രീകുമാര്‍ മേനോനും ഒരുമിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ തിരക്കഥ എം.ടി വാസുദേവന്‍നായര്‍ തന്നെയാണ്.
ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുകയാണെന്നും 2018 ജനുവരി 19 മുതല്‍ താന്‍ സിനിമയുടെ പ്രവര്‍ത്തനങ്ങളില്‍ മുഴുകുമെന്നും ശ്രീകുമാര്‍ മേനോന്‍ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.
ആയിരം കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന സിനിമയുടെ പേരിനെ ചൊല്ലി നിരവധി വിവാദങ്ങള്‍ ഇടം പിടിച്ചിരുന്നു. ആയിരം കോടി ബജറ്റ്, ഇന്ത്യന്‍ സിനിമയിലെ എണ്ണം പറഞ്ഞ അഭിനേതാക്കള്‍, ലോക സിനിമയിലെ പ്രശസ്തരായ സാങ്കേതിക വിദഗ്ധര്‍, എല്ലാറ്റിനുമുപരി മോഹന്‍ലാലിന്‍റെ ഭീമ വേഷം എന്നിങ്ങനെ സിനിമയുടെ പ്രത്യേകതകള്‍ പലതാണ്.

കൂടുതല്‍ വായിക്കാം: മോഹന്‍ലാലിന്‍റെ ഭീമസേനനെ ഇന്ത്യ എങ്ങനെ സ്വീകരിക്കും?
മലയാളവും ഹിന്ദിയും ഇംഗ്ലീഷുമുള്‍പ്പെടെ അഞ്ച് ഭാഷകളിലായിട്ടാണ് സിനിമ എത്തുക. ഇംഗ്ലീഷ് പതിപ്പിനുവേണ്ടി പ്രാഥമികമായ പരിഭാഷയും എംടിയാണ് ചെയ്തതെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞിരുന്നു. അഞ്ച് പതിപ്പുകളില്‍ മൂന്നെണ്ണമെങ്കിലും പരിഭാഷകളല്ലാത്ത ഒറിജിനല്‍ മാസ്റ്റര്‍ വെര്‍ഷനുകളാണെന്നും സംവിധായകന്‍ വ്യക്തമാക്കി. ആദ്യഭാഗം പുറത്തെത്തി 100 ദിവസത്തിനുള്ളില്‍ രണ്ടാം ഭാഗം റിലീസ് ചെയ്യാനാണ് പദ്ധതി.
മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാര്‍
കേരളപ്പിറവി ദിനത്തിലാണ് കുഞ്ഞാലി മരക്കാര്‍ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്‍റെ പ്രഖ്യാപനം നടന്നത്. മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഷാജി നടേശന്‍റെ ഉടമസ്ഥതയിലുള്ള ഓഗസ്റ്റ് സിനിമാസ് ആണ്. ടി.പി.രാജീവനും ശങ്കര്‍ രാമകൃഷ്ണനും ചേര്‍ന്നാണ് തിരക്കഥ എഴുതുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി റിലീസ് ചെയ്യുമെന്നാണ് അറിയിപ്പ്. മലയാളത്തിലും തമിഴിലും നിന്നും പ്രമുഖതാരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നതായും അറിയുന്നു.
കൂടുതല്‍ വായിക്കാം: കുഞ്ഞാലി മരക്കാരാകാന്‍ മമ്മൂട്ടിയും മോഹന്‍ലാലും
പോര്‍ച്ചുഗീസുകാര്‍ക്കെതിരെ കടല്‍യുദ്ധം നയിച്ച നാലു കുഞ്ഞാലി മരക്കാര്‍മാരുടെ പോരാട്ടത്തിന്റെ കഥയാണ് സിനിമ പറയുന്നത്. 1498 ല്‍ ഇന്ത്യയിലെത്തിയ പറങ്കികളുമായി നടന്ന ഐതിഹാസികമായ കപ്പല്‍ യുദ്ധങ്ങളില്‍ അസാമാന്യ പാടവം തെളിയിച്ചയാളായിരുന്നു കുഞ്ഞാലി മരക്കാരും പിന്‍ഗാമികളും. ഇന്ത്യന്‍ തീരത്ത് ആദ്യമായി നാവിക പ്രതിരോധം തീര്‍ത്തത് മരക്കാന്മാരായിരുന്നു. ഇതില്‍ കുഞ്ഞാലി നാലാമന്‍റെ അവസാനത്തെ യുദ്ധമാണ് മമ്മൂട്ടി ചിത്രം പറയുക.
മോഹന്‍ലാല്‍ – പ്രിയദര്‍ശന്‍ കൂട്ട്കെട്ടിലെ കുഞ്ഞാലി മരക്കാര്‍
കേരളപ്പിറവി ദിനത്തില്‍ തന്നെ മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരക്കാര്‍ എന്ന ചിത്രത്തിന്‍റെ അറിയിപ്പും വന്നു. മമ്മൂട്ടി ചിത്രം കണക്കിലെടുത്ത് താന്‍ തന്‍റെ ചിത്രം പിന്‍വലിക്കുന്നു എന്ന് പ്രിയദര്‍ശന്‍ അറിയിച്ചെങ്കിലും ആ തീരുമാനം വീണ്ടും മാറി. എട്ടു മാസങ്ങള്‍ക്കുള്ളില്‍ മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാര്‍ നടന്നില്ലെങ്കില്‍ താന്‍ തന്‍റെ ചിത്രവുമായി മുന്നോട്ടു പോകും എന്ന് പ്രിയദര്‍ശന്‍ പറയുന്നു.
കൂടുതല്‍ വായിക്കാം: മത്സരത്തിനില്ല, വൈകിയാല്‍ പ്രൊജക്റ്റുമായി മുന്നോട്ടു പോകുമെന്നു പ്രിയദര്‍ശന്‍
നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണി
നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ഇരട്ട തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് ടീമാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ശ്രീ ഗോകുലം മൂവീസ് നിര്‍മ്മിക്കുന്ന ചിത്രത്തിന് 12 കോടിക്കു മുകളിലാണ് ബജറ്റ് പ്രതീക്ഷിക്കുന്നത്. ശ്രീലങ്കയും കായംകുളവുമാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകള്‍.
ചിത്രം പൂര്‍ണമായും പഴയകാലഘട്ടത്തിലാണ് ചിത്രീകരിക്കുന്നതെങ്കിലും ആനുകാലിക സംഭവങ്ങളുമായി സാദൃശ്യമുണ്ടാകുമെന്നാണ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് പറയുന്നത്. കൊച്ചുണ്ണിയുടെ ജീവിതത്തിന്‍റെ പല ഘട്ടങ്ങളും അദ്ദേഹത്തിന്‍റെ പ്രണയവുമെല്ലാം ചിത്രത്തില്‍ വിഷയമാകുമെങ്കിലും ഇതൊരു ചരിത്ര സിനിമയാകില്ലെന്നും സംവിധായകന്‍ പറയുന്നു.

തന്‍റെ കരിയറിലെ തന്നെ മികച്ച സിനിമകളുടെ പട്ടികയിലേക്ക് ഉയരുന്ന സിനിമയായിരിക്കും കായംകുളം കൊച്ചുണ്ണി എന്നാണ് നിവിന്‍ ചിത്രത്തെക്കുറിച്ചു പറഞ്ഞത്. ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അമല പോളാണ്.
ചിത്രത്തില്‍ വിഷ്വല്‍ ഇഫെക്റ്റ്സിന് വലിയ പ്രാധാന്യമുണ്ടാകും എന്നാണു അറിയുന്നത്. ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിന് ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള കൊറിയോഗ്രാഫേഴ്‌സാണ് എത്തുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രം അടുത്ത വര്‍ഷം തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രിഥ്വിരാജിന്‍റെ ആടു ജീവിതം
മലയാള സാഹിത്യത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നോവലാണ് ബെന്യാമിന്‍റെ ആടു ജീവിതം. ഗള്‍ഫിലെ മരുഭൂമിയില്‍ നടന്ന സംഭവത്തിനെ ആസ്പദമാക്കിയ നോവല്‍ മലയാളത്തിലെ ഏറെ വായിക്കപ്പെട്ട പുസ്തകങ്ങളില്‍ ഒന്നാണ്. ആ നോവലിനെ സിനിമയാക്കുന്നത് സംവിധായകന്‍ ബ്ലെസിയാണ്. പൃഥ്വിരാജാണ് ചിത്രത്തിലെ നായകന്‍.
പ്രതികൂല സാഹചര്യങ്ങളില്‍ മരുഭൂമിയിലെ ഏകാന്തവാസവും, നരകയാതനയും നേരിട്ട നജീബിന്റെ കഥയാണ് ആട് ജീവിതം. നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ് എന്ന മുഖവുരയിലാണ് ബെന്യാമിന്‍റെ ഈ നോവല്‍ ആസ്വാദകരിലെത്തിയത്. അടുത്തറിഞ്ഞ ആ ജീവിതത്തെ ആധാരമാക്കി ബെന്യാമിന്‍ ഒരുക്കിയ നോവലായിരുന്നു ആടു ജീവിതം.
പൃഥ്വിരാജിനെയും പിന്നീട് വിക്രമിനെയും നായകസ്ഥാനത്ത് പരിഗണിച്ച സിനിമ ഒടുവില്‍ പൃഥ്വിരാജിനെ നായകനാക്കി പ്രഖ്യാപിക്കുകയായിരുന്നു. പ്രവാസി വ്യവസായി കെ ജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള കെജിഎ ഫിലിംസാണ് ആടു ജീവിതം നിര്‍മ്മിക്കുന്നത്. ചിത്രം 2019 മാര്‍ച്ചില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബോളിവുഡിലെ മുന്‍നിര ഛായാഗ്രാഹകനായ കെ യു മോഹനനാണ് ആടു ജീവിതം ക്യാമറയില്‍ പകര്‍ത്തുന്നത്. കുവൈറ്റ്, ദുബായ്, ഒമാന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലാവും ചിത്രീകരണം.
ചിത്രങ്ങള്‍ക്ക് കടപ്പാട്: ഫേസ് ബുക്ക്, ഇന്‍സ്റ്റാഗ്രാം