ഗീതു മോഹൻദാസ് സംവിധാനം ചെയ്‌ത ‘മൂത്തോൻ’ തിയറ്ററുകളിൽ ഏറെ പ്രശംസ നേടി മുന്നേറുകയാണ്. കാലിക പ്രസ‌ക്തിയുള്ള കഥയും അതിനെ കയ്യടക്കത്തോടെ അവതരിപ്പിച്ച രീതിയും മൂത്തോനെ മികച്ച സിനിമയാക്കുന്നു. നിവിൻ പോളി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ അത്രത്തോളം അഭിനയ സാധ്യതയുള്ള വേഷം ചെയ്‌തത് യുവതാരം റോഷൻ മാത്യുവാണ്.

സിനിമയിലെത്തി ചുരുങ്ങിയ കാലയളവിൽ തന്നെ ഇങ്ങനെയൊരു കഥാപാത്രം ചെയ്യാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് റോഷൻ. സിനിമാ ജീവിതത്തിൽ ഏറെ ആസ്വദിച്ചു ചെയ്ത കഥാപാത്രമാണ് മൂത്തോനിലെ അമീർ എന്ന് റോഷൻ പറയുന്നു. അതോടൊപ്പം മൂത്തോനുമായി ബന്ധപ്പെട്ടും തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും ‘ഇന്ത്യൻ എക്‌സ്‌പ്രസ് മലയാള’ത്തോട് ഒരുപാട് വിശേഷങ്ങൾ പങ്കുവയ്‌ക്കുകയാണ് റോഷൻ.

‘അമീർ’ ഏറ്റവും ആസ്വദിച്ച് ചെയ്‌ത കഥാപാത്രം

ഇതുവരെയുള്ള തന്റെ സിനിമകളിൽ ഏറെ ആസ്വദിച്ച് ചെയ്‌ത കഥാപാത്രമാണ് മൂത്തോനിലെ ‘അമീർ’. തനിക്ക് ഏറ്റവും സംതൃപ്‌തി നൽകിയ കഥാപാത്രമാണ് അമീർ. മൂത്തോനിലെ എല്ലാ സീനുകളും തനിക്ക് പ്രിയപ്പെട്ടതാണ്.

“മൂത്തോനിലെ എല്ലാ സീനുകളും ബുദ്ധിമുട്ടുള്ളതായിരുന്നു. ഒന്നും ആലോചിക്കാതെ ചെയ്‌തുപോകാമെന്ന തരത്തിലുള്ള ഒരു സീനും മൂത്തോനിൽ ഇല്ല. ഇത്രയും ആഴത്തിലുള്ള പ്രണയത്തെക്കുറിച്ചാണ് പ്രേക്ഷകരോട് സംസാരിക്കേണ്ടത്. 20 മിനിറ്റ് കൊണ്ട് അതു സംവദിക്കുകയും വേണം. അതുകൊണ്ട് തന്നെ ഒരു സീൻ പോലും അത്ര എളുപ്പത്തിൽ എടുക്കാവുന്നവ അല്ലായിരുന്നു. വെള്ളത്തിൽവച്ചുള്ള പ്രണയ സീൻ ഞങ്ങൾക്ക് രണ്ടുതവണ എടുക്കേണ്ടി വന്നു. ആദ്യ തവണ പോയപ്പോൾ വെളിച്ചത്തിന്റെ പ്രശ്‌നം കാരണം മാറ്റിവയ്‌ക്കുകയായിരുന്നു. മിക്ക സീനുകളും രണ്ടും മൂന്നും ടേക്കുകൾ എടുക്കേണ്ടി വന്നിട്ടുണ്ട്. മൂന്ന് വർഷത്തെ സിനിമാ ജീവിതത്തിൽ ഏറ്റവും സംതൃ‌പ്‌തിയോടെയും ആസ്വദിച്ചും ചെയ്‌ത കഥാപാത്രമാണ് അമീർ.”

പ്രണയം മാത്രമാണ് മൂത്തോൻ, ശരിതെറ്റുകളില്ല, പ്രണയത്തിന്റെ തീക്ഷ്ണത മാത്രം…

മൂത്തോൻ ആത്യന്തികമായി പ്രണയത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. സ്വവർഗാനുരാഗത്തെക്കുറിച്ച് പറയുന്നതുകൊണ്ട് അതിലെ പ്രണയത്തെ നെഗറ്റീവായോ പോസറ്റീവായോ വിധിക്കേണ്ട ആവശ്യമില്ല. പ്രണയം പ്രണയമാണ്. അതിൽനിന്ന് ലഭിക്കുന്ന ആനന്ദമുണ്ട്. സത്യസന്ധമായ പ്രണയത്തിൽ ആനന്ദം മാത്രമാണുള്ളത്. അതിനെക്കുറിച്ച് മാത്രമാണ് മൂത്തോൻ സംസാരിക്കുന്നത്. ആ പ്രണയം ശരിയോ തെറ്റോ ആണെന്ന് സിനിമയും നിലപാടെടുക്കുന്നില്ല. പ്രണയത്തെ മാത്രം വരച്ചുകാണിക്കാനാണ് ശ്രമിച്ചത്.

മൂത്തോൻ സിനിമയിലെ നിവിൻ പോളിക്കൊപ്പമുള്ള രംഗം

അക്‌ബറിന്റെയും അമീറിന്റെയും പ്രണയത്തിന് എത്ര ആഴമുണ്ടെന്നാണ് മൂത്തോൻ സംസാരിക്കുന്നത്. സാധാരണ എല്ലാ സിനിമയിലും കാണുന്നതല്ലേ പ്രണയമൊക്കെ? ആ പ്രണയം പോലെ തന്നെയാണ് ഇതും. പ്രണയം നല്ലതാണോ ചീത്തയാണോ എന്നൊന്നും പറയേണ്ട ആവശ്യമില്ലല്ലോ? പ്രണയം എപ്പോഴും പോസിറ്റീവ് ഇമോഷനാണ്. എല്ലാവർക്കും സന്തോഷം തരുന്ന കാര്യമാണ്. ആണും ആണും തമ്മിലാണോ പെണ്ണും പെണ്ണും തമ്മിലാണോ എന്നൊക്കെ നോക്കി നമ്മൾ പ്രണയത്തെ ജഡ്‌ജ് ചെയ്‌ത് നെഗറ്റീവ് ആക്കാതിരുന്നാൽ മതി. സത്യസന്ധമായ പ്രണയത്തിൽനിന്ന് പോസിറ്റീവ് എനർജി മാത്രമാണ് ലഭിക്കുക. നമ്മൾ ആവശ്യമില്ലാത്തത് ചിന്തിച്ച് അതിനെ നെഗറ്റീവ് ആക്കാതിരുന്നാൽ മതി…

സ്വവർഗാനുരാഗം മലയാള സിനിമയിൽ

ഗേ പ്രണയത്തെക്കുറിച്ച് ചർച്ച ചെയ്‌ത സിനിമകൾ മുൻപും മലയാള സിനിമയിൽ വന്നിട്ടുണ്ട്. ആ വിഷയത്തെ കെെകാര്യം ചെയ്യുന്ന രീതിയിൽ ഇപ്പോൾ മാറ്റം വന്നിട്ടുണ്ട്. മുംബെെ പൊലീസിൽനിന്ന് മൂത്തോനിലേക്ക് എത്തുമ്പോൾ അതിനെ പ്രേക്ഷകർ സ്വീകരിക്കുന്ന രീതിയിലും മാറ്റം വന്നിട്ടുണ്ട്. ഇനിയും മാറ്റം വരും.

ഗീതു മോഹൻദാസിനും നിവിൻ പോളിക്കുമൊപ്പം റോഷൻ

മൂത്തോൻ പൊളിറ്റിക്കലി കറക്‌ടാണ്

വളരെ സെൻസിറ്റീവ് ആയിട്ടുള്ള വിഷയമാണ് മൂത്തോൻ കെെകാര്യം ചെയ്‌തിരിക്കുന്നത്. ഇപ്പോഴും സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഒരു വിഷയമാണ് ഇത്. വളരെ സത്യസന്ധമായി പ്രണയത്തെക്കുറിച്ച് പ്രേക്ഷകരോട് സംസാരിക്കുക മാത്രമാണ് സിനിമയുടെ ലക്ഷ്യം. അതിൽ മൂത്തോൻ പൊളിറ്റിക്കലി കറക്‌ടായിരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

നിവിനേട്ടനൊപ്പം വളരെ ഈസിയായി വർക്ക് ചെയ്യാം

പത്ത് വർഷത്തോളം അനുഭവമുള്ള നടനാണ് നിവിൻ പോളി. മുൻപ് ആനന്ദം എന്ന സിനിമയിൽ നിവിനേട്ടനൊപ്പം ചെറിയ സീൻ ചെയ്‌തിട്ടുണ്ട്. കൂടെയുള്ളവരെ നന്നായി സഹായിക്കുന്ന അഭിനേതാവാണ് അദ്ദേഹം. നിവിനേട്ടനൊപ്പം വളരെ ഈസിയായി വർക്ക് ചെയ്യാം. പരസ്‌പരമുള്ള അടുപ്പവും സൗഹൃദവും സ്ക്രീനിൽ വലിയ സഹായം ചെയ്‌തിട്ടുണ്ട്. മറ്റുള്ളവരുമായി പെട്ടന്ന് അടുക്കുന്ന ആളാണ് നിവിനേട്ടൻ. മറ്റുള്ളവരെ കൂടി കംഫർട്ടാക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്.

ഗീതുവിന്റെ ആ മെസേജ് മൂത്തോനിലേക്ക് എത്തിച്ചു

ഗീതു മോഹൻദാസിന്റെ മെസേജിലൂടെയാണ് എനിക്ക് മൂത്തോന്റെ ഭാഗമാകാൻ സാധിക്കുന്നത്. ‘ഫ്രീ ആകുമ്പോൾ ഒന്ന് കാണണം, സംസാരിക്കാനാണ്. എപ്പോഴെങ്കിലും നേരിട്ടു കാണാമോ’ എന്ന് ചോദിച്ച് ഒരു ദിവസം ഗീതു എനിക്ക് മെസേജ് അയച്ചു. സിനിമയുടെ വണലെെൻ പോലും ഞാൻ കേട്ടിട്ടില്ല. പക്ഷേ, ഗീതു ഏത് കഥാപാത്രം തന്നാലും ചെയ്യാൻ അപ്പോഴേ തയാറായിരുന്നു.

രാജീവ് രവിക്കൊപ്പം റോഷൻ

അമീർ എന്ന കഥാപാത്രത്തിലേക്ക് മറ്റു പലരെയും പരിഗണിച്ചിരുന്നു. എന്നാൽ, ആ കഥാപാത്രത്തെക്കുറിച്ച് നേരിട്ട് ചർച്ച നടക്കുന്നത് എനിക്കൊപ്പമാണ്. ഗീതുവിന് എന്നെ അറിയില്ലായിരുന്നു. കൂടെ എന്ന സിനിമയിലെ സൗണ്ട് എൻജിനീയർ അജയനാണ് ഗീതുവിനോട് എന്നെക്കുറിച്ച് പറയുന്നത്. അങ്ങനെ ഗീതു എന്നെ വിളിച്ചു.

കഥാപാത്രത്തിലെ വലിപ്പച്ചെറുപ്പം നോക്കാറില്ല

കേന്ദ്ര കഥാപാത്രമാകണമെന്നോ വലിയ വേഷമായിരിക്കണമെന്നോ എന്നൊന്നും നിർബന്ധങ്ങളില്ല. ഏത് കഥാപാത്രവും ചെയ്യും. നാടകത്തിൽനിന്നും സിനിമയിൽ നിന്നുമായി ഒരുപാട് അനുഭവങ്ങൾ ലഭിച്ചിട്ടുണ്ട്. അനുഭവങ്ങളാണ് മുന്നോട്ടുപോകാനുള്ള കരുത്ത് നൽകുന്നത്. പുതിയ വേഷങ്ങൾ ചെയ്യണം, ഇതുവരെയുള്ള കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്‌തമായവ ചെയ്യണം എന്ന ആഗ്രഹം മാത്രമാണുള്ളത്. പിന്നെ എല്ലാം സംഭവിക്കുന്നതുപോലെ നടക്കും…

അനുരാഗ് കശ്യപിനൊപ്പം വർക്ക് ചെയ്യുമ്പോൾ ഒട്ടും ടെൻഷനില്ല

നല്ല രസമാണ് അനുരാഗ് കശ്യപിനൊപ്പം വർക്ക് ചെയ്യാൻ. സിനിമയുടെ പരമ്പരാഗത രീതികളെ മുഴുവൻ തെറ്റിച്ചുകൊണ്ട് സിനിമ ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം. വളരെ വ്യത്യസ്തമായി സിനിമ ചെയ്യുന്ന ആളായതിനാൽ അദ്ദേഹത്തിൽനിന്ന് ഏറെ അനുഭവങ്ങൾ ലഭിച്ചു. ഒന്നും മുൻകൂട്ടി നിശ്ചയിച്ച് ചെയ്യുന്ന ആളല്ല അദ്ദേഹം. അനുരാഗ് സാറിനൊപ്പം ഒട്ടും ടെൻഷനില്ലാതെ പണിയെടുക്കാൻ പറ്റും.

ഒരുപാട് സന്തോഷം നൽകിയ അഭിനന്ദനങ്ങൾ

മൂത്തോൻ കണ്ടിട്ട് ഒരുപാട് പേർ വിളിച്ചു. ഒരുപാട് അഭിനന്ദനങ്ങൾ ലഭിച്ചു. വളരെ സന്തോഷം തോന്നി. ഗീതുവാണെങ്കിലും നിവിനേട്ടനാണെങ്കിലും രാജീവ് സാറാണെങ്കിലും സിനിമയ്ക്ക് ശേഷം ഹാപ്പിയാണെന്ന് അറിഞ്ഞപ്പോഴാണ് വലിയ സന്തോഷം തോന്നിയത്. ഇവർക്കൊപ്പമൊക്കെ വർക്ക് ചെയ്യണമെന്ന് നേരത്തെയുള്ള വലിയ ആഗ്രഹമുണ്ടായിരുന്നു. ഗോപൻ മാഷ് (ഗോപൻ ചിദംബരം) ഫോണിൽ വിളിച്ച് നന്നായിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ സന്തോഷം തോന്നി. വ്യക്തിപരമായി ഏറെ സന്തോഷം തോന്നി. എനിക്ക് ഒരുപാട് ബഹുമാനമുള്ള ആളാണ്. അതുപോലെ പാർവതി, അഞ്ജലി മാഡം (അഞ്ജലി മേനോൻ) ഇവരൊക്കെ വിളിച്ച് നന്നായിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി. അതുപോലെ ഏറെ സന്തോഷിപ്പിച്ച കാര്യമാണ് പണ്ട് സ്‌കൂളിൽ പഠിച്ചവരുടെ അഭിനന്ദനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook