/indian-express-malayalam/media/media_files/uploads/2019/11/films-.jpg)
New Malayalam Movie Release: പ്രേക്ഷകർ ഏറെ നാളായി കാത്തിരിക്കുന്ന മൂന്നു ചിത്രങ്ങൾ നാളെ റിലീസിനെത്തുകയാണ്. ഗീതു മോഹൻദാസ്- നിവിൻ പോൾ ടീമിന്റെ 'മൂത്തോൻ', ലാൽജോസ്- ബിജു മേനോൻ ചിത്രം 'നാൽപ്പത്തിയൊന്ന്', സൗബിനും സുരാജ് വെഞ്ഞാറമൂടും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന 'ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25' എന്നിവയാണ് നാളെ റിലീസിനെത്തുന്ന ചിത്രങ്ങൾ.
Moothon release Date: ഗീതുവിന്റെയും നിവിന്റെയും 'മൂത്തോൻ'
ടൊറന്റോ ഫെസ്റ്റിവലിലും മുംബൈ ചലച്ചിത്രമേളയിലുമെല്ലാം മികച്ച പ്രതികരണം നേടിയതിനു ശേഷമാണ് ഗീതു മോഹൻദാസിന്റെ 'മൂത്തോൻ' തിയേറ്ററുകളിലെത്തുന്നത്. നിവിൻ പോളി കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിൽ തന്റെ ജ്യേഷ്ഠ സഹോദരനെ അന്വേഷിച്ച് മുംബൈയിലേക്ക് പോകുന്ന ഒരു ലക്ഷദ്വീപുകാരനായിട്ടാണ് നിവിനെത്തുന്നത്.
ലക്ഷദ്വീപിന്റെ പശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഗീതു മോഹൻദാസ് തന്നെയാണ്. ചിത്രത്തിലെ ഹിന്ദി സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത് ബോളിവുഡ് സംവിധായകനായ അനുരാഗ് കശ്യപാണ്. ജെ എ ആർ പിക്ചേഴ്സ്, മിനി സ്റ്റുഡിയോ തുടങ്ങിയ നിർമ്മാണ കമ്പനികളുടെ ബാനറിൽ അനുരാഗ് കശ്യപ്, വിനോദ് കുമാർ, അലൻ മാക്അലക്സ്, അജയ് ജി.റായ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
കാമാത്തിപുര, ലക്ഷദ്വീപ് തുടങ്ങിയ ഇടങ്ങളിലെ യഥാർത്ഥ ലൊക്കേഷനുകളിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്. സൺഡാൻസ് സ്ക്രീൻറൈറ്റേർസ് ലാബിന്റെ ഭാഗമായ ചിത്രം ഗ്ലോബൽ ഫിലിംമേക്കിങ് അവാർഡ് കരസ്ഥമാക്കിയിരുന്നു. ‘ലയേഴ്‌സ് ഡയസി’നു ശേഷം ഗീതു സംവിധായികയാവുന്ന ചിത്രമെന്ന പ്രത്യേകതയും ‘മൂത്തോനു’ണ്ട്. ഓസ്കാർ അവാർഡുകളിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയും ‘ലയേഴ്സ് ഡയസ്’ സ്വന്തമാക്കിയിരുന്നു.
നിവിൻ പോളിയെ കൂടാതെ സഞ്ജന ദീപു, ശശാങ്ക് അറോറ, ശോഭിത ധുലിപാല, റോഷൻ മാത്യു, ദിലീഷ് പോത്തൻ, ഹരീഷ് ഖന്ന, സുജിത് ശങ്കർ, മെലീസ രാജു തോമസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ‘മൂത്തോന്റെ’ ഛായാഗ്രഹണം രാജീവ് രവിയും സൗണ്ട് ഡിസൈൻ കുനാൽ ശർമ്മയും നിർവ്വഹിച്ചിരിക്കുന്നു. എഡിറ്റിംഗ് ബി അജിത്കുമാറും കിരൺ ദാസും ചേർന്നാണ് എഡിറ്റിംഗ്. സംഗീതം നിർവ്വഹിച്ചത് സാഗർ ദേശായ്. സ്‌നേഹ ഖാന്‍വാല്‍ക്കര്‍, ബാലഗോപാലന്‍, വാസിക്ക് ഖാന്‍, ഗോവിന്ദ് മേനോന്‍, റിയാസ് കോമു,സുനില്‍ റോഡ്രിഗസ് എന്നിവരും ‘മൂത്തോന്റെ’ അണിയറയിൽ പ്രവർത്തിക്കുന്നുണ്ട്.
Read more: ഗീതു കോംപ്രമൈസ് ഇല്ലാത്ത സംവിധായിക, ഓരോ സീനും വെല്ലുവിളി; ‘മൂത്തോൻ’ വിശേഷങ്ങളുമായി നിവിൻ പോളി
Nalpathiyonnu release date: ലാൽജോസ്- ബിജു മേനോൻ ടീമിന്റ നാൽപ്പത്തിയൊന്ന്
തട്ടുംപുറത്ത് അച്ചുതൻ’ എന്ന ചിത്രത്തിനു ശേഷം ലാൽ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘നാൽപ്പത്തിയൊന്ന്’. ലാൽ ജോസിന്റെ 25-ാമത്തെ ചിത്രമാണിത്. ബിജു മേനോൻ, നിമിഷ സജയൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കണ്ണൂരിൽ നിന്നു തുടങ്ങി ഒരു തെക്കൻ ജില്ലയിലേക്കുളള സഞ്ചാരമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. കർണാടകയിലെ മടിക്കേരിയും വാഗമണ്ണും ചിത്രത്തിന്റെ ലൊക്കേഷനുകളാണ്. കേരളം ഞെട്ടലോടെ കേട്ട ഒരു യഥാർത്ഥ സംഭവത്തിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കിയ സിനിമയില്‍ 'നാൽപ്പത്തിയൊന്ന്' കഥാപാത്രങ്ങളാണുളളതെന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. യുക്തിവാദി മലകയറാൻ തീരുമാനിക്കുന്നതും തുടർന്ന് ഉണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
ചിത്രത്തിൽ ഇടതുപക്ഷ അനുഭാവിയായാണ് ബിജു മേനോൻ പ്രത്യക്ഷപ്പെടുന്നതെന്നാണ് ടീസർ നൽകുന്ന സൂചന. സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, ശിവജി ഗുരുവായൂർ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. കണ്ണൂരില്‍ നിന്നുള്ള അമച്വര്‍ നാടക കലാകാരന്‍മാരും മറ്റ് കലാകാരന്‍മാരും ചിത്രത്തിന്റെ ഭാഗമാണ്.
സിഗ്നേച്ചര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ജി.പ്രജിത്ത്, അനുമോദ് ബോസ്, ആദര്‍ശ് നാരായണന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം എല്‍ജെ ഫിലിംസാണ് തിയേറ്ററുകളിലെത്തിക്കുക. പ്രഗീഷ് പിജിയുടേതാണ് തിരക്കഥ. എസ്.കുമാര്‍ ക്യാമറയും രഞ്ജന്‍ കുമാര്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
Android Kunjappan Version 5.25 release date: സൗബിനും സുരാജും വീണ്ടുമൊന്നിക്കുന്ന 'ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25'
മൂൺഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള നിർമിച്ചു നവാഗതനായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25'. സൗബിൻ ഷാഹിറും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ ഹ്യൂമനോയിഡാണ് മറ്റൊരു പ്രധാന കഥാപാത്രമായെത്തുന്നത്.
റഷ്യയിലും പയ്യന്നൂരിലുമായി ഷൂട്ടിംഗ് പൂർത്തീകരിച്ച ആൻഡ്രോയിഡ് കുഞ്ഞപ്പൻ, ഒരു ഹ്യൂമനോയിഡിന്റെ കാഴ്ചപ്പാടിലൂടെ ബന്ധങ്ങളെക്കുറിച്ചുള്ള രസകരമായ കഥയാണ് ചിത്രം പറയുന്നത്.
ബോളിവുഡ് സിനിമയിൽ സജീവമായിരുന്ന രതീഷിന്റെ മലയാളത്തിലെ ആദ്യത്തെ സിനിമയാണ് 'ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25'. പ്രശസ്ത ഛായാഗ്രാഹകൻ സാനു ജോൺ വർഗീസ് കാമറ കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് സൈജു ശ്രീധരനും സംഗീതം ബിജി ബാലും നിർവ്വഹിച്ചിരിക്കുന്നു. ബി കെ ഹരിനാരായണനും എ സി ശ്രീഹരിയും ആണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. കെന്റി സിർദോ, സൈജു കുറുപ്, മാല പാർവതി, മേഘ മാത്യു എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ചിത്രത്തിലുണ്ട്.
Read more: ടോം ആൻഡ് ജെറി പോലെ ഒരു അച്ഛനും മകനും; ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ’ ട്രെയിലർ കാണാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.