Moothon, Nalpathiyonnu, Android Kunjappan Movie Review: ഒന്നിനൊന്നു വ്യത്യസ്തമായ മൂന്നു ചിത്രങ്ങൾ- മൂത്തോൻ, നാൽപ്പത്തിയൊന്ന്, ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ. വളരെ സങ്കീർണ്ണമായ ഒരു വിഷയമാണ് ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ‘മൂത്തോൻ’ പറയുന്നത്. അന്താരാഷ്ട്ര തലത്തിലുള്ള ചലച്ചിത്രമേളകളിൽ മികച്ച പ്രതികരണങ്ങൾ നേടിയെടുത്തതിനു ശേഷമാണ് ‘മൂത്തോൻ’ തിയേറ്ററുകളിലെത്തിയിരിക്കുന്നത്.

ലാൽജോസ്- ബിജു മേനോൻ ടീമിന്റെ ‘നാൽപ്പത്തിയൊന്ന്’ അൽപ്പം സർകാസവും സാമൂഹിക വിമർശനവുമൊക്കെയുള്ള ഒരു പൊളിറ്റിക്കൽ സറ്റയറാണ്. പുത്തൻ സാങ്കേതികവിദ്യകൾ മനുഷ്യന്റെ നിത്യജീവിതത്തിന്റെ ഭാഗമായിരിക്കുന്ന ഒരു കാലഘട്ടത്തിലിരുന്ന്, ഒരു ഹ്യൂമനോയിഡും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുകയാണ് സയൻസ്- ഫിക്ഷൻ ചിത്രമായ ‘ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ വേർഷൻ 5.25’. വ്യത്യസ്തമായ ഴോണറുകളിൽപ്പെട്ട സിനിമകളാണ് ഇവ മൂന്നും.

Moothon’ Movie Review: നിവിന്റെ അത്ഭുതപ്രകടനവുമായി ‘മൂത്തോൻ’

മുല്ലയെന്ന കുട്ടി തന്റെ മൂത്ത സഹോദരനെ തേടി ലക്ഷദ്വീപിൽ നിന്നും മുംബൈയിലെ കാമാത്തിപുരയിൽ എത്തുന്നതും തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് ‘മൂത്തോൻ’ പറയുന്നത്. ബന്ധങ്ങളുടെയും, ലൈംഗികതയുടെയും, പ്രേമത്തിന്റെയും, മനുഷ്യന്റെ ക്രൗര്യതയുടെയും പല അടരുകളിലൂടെ കടന്നു പോകുന്ന സിനിമ. അറിയാത്ത ഏതോ കാരണത്താൽ തന്റെ ദ്വീപിൽ നിന്നും നാടുവിട്ടു പോകേണ്ടി വരുന്ന മുല്ലയുടെ ചേട്ടൻ അക്ബർ പിന്നെ കാമാത്തിപുരയുടെ രക്തം ഊറ്റി കുടിച്ചു വളർന്ന അക്ബർ ഭായ് ആവുന്നതിന്റെ കാരണങ്ങളാണ് ‘മൂത്തോന്‍’ അന്വേഷിക്കുന്നത്.

 

ശരീരത്തിന്റെ അതിര്‍ വരമ്പുകൾ ഭേദിച്ചു കൊണ്ട് യാഥാസ്ഥികതയെ ചോദ്യം ചെയ്യുന്ന ബന്ധങ്ങളെ സമൂഹം ഇരുട്ടിലേക്ക് തള്ളി വിടുന്നത് എങ്ങനെ എന്നതിന്റെ ഭയപ്പെടുത്തുന്ന ആവിഷ്കാരമാണ് ‘മൂത്തോന്‍’. അക്ബർ എന്ന കഥാപാത്രത്തിനു അമീർ എന്ന സംസാരശേഷിയില്ലാത്ത ചെറുപ്പക്കാരനോട് തോന്നുന്ന സ്നേഹം, പ്രണയമാകുന്ന കാഴ്ചകളെല്ലാം ചിത്രം അതിമനോഹരമായി കൈകാര്യം ചെയ്യുന്നുണ്ട്. മുല്ല എന്ന കുട്ടിക്കുണ്ടാകുന്ന ജെന്‍ഡര്‍ ക്രൈസിസിനെ സമൂഹം പ്രശ്നവൽക്കരിക്കുന്നതും സിനിമ ചോദ്യം ചെയ്യുന്നു.

അത്ഭുതാവഹമായ പ്രകടനമാണ് നിവിൻ പോളി ചിത്രത്തിൽ കാഴ്ച വയ്ക്കുന്നത്. അക്ബർ എന്ന കഥാപാത്രത്തിന്റെ വികാര വിസ്ഫോടനങ്ങളും നിസ്സഹായതകളും അതിഭാവുകത്വങ്ങളില്ലാതെയാണ് നിവിൻ അവതരിപ്പിക്കുന്നത്. ദിലീഷ് പോത്തൻ , റോഷൻ മാത്യൂസ്, ശോഭിത ധുലിപാല, ശശാങ്ക് അറോറ തുടങ്ങിയവരും തങ്ങളുടെ കഥാപാത്രത്തോട് നീതി പുലര്‍ത്തുന്നുണ്ട്. മുല്ല എന്ന കഥാപാത്രം ചെയ്ത സഞ്ജന ദിപു എന്ന ബാല താരം പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.

രാജീവ് രവിയുടെ ഛായാഗ്രഹണം ചിത്രത്തിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നു. ബി.അജിത്കുമാറിന്റെ എഡിറ്റിങ്ങും ചിത്രത്തിന്റെ ആസ്വാദന മികവിന് മുതൽ കൂട്ടാവുന്നുണ്ട്. ബോളിവുഡിലെ Alternate സിനിമയുടെ വക്താവായ സംവിധായകൻ അനുരാഗ് കശ്യപാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഡിനോ ശങ്കറാണ് ചിത്രത്തിന്റെ കലാ സംവിധാനം നിർവഹിച്ചിരിക്കുന്നത്. സ്നേഹ ഖാൻവാൽക്കറും ഗോവിന്ദ് വസന്തയും ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നു.

Read more: ‘Moothon’ Review: ഇരുട്ടിന്റെ അലർച്ചയാകുന്ന ‘മൂത്തോന്‍’

Nalpathiyonnu Movie Review: യുക്തിവാദവും ഭക്തിയും ഏറ്റുമുട്ടുന്ന ‘നാൽപ്പത്തിയൊന്ന്’

ശബരിമലയും യുക്തിവാദവും കേന്ദ്രവിഷയമാവുന്ന ചിത്രമാണ് ലാൽജോസിന്റെ ‘നാൽപ്പത്തിയൊന്ന്’. യുക്തിവാദിയും കമ്യൂണിസ്റ്റുകാരനുമായ ഉല്ലാസ് മാഷ് എന്ന വിശ്വാസിയും പാര്‍ട്ടി പ്രവര്‍ത്തകനുമായ വാവാച്ചി കണ്ണനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. വടക്കന്‍ കേരളത്തിലെ ഗ്രാമത്തില്‍നിന്ന് ആരംഭിച്ച് ശബരിമലയില്‍ അവസാനിക്കുന്ന കഥയാണ് ‘നാല്‍പ്പത്തിയൊന്ന്’.

പരസ്പരവിരുദ്ധമായ രണ്ട് ആശയങ്ങള്‍ തമ്മിലുള്ള മത്സരമാകുമ്പോള്‍ ഏത് ഭാഗത്തായിരിക്കും ചിത്രം നില്‍ക്കുക, അല്ലെങ്കില്‍ അന്തിമ വിജയം ആരുടേതായിരിക്കുമെന്ന ചോദ്യം കാഴ്ചക്കാരിലുമുണ്ടാകാം. ആ ചോദ്യത്തിന് ഉത്തരം എന്താകുമെന്ന ആകാംക്ഷ ചിത്രത്തെ മുന്നോട്ടു നയിക്കും.

ബിജുമേനോന്‍ പതിവുപോലെ തന്റെ അനായാസമായ അഭിനയ ശൈലി നാല്‍പ്പത്തിയൊന്നിലും ആവര്‍ത്തിക്കുന്നുണ്ട്. തന്റെ വിവാഹം മുടന്നതിലേക്കടക്കം നീങ്ങിയിട്ടും തന്റെ ബോധ്യത്തിലുറച്ചു നില്‍ക്കുന്ന, മാലയിട്ട് മലയ്ക്ക് പോകുന്ന ഉല്ലാസ് എന്ന യുക്തിവാദിയുടെ ആത്മസംഘര്‍ഷങ്ങളെ ബിജുമേനോന്‍ അനായാസം അവതരിപ്പിക്കുന്നു. കൂടുതല്‍ ചെയ്യാനില്ലെങ്കിലും ഉള്ളത് അത്രയും നിമിഷ സജയന്‍ മനോഹരമാക്കി. ‘നാല്‍പ്പത്തിയൊന്ന്’ കണ്ടിറങ്ങുന്നവരില്‍ വാവാച്ചി കണ്ണന്‍ എന്ന കഥാപാത്രവും അതവതരിപ്പിച്ച ശരണ്‍ജിത്തും മായാതെ നില്‍ക്കും.

Read more: Nalpathiyonnu Review: യുക്തിവാദവും വിശ്വാസവും മത്സരിക്കുമ്പോള്‍ ‘മലകയറി തളരുന്ന’ സിനിമ

Android Kunjappan Version 5.25 Movie Review: ചിരിച്ചും ചിന്തിപ്പിച്ചും മനസ്സു തൊട്ടും ‘ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ’

പയ്യന്നൂരാണ് ‘ആൻഡ്രോയ്‌ഡ് കുഞ്ഞപ്പ’ന്റെ കഥാപരിസരം. അൽപ്പം മുൻശുണ്ഠിയും തന്റേതായ ചില ചിട്ടകളും വാശിയുമെല്ലാമുള്ള ഒരു കടുപ്പക്കാരനാണ് ഭാസ്കരൻ പൊതുവാൾ (സുരാജ് വെഞ്ഞാറമൂട്). മെക്കാനിക്കൽ എഞ്ചിനീയറായ മകൻ സുബ്രഹ്മണ്യൻ എന്ന സുബ്ബു (സൗബിൻ ഷാഹിർ) ദൂരെ എവിടെയും ജോലിയ്ക്ക് പോകുന്നത് ഭാസ്ക്കര പൊതുവാളിന് ഇഷ്ടമില്ല. എന്നും എപ്പോഴും കൺവെട്ടത്ത് മകനുണ്ടാകണമെന്ന അയാളുടെ ആഗ്രഹത്തിനു മുന്നിൽ മികച്ച പല നല്ല ജോലി ഓഫറുകളും സുബ്ബു വേണ്ടെന്ന് വയ്ക്കുകയാണ്. രണ്ടു വയസ്സിൽ അമ്മ നഷ്ടപ്പെട്ട സുബ്ബുവിനെ സംബന്ധിച്ചും അച്ഛനാണ് അവന്റെ ലോകം, എന്നാൽ ഏതൊരു ചെറുപ്പക്കാരനെയും പോലെ കരിയർ സ്വപ്നങ്ങളും അവനുണ്ട്.

ഒടുവിൽ റഷ്യയിൽ നിന്നും ഒരു ജോലി അവസരം തേടിയെത്തുമ്പോൾ അച്ഛനെ ധിക്കരിച്ചുതന്നെ സുബ്ബു ഇറങ്ങിപ്പുറപ്പെടുകയാണ്. തന്നെ നോക്കാൻ മകൻ ഏർപ്പാടാക്കിയ ഹോം നേഴ്സിനെ മനസ്സില്ലാ മനസ്സോടെ അംഗീകരിച്ചുകൊണ്ട് ഭാസ്കരൻ പൊതുവാൾ മകനെ യാത്രയാക്കുന്നു. ആരോടും ഒത്തുപോവാൻ കഴിയാത്ത അച്ഛനെ നോക്കാൻ അടുത്ത വരവിൽ സുബ്ബു കൊണ്ടുവരുന്നത് ഒരു റോബോർട്ടിനെ (ഹ്യൂമനോയിഡിനെ) ആണ്. നാട്ടുകാർ സ്നേഹത്തോടെ കുഞ്ഞപ്പൻ എന്നു വിളിക്കുന്ന ഹ്യൂമനോയിഡും ഭാസ്ക്കര പൊതുവാളും തമ്മിലുള്ള സ്നേഹത്തിന്റെയും ആത്മബന്ധത്തിന്റെയും ആ ഹ്യൂമനോയിഡ് ഭാസ്കര പൊതുവാളിന്റെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളുടെയും നിറവിന്റെയും കഥയാണ് ‘ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ വേർഷൻ 5.25’.

കഥയുടെ ഫ്രെഷ്നെസ്സ് ആണ് ചിത്രത്തെ ഹൃദ്യമാക്കുന്നത്. ഒരു സയൻസ്- ഫിക്ഷൻ ചിത്രമാണെങ്കിലും തമാശകളും വൈകാരിക നിമിഷങ്ങളുമെല്ലാം ചേർന്ന് പ്രേക്ഷകരെ സ്പർശിക്കാൻ ‘ആൻഡ്രോയ്‌ഡ് കുഞ്ഞപ്പന്’ സാധിക്കുന്നുണ്ട്. ഒരു റോബോർട്ടിനെ കേന്ദ്രകഥാപാത്രമായി കൊണ്ടുവന്ന് നവാഗതനായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംസാരിക്കുന്നത് മനുഷ്യർക്കിടയിലെ ബന്ധങ്ങളെ കുറിച്ചു തന്നെയാണ്. വാർധക്യകാലത്തെ ഒറ്റപ്പെടലിനെ കുറിച്ചും മിണ്ടി പറഞ്ഞിരിക്കാൻ ഒരാളെങ്കിലുമുണ്ടെങ്കിൽ അതോരോ ജീവിതത്തിലും ഉണ്ടാക്കുന്ന പോസിറ്റീവായ മാറ്റങ്ങളെ കുറിച്ചുമെല്ലാം സിനിമ സംസാരിക്കുന്നുണ്ട്.

മികച്ച അഭിനയമാണ് സുരാജും സൗബിനും കാഴ്ച വയ്ക്കുന്നത്. ഭാസ്കര പൊതുവാൾ എന്ന കഥാപാത്രത്തിലേക്ക് മറ്റാരെയും സങ്കൽപ്പിക്കാൻ പ്രേക്ഷകനു കഴിയാത്ത രീതിയിൽ തന്മയത്വത്തോടെയാണ് സുരാജ് തന്റെ റോൾ ചെയ്തിരിക്കുന്നത്. സൗബിന്റെ സുബ്ബുവും പ്രേക്ഷകരുടെ ഇഷ്ടം കവരുന്നൊരു കഥാപാത്രമാണ്. അച്ഛനോടുള്ള കരുതലിനിടയിലും സ്വന്തം നിസ്സഹായതയിൽ ശ്വാസം മുട്ടുന്ന സുബ്ബു എന്ന കഥാപാത്രം സൗബിന്റെ കയ്യിൽ ഭദ്രമാണ്. ഒരു മെഷീനാണെങ്കിലും പ്രേക്ഷകർക്ക് ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ’ എന്ന ഇത്തിരികുഞ്ഞൻ യന്ത്രമനുഷ്യനെ സ്നേഹിക്കാതിരിക്കാൻ പറ്റില്ല. ഇമോഷണലി കണക്റ്റഡ് ആയ രീതിയിലാണ് സംവിധായകൻ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. മാലാ പാർവ്വതി, സൈജു കുറുപ്പ്, നായികയായെത്തിയ കെന്റി സിർദോ തുടങ്ങിയവരും ശ്രദ്ധേയമായ അഭിനയമാണ് കാഴ്ച വയ്ക്കുന്നത്.

സാനു ജോൺ വർഗീസിന്റെ ഛായാഗ്രഹണവും ബിജിബാലിന്റെ സംഗീതവുമാണ് എടുത്തുപറയേണ്ട മറ്റു രണ്ടു ഘടകങ്ങൾ. ദൃശ്യഭാഷയും സംഗീതവും ചിത്രത്തിനോട് നൂറുശതമാനവും നീതി പുലർത്തുന്നുണ്ട്. മൂൺഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Read more: Android Kunjappan Version 5.25 Review: ഈ ‘ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ’ ക്യൂട്ടാണ്; റിവ്യൂ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook