കഴിഞ്ഞവർഷം പുറത്തിറങ്ങിയ രണ്ട് സൂപ്പർഹിറ്റ് ചിത്രങ്ങളുടെ ഒന്നാം വാർഷികമാണ് ഇന്ന്. ഗീതു മോഹൻദാസിന്റെ മൂത്തോനും രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ആൻഡ്രോയ്ഡ് കുഞ്ഞപ്പനും. മൂത്തോനിൽ നിവിൻ പോളിയായിരുന്നു നായകൻ. കുഞ്ഞപ്പനിൽ സുരാജും സൗബിനും. കുഞ്ഞപ്പനിലൂടെ സുരാജിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചപ്പോൾ നിവിന് പ്രത്യേക ജൂറി പരാമർശവും ലഭിച്ചു.
ഇപ്പോൾ നിവിൻ നായകനാകുന്ന കനകം കാമിനി കലഹം എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച് മൂത്തോന്റേയും കുഞ്ഞപ്പന്റേയും വാർഷികം ആഘോഷിക്കുകയാണ്. ഇതിന്റെ ചിത്രങ്ങൾ നിവിൻ പോളി തന്നെയാണ് പങ്കുവച്ചിരിക്കുന്നത്.
വാർധക്യകാലത്ത് അസുഖങ്ങളും ദേഷ്യവും മടുപ്പുമൊക്കെയായി ഏകാന്തജീവിതം നയിക്കുന്ന ഒരാളുടെ ജീവിതത്തിലേക്ക് മിണ്ടി പറയാനും കൂട്ടുകൂടാനും എന്തിനും ഏതിനും സഹായഹസ്തം നീട്ടാനും ഒരു റോബോർട്ട് എത്തിയാൽ എങ്ങനെയിരിക്കും എന്ന വേറിട്ടൊരു ചിന്തയെ മനോഹരമായൊരു സിനിമയാക്കി മാറ്റിയതായിരുന്നു ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25’.
ലക്ഷദ്വീപിന്റെ പശ്ചാത്തലത്തിലൊരുക്കിയ ‘മൂത്തോനി’ൽ, തന്റെ ജ്യേഷ്ഠ സഹോദരനെ അന്വേഷിച്ച് മുംബൈയിലേക്ക് പോകുന്ന ഒരു ലക്ഷദ്വീപുകാരനായിട്ടായിരുന്നു നിവിനെത്തിയത്. നിവിന് പോളിയെക്കൂടാതെ ശോഭിത ധുലിപല, ശശാങ്ക് അറോറ, റോഷന് മാത്യു, ദിലീഷ് പോത്തന് എന്നിവരും പ്രധാന വേഷത്തിലെത്തി.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook