സംവിധായകൻ അറ്റ്ലിയുടെ അടുത്തിടെ പുറത്തിറങ്ങിയ ബിഗിൽ എന്ന ചിത്രത്തിലെ നായികയായാണ് അവസാനമായി നയൻതാര അഭിനയിച്ചത്. അതിനു ശേഷം നയൻസ് കാമുകൻ വിഘ്നേഷ് ശിവനൊപ്പം തന്റെ 35ാം ജന്മദിനം ആഘോഷിക്കാനായി ന്യൂയോർക്ക് നഗരത്തിലെത്തിയതും വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

നയൻസിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വാർത്ത, ‘മൂക്കുത്തി അമ്മൻ’ എന്ന ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുന്നുവെന്നതാണ്. ആർ.ജെ ബാലാജിയും എൻ.ജെ ശരവണനും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദേവിയായാണ് നയൻതാര അഭിനയിക്കുന്നത്. ആത്മീയ ചിത്രത്തിൽ അഭിനയിക്കുന്നതിന്റെ ഭാഗമായി ഇനിയങ്ങ് സസ്യാഹാരം മാത്രമായിരിക്കും നയൻസ് കഴിക്കുകയെന്നാണ് ഇന്ത്യാടുഡേ റിപ്പോർട്ട് ചെയ്യുന്നത്.

Read More: ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങൾ നിനക്കൊപ്പമായതിൽ അഭിമാനിക്കുന്നു; നയൻതാരയോട് വിഘ്നേഷ്

സിനിമയിൽ ആദ്യമായല്ല നയൻതാര ഇത്തരമൊരു വേഷം കൈകാര്യം ചെയ്യുന്നത്. രാമ രാജ്യം എന്ന ചിത്രത്തിൽ സീതാ ദേവിയായി വേഷമിട്ടപ്പോഴും നയൻതാരം മാംസാഹാരം ഉപേക്ഷിക്കുകയും പാർട്ടികളിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്തിരുന്നു.

നയൻതാര മാത്രമല്ല, മൂക്കുത്തി അമ്മന്റെ മുഴുവൻ അണിയറ പ്രവർത്തകരും ഈ കാലയളവിൽ വെജിറ്റേറിയൻ ഭക്ഷണമായിരിക്കും കഴിക്കുകയെന്നാണ് റിപ്പോർട്ട്. നയൻതാരയും വിഘ്നേഷ് ശിവനും ന്യൂയോർക്കിൽനിന്നു മടങ്ങിയെത്തിയാൽ ഉടൻ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

ഇതോടൊപ്പം മിലിന്ദ് റാവു  സംവിധാനം ചെയ്യുന്ന നേട്രിക്കണ്ണ് എന്ന ചിത്രത്തിലും നയൻസ് അഭിനയിക്കും. കാമുകനായ വിഘ്നേഷ് ശിവന്റെ റൗഡി പിക്ചേഴ്സ് ആണ് ചിത്രം നിർമിക്കുന്നത്.

തമിഴകത്തിന്റെ പ്രിയ ജോഡികളാണ് നയൻതാരയും വിഘ്നേഷ് ശിവനും. തങ്ങളുടെ പ്രണയകാലം ആഘോഷിക്കുന്ന ഇരുവരും ഒന്നിച്ചുള്ള സ്നേഹ നിമിഷങ്ങളുടെയും സന്തോഷങ്ങളുടെയും ചിത്രങ്ങൾ​ ആരാധകരുമായും പങ്കുവയ്ക്കാറുണ്ട്. ‘നാനും റൗഡി താൻ’ എന്ന വിഘ്നേഷ് ശിവന്റെ കരിയറിൽ ഏറെ ബ്രേക്ക് നൽകിയ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നായിരുന്നു വിഘ്നേഷിന്റെയും നയൻതാരയുടെയും പ്രണയത്തിന്റെ തുടക്കം.

നവംബർ 18ന് 35ാം ജന്മദിനം ആഘോഷിച്ച നയൻതാരയ്ക്ക്, പിറന്നാൾ ആശംസകൾ നേർന്ന് വിഘ്നേഷ് ശിവൻ ഇൻസ്റ്റഗ്രാമിൽ കുറിച്ച വാക്കുകൾ ഏറെ ഹൃദയസ്പർശിയായിരുന്നു.

“എന്റെ ജീവിതത്തിലെ പ്രണയത്തിന് പിറന്നാൾ ആശംസകൾ. എപ്പോഴും എന്നതു പോലെ സത്യസന്ധയും ധീരയും ശക്തയും അഭിലാഷമുള്ളവളും അച്ചടക്കമുള്ളവളും ആത്മാർത്ഥതയുള്ളവളും കഠിനാധ്വാനിയും ദൈവഭക്തയുമായിരിക്കുക. ജീവിതത്തിലും തൊഴിലിലും കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ നിനക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. ജീവിതത്തിന്റെ ഏറ്റവും നല്ല നിമിഷങ്ങൾ നിനക്കൊപ്പം പങ്കുവയ്ക്കാൻ സാധിക്കുന്നതിൽ ആവേശവും സന്തോഷവും അഭിമാനവുമുണ്ട്. എപ്പോഴും നീയെന്നെ വിസ്മയിപ്പിക്കുന്നു.”

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook