സ്വവർഗപ്രണയികളെ അംഗീകരിക്കാൻ ഇപ്പോഴും വിമുഖത കാണിക്കുന്ന ഒരു സമൂഹത്തിലേക്ക് വളരെ ധീരമായൊരു ചുവടുവെപ്പായിരുന്നു ഗീതു മോഹൻദാസിന്റെ ‘മൂത്തോൻ’. 20 വർഷം മുൻപ് ആത്മഹത്യ ചെയ്ത ഉറ്റ സുഹൃത്തും സ്വവർഗ പ്രണയിയുമായ മൈക്കിലിനു വേണ്ടിയാണ് താൻ ‘മൂത്തോൻ’ ചെയ്തതെന്ന് വെളിപ്പെടുത്തുകയാണ് ഗീതു മോഹൻദാസ്. എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച പത്താമത് ക്വീർ പ്രൈഡ് മാർച്ചിന്റെ സാംസ്കാരിക പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഗീതു.

‘‘മൈക്കിൾ ഭയപ്പെടുകയും നിശ്ശബ്​ദനാക്കപ്പെടുകയുമായിരുന്നു. അവനുവേണ്ടി ഒന്നും ചെയ്യാനായില്ലെന്ന കുറ്റബോധം എന്നെ വേട്ടയാടിയിരുന്നു. അവനുവേണ്ടിയുള്ള ശബ്​ദമാണ് ‘മൂത്തോൻ’. നിങ്ങൾക്ക്​ ഓരോരുത്തർക്കും വേണ്ടിയുള്ള ചിത്രം കൂടിയാണിത്,’’ മുന്നിലിരിക്കുന്ന എൽ.ജി.ബി.ടി.ക്യു വിഭാഗത്തോട് സംസാരിക്കവേ ഗീതുവിന്റെ ശബ്ദമിടറിയിരുന്നു. എൽ.ജി.ബി.ടി.ക്യു കമ്യൂണിറ്റിയുടെ പത്താമത് ക്വീർ പ്രൈഡ് മാർച്ചാണ് ഇന്നലെ എറണാകുളത്ത് നടന്നത്.

സ്വവർഗ പ്രണയം വിഷയമാകുന്ന ‘മൂത്താൻ’ മികച്ച പ്രതികരണമാണ് നേടി കൊണ്ടിരിക്കുന്നത്. ചിത്രം മുന്നോട്ട് വെയ്ക്കുന്ന പ്രമേയവും നിവിൻ പോളിയടക്കമുള്ള അഭിനേതാക്കളുടെ മികച്ച പ്രകടനവും നിരൂപക പ്രശംസ നേടുകയാണ്. കടലുപോലെ തിരയടിക്കുന്നതും ചോരപോലെ ചുവക്കുന്നതുമായ യാഥാര്‍ഥ്യങ്ങളെക്കുറിച്ച് സംസാരിക്കുന്ന സിനിമയാണ് ‘മൂത്തോന്‍’ എന്നായിരുന്നു ചിത്രം കണ്ട നടി മഞ്ജു വാരിയര്‍ പറഞ്ഞത്. ”പലരും പറയാൻ മടിക്കുന്ന സത്യങ്ങളാണ് ഗീതു മോഹൻദാസ് മൂത്തോനിൽ പറയുന്നത്. മലയാളസിനിമ ഇന്നേവരെ കടന്നുചെന്നിട്ടില്ലാത്ത ചില ഇടങ്ങളെ ‘മൂത്തോൻ’ കാണിച്ചുതരുന്നു. മനുഷ്യൻ എന്ന പദത്തെ ഏറ്റവും ഭംഗിയോടെ അത് അഭിസംബോധന ചെയ്യുന്നു. ഈ സിനിമ നിങ്ങൾക്ക് ഉള്ളിൽ തട്ടുന്ന അനുഭവം തന്നെയാകും. ഗീതുവിനും നിവിനും രാജീവ് രവിക്കും അനുരാഗ് കശ്യപിനും മൂത്തോന്റെ ഭാഗമായ മറ്റെല്ലാവർക്കും അഭിനന്ദനങ്ങൾ,” മഞ്ജു വാരിയർ പറഞ്ഞു.

ടൊറന്റോ ഫെസ്റ്റിവലിലും മുംബൈ ചലച്ചിത്രമേളയിലുമെല്ലാം മികച്ച പ്രതികരണം നേടിയശേഷമാണ് ഗീതു മോഹൻദാസിന്റെ ‘മൂത്തോൻ’ തിയറ്ററുകളിലെത്തിയത്. ലക്ഷദ്വീപിന്റെ പശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഗീതു മോഹൻദാസ് തന്നെയാണ്. ചിത്രത്തിലെ ഹിന്ദി സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത് ബോളിവുഡ് സംവിധായകനായ അനുരാഗ് കശ്യപാണ്. ജെഎആർ പിക്ചേഴ്സ്, മിനി സ്റ്റുഡിയോ തുടങ്ങിയ നിർമാണ കമ്പനികളുടെ ബാനറിൽ അനുരാഗ് കശ്യപ്, വിനോദ് കുമാർ, അലൻ മാക്അലക്സ്, അജയ് ജി.റായ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Read more: മൂക്കാതെ പൊലിഞ്ഞ മൂത്തോന്റെ പ്രണയം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook