scorecardresearch

മഴ അഭിനയിച്ച സിനിമകള്‍

മഴ പ്രമേയമായും പശ്ചാത്തലമായും കഥാപാത്രമായും വന്ന ചില സിനിമകളിലൂടെ

മഴ പ്രമേയമായും പശ്ചാത്തലമായും കഥാപാത്രമായും വന്ന ചില സിനിമകളിലൂടെ

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kannathil Muthamittal Mazha Featured

Kannathil Muthamittal Mazha Featured

ഒരു സിനിമയുടെ ദൃശ്യാവിഷകരണത്തിലെ പ്രധാന ഘടകമാണ് നാച്ചുറല്‍ എലെമെന്റ്സിന്റെ (ഭൂമി, ജലം, വായു, അഗ്നി, ആകാശം) ഉപയോഗം. ഒരു ദൃശ്യത്തിന്റെ 'dynamism'ത്തെ 'accentuate' ചെയ്യാനായി ഛായാഗ്രാഹകന്മാര്‍ തെരഞ്ഞെടുക്കുന്നത് പശ്ചാത്തലത്തില്‍ വരുന്ന കാറ്റ്, മഴ, സൂര്യന്റെ സ്ഥാനം, ആകാശത്തിന്റെ നിറവ്യതിയാനങ്ങള്‍ ഇവയൊക്കെയാണ്. ദൃശ്യത്തെ പൊലിപ്പിക്കുക എന്നത് മാത്രമല്ല പലപ്പോഴും ഇവ ചെയ്യുന്നത്, മറിച്ച്, കഥാഗതിയ്ക്ക് വേണ്ട 'emotional quotient' പകരുക എന്നതുമാണ്‌. ഇതില്‍ത്തന്നെ 'മഴ' എന്ന എലെമെന്റ് ഒരു കഥാപാത്രമായി വന്നിട്ടുള്ള സിനിമകളാണ് കൂടുതലും. പ്രണയവും വിരഹവും നഷ്ടബോധവുമെല്ലാം മഴയുടെ പിന്നണിയില്‍ പറയുമ്പോള്‍ അത് ഒന്ന് കൂടി വികാരനിര്‍ഭരമാകുന്നു. അത്തരം ചില ചിത്രങ്ങളിലൂടെ.

ആഷാഢം പാടുമ്പോള്‍

Advertisment

'മഴ' എന്ന് തന്നെ പേരുള്ള ഒരു ചിത്രത്തില്‍ തന്നെ തുടങ്ങാം. മാധവിക്കുട്ടിയുടെ 'നഷ്ടപ്പെട്ട നീലാംബരി' എന്ന കഥയെ ആസ്പദമാക്കി ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'മഴ'. ചിത്രത്തിന് ഇങ്ങനെ പേര് വരാന്‍ തന്നെ കാരണം കഥയില്‍ 'മഴ'യ്ക്കുള്ള സ്ഥാനമാണ്. നായികയായ ഭദ്രയ്ക്ക് തന്റെ സംഗീത അധ്യാപകനോട് തോന്നുന്ന തീവ്രപ്രണയത്തിന്, അതിന്റെ സ്നേഹനിമിഷങ്ങള്‍ക്ക് അകമ്പടിയാകുന്നത്‌ മഴയാണ്. മഴ പ്രമേയമായ ഒന്നിലേറെ ഗാനങ്ങള്‍ ഉള്ള ആ ചിത്രത്തിലെ ഗാനരചനയ്ക്ക് യൂസഫലി കേച്ചേരി മികച്ച ഗാനരചയിതാവിനുള്ള ആ വര്‍ഷത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി.

ക്ലാരയും മഴയും

സിനിമ, മഴ എന്നീ രണ്ടു വാക്കുകള്‍ ചേരുമ്പോള്‍ മലയാളി മനസ്സില്‍ വരുക മണ്ണാറത്തൊടി ജയകൃഷ്ണന്‍, ക്ലാര എന്നിവരുടെ പ്രണയമാണ്. പദ്മരാജന്‍ സംവിധാനം ചെയ്ത 'തൂവാനത്തുമ്പി'കളില്‍ നായകന്‍ നായിക എന്നിവരോളം തന്നെ പ്രധാനമാണ് മഴ എന്ന കഥാപാത്രവും. ജയകൃഷ്ണന്റെ ജീവിതത്തിലേക്ക് ക്ലാര വരുന്നത് മഴയുടെ അകമ്പടിയോടെയാണ്. ഒരു പ്രഹേളിക എന്ന പോലെ ജയകൃഷ്ണന്‍ ജീവിതാവസാനം വരെ കൊണ്ട് നടക്കേണ്ടി വരുന്ന ആ നഷ്ടപ്രണയത്തിനു സാക്ഷിയാകുന്നതും മഴ തന്നെയാണ്.

Advertisment

ഓരോ തവണ ക്ലാര അടുത്ത് വരുമ്പോഴും അയാള്‍ കരുതുന്നുണ്ട്, അവള്‍ ഇനി പോവില്ല എന്ന്. പക്ഷെ മഴ പെയ്തു തോരുന്നത് പോലെ, പ്രണയത്തില്‍ അയാളെ പൂര്‍ണ്ണമായും നനച്ച്, പെട്ടന്ന് തന്നെ വിട വാങ്ങുന്നുണ്ട് ഓരോ തവണയും അവള്‍. ഈ സിനിമ കണ്ടിറങ്ങിയ ഓരോരുത്തരും കണ്ടനുഭവിച്ച മഴകള്‍ പിന്നീട് ഈ സിനിമയുമായി ചേര്‍ത്തല്ലാതെ വായിക്കപ്പെട്ടിട്ടുണ്ടാവില്ല.

നോവിന്‍ പെരുമഴക്കാലം

കമല്‍ സംവിധാനം ചെയ്ത 'പെരുമഴക്കാലം' എന്ന എന്ന 'രാക്കിളി തന്‍' വഴിമറയും' ഗാനത്തിന്റെ ഒരു വരി ഇങ്ങനെയാണ്. 'ഒരു വേനലിന്‍ വിരഹബാഷ്പം ജലതാളമാര്‍ന്ന മഴക്കാലം...' എന്ന്. ഈ ഒരു വരിയില്‍ ആ സിനിമയുടെ കഥയുടെ സാരാംശം മുഴുവന്‍ അടങ്ങിയിട്ടുണ്ട്. പ്രണയിച്ച് വിവാഹം കഴിച്ച് സ്നേഹിച്ചു മതിയാകുന്നതിനു മുന്‍പേ, ഭര്‍ത്താവുമായി പിരിയേണ്ടി വന്നതിന്റെ വിരഹം, പിന്നീട് സങ്കടത്തിന്റെ ഒരു പെരുമഴക്കാലമായി മാറുകയാണ്‌ റസിയയുടെ ജീവിതത്തില്‍. (കൈയ്യബദ്ധത്തില്‍ പിണഞ്ഞ) മറ്റൊരാളുടെ ജീവനെടുക്കുക എന്ന വലിയ കുറ്റം ആരോപിക്കപ്പെട്ട് മണലാരണ്യത്തില്‍ തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ട പ്രിയതമനെ രക്ഷിക്കാന്‍ ഒരു മഴക്കാലത്താണ് റസിയ ഇറങ്ങിത്തിരിക്കുന്നത്, മഴയോടൊപ്പം പെയ്യുന്ന കണ്ണുകളുമായി. ആദ്യാവസാനം മഴയുള്ള ഒരു ചിത്രം മലയാളത്തില്‍ 'പെരുമഴക്കാല'മല്ലാതെ വേറെയോന്നുണ്ടോ എന്ന് സംശയമാണ്.

നെഞ്ചില്‍ ജില്‍ ജില്‍

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളാണ് മണിരത്നം. ചിത്രങ്ങളില്‍ പതിവായി മഴ ഉപയോഗിക്കുന്ന ഒരാളായ അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സിനിമകളില്‍ ഒന്നായ 'കന്നത്തില്‍ മുത്തമിട്ടാളി'ലെ മഴ രംഗങ്ങള്‍ അതീവ ഹൃദ്യമാണ്, പ്രത്യേകിച്ച് അവസാന രംഗത്തില്‍ പെട്ടന്ന് പെയ്യുന്ന ഒരു മഴ.

രാമേശ്വരത്ത് ജോലി ചെയ്യുന്ന കാലത്ത് എഴുത്തുകാരനായ തിരുച്ചെല്‍വന്‍ ഒരു പെണ്‍കുട്ടിയെ ദത്തെടുക്കുന്നു. എട്ടു വയസായ അവള്‍ തന്റെ ശരിക്കുള്ള അച്ഛനെയും അമ്മയെയും അന്വേഷിക്കുന്നു. അവള്‍ക്കൊപ്പം തിരുച്ചെല്‍വനും ഭാര്യയും ശ്രീലങ്കയില്‍ എത്തുന്നു. അവിടെ വച്ച് എല്‍ ടി ടി ഇ പ്രവര്‍ത്തകയായ അവളുടെ അമ്മയെ കാണുന്നു. 'യുദ്ധം മതി എന്റെ കൂടെ വരൂ' എന്ന് മകള്‍ അമ്മയോട് അപേക്ഷിക്കുന്നു. മകളുടെ സ്നേഹത്തിന്റെയും തന്റെ പോരാട്ടത്തിന്റെയും ഇടയില്‍ പെട്ട് പോവുകയാണ് ആ അമ്മ. ആ രംഗത്തിലേക്കാണ് മഴ പെയ്തിറങ്ങുന്നത്.

മഴ എന്ന ആശയത്തെക്കാള്‍ മണിരത്നം ഇതില്‍ ഉപയോഗിച്ചിരിക്കുന്നത് 'കുട' എന്ന ആശയമാണ്. വളര്‍ത്തു മകളെയും അവളുടെ അമ്മയെയും സ്നേഹത്തിന്റെ കുടക്കീഴില്‍ ചേര്‍ത്ത് നിര്‍ത്തുന്നുണ്ട്‌ തിരുച്ചെല്‍വന്‍. ഈ പെണ്‍കുട്ടിയെ ദത്തെടുക്കുന്ന സമയത്ത്, അവളെ രമേശ്വരത്ത് ഉപേക്ഷിച്ചു പോകേണ്ടി വന്ന അമ്മയുടെ സങ്കടത്തെക്കുറിച്ച് അയാള്‍ എഴുതുന്ന ഒരു കഥയുടെ പേരും 'കുടൈ' എന്ന് തന്നെയാണ്. ആ കുടയാണ് ഒരര്‍ത്ഥത്തില്‍ ആ അമ്മ-മകള്‍ കൂടി കാഴ്ചയില്‍ അയാള്‍ വീണ്ടും നിവര്‍ത്ത് പിടിക്കുന്നത്‌.

Monsoon Maniratnam Southwest Monsoon Malayalam Films

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: