മരിക്കുന്നതിനു മുൻപ് അവൾ പറഞ്ഞു… അമ്മേ എന്തോ നടക്കാൻ പോകുന്ന പോലെ തോന്നുന്നു

ഒരു ദിവസം അവൾ പറഞ്ഞു എന്തോ നടക്കാൻ പോകുന്ന പോലെ തോന്നുന്നുണ്ടെന്ന്. ഇവളെന്താ ഇങ്ങനെ പറയുന്നതെന്നോർത്ത് എനിക്കും മോനിഷയുടെ അച്ഛനും ടെൻഷനായി. അദ്ദേഹം കരുതി അദ്ദേഹം മരിക്കുമെന്ന്. പക്ഷേ പോയത് അവളാണ്…

monisha, മോനിഷ, sridevi unni, ശ്രീദേേവി ഉണ്ണി, monisha death, മോനിഷ മരണം, monisha motherm ie malayalam

ബെംഗളൂരു ഇന്ദിരാ നഗർ സെക്കൻഡ് സ്റ്റേജിലെ വീട്ടിലെ നിലവിളക്കായിരുന്നു അവൾ. പ്രകാശം പരത്തിയിരുന്ന ആ നിലവിളക്ക് പെട്ടന്നൊരു ഒരു ദിവസം കെട്ടണഞ്ഞിട്ടു മൂന്നു ദശാബ്ദത്തോളമാവുന്നു . കളി ചിരികളും തമാശകളും കൊണ്ട് മുഖരിതമായിരുന്ന ആ വീട് നിശബ്ദമായി ആ വീട്ടില്‍ വിടർന്ന കണ്ണുകളും ഓമനത്വം തുളുമ്പുന്ന മുഖവുമുളള മോനിഷ എന്നൊരു പെണ്‍കുട്ടിയുടെ ഓര്‍മ്മകള്‍ മാത്രം. 5 ഡിസംബർ 1992നു ചേർത്തലയിലുണ്ടായ കാർ അപകടത്തില്‍ മരിക്കുമ്പോൾ മോനിഷയ്ക്ക് പ്രായം 21.   ചെറിയ പ്രായത്തില്‍ത്തന്നെ തുടങ്ങി, ദേശീയ പുരസ്കാരമുള്‍പ്പെടെയുള്ള അവാര്‍ഡുകള്‍ വാരിക്കൂട്ടിയ മലയാളത്തിന്‍റെ പ്രിയപ്പെട്ട അഭിനേത്രി.

അവര്‍ മൺമറഞ്ഞിട്ട് ഇന്ന് 28 വർഷം. മോനിഷയെക്കുറിചുള്ള മരണമില്ലാത്ത ഓര്‍മ്മകളില്‍ മുഴുകുകയാണ്  നടിയും നൃത്താധ്യാപികയുമായ അമ്മ ശ്രീദേവി ഉണ്ണി.

വൈജയന്തിമാലയെപ്പോലെ ആകാൻ ആഗ്രഹിച്ച മകൾ

ചെറുപ്പം മുതലേ മോനിഷ നന്നായി ഡാൻസ് ചെയ്യും, പാട്ട് പാടും. സ്പോർട്സിൽ പങ്കെടുക്കും. ഓൾറൗണ്ടർ ആയിരുന്നു മോനിഷ. 9-ാമത്തെ വയസ്സിലായിരുന്നു ഭരതനാട്യം അരങ്ങേറ്റം. 10 വയസ്സു മുതൽ നിരവധി സ്റ്റേജുകളിൽ പെർഫോം ചെയ്തു. പത്മിനി രാമചന്ദ്രൻ ആയിരുന്നു ആദ്യ ഗുരു. അരങ്ങേറ്റം കഴിഞ്ഞശേഷം അടയാർ ലക്ഷ്മണിന്‍റെ കീഴിൽ നൃത്തം അഭ്യസിച്ചു. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ‘നഖക്ഷത’ങ്ങളിലേക്ക് വിളിക്കുന്നത്. ഡാൻസിൽക്കൂടിയാണ് മോനിഷ സിനിമയിലേക്കെത്തിയത്. കോഴിക്കോട് ഫൈൻ ആർട്സ് ക്ലബ്ബിന്‍റെ ഒരു പരിപാടി ഉണ്ടായിരുന്നു. അവിടെ ഒറ്റയ്ക്ക് സോളോ പെർഫോമൻസ് ചെയ്തു. ആ പരിപാടിയുടെ ബ്രൗഷറിലെ മോനിഷയുടെ ഫോട്ടോ കണ്ടിട്ടാണ് ഹരിഹരൻ ബെംഗളൂരുവിലേക്ക് വിളിച്ചത്.

5 വയസ്സു മുതൽ ഞാൻ ആരാധിക്കുന്ന വ്യക്തിയാണ് വൈജയന്തിമാല. ജമന്തിമാല കഴുത്തിലിട്ട് ഞാൻ വൈജയന്തിമാലയാണെന്ന് പറഞ്ഞ് നടന്ന ഒരു കുട്ടിക്കാലം എനിക്കുണ്ടായിരുന്നു. മോനിഷ അങ്ങനെയാവണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു.

‘മോനിഷക്ക് അതുപോലെ ഭംഗി വേണം. വൈജയന്തി ചിരിക്കുന്നതുപോലെ വേണം എന്നൊക്കെ ആഗ്രഹിച്ചിരുന്നു. എന്‍റെ മകളും വൈജയന്തിയെപ്പോലെ ആയിരുന്നു’

Monisha
ചെറുപ്പത്തിലെ ഒരു അരങ്ങില്‍ മോനിഷ

ഹരിഹരൻ കണ്ടത് ദേഷ്യം പിടിച്ച് കണ്ണു തുറുപ്പിച്ച് നിലത്ത് ഇരിക്കുന്ന മോനിഷയെ

സ്കൂളിൽ കാറിൽ കൊണ്ടുപോയി വിടുന്നത് നിഷയ്ക്ക് ഇഷ്ടമല്ല. വീട്ടിൽ അവളെ നിഷ എന്നാണ് വിളിക്കുക. സുഹൃത്തുക്കളുടെ കൂടെ ബസിലേ അവൾ പോകൂ. കുട്ടിക്കാലത്ത് തന്നെ ഒറ്റയ്ക്ക് സൈക്കിളിൽ പോകും. ഒരു ദിവസം അവൾ സ്കൂളിൽ പോകാൻ റെഡിയായി നിൽക്കുന്ന സമയത്താണ് ഹരിഹരൻ സാർ വിളിക്കുന്നത്. ഞാൻ അങ്ങോട്ട് വരുന്നുണ്ട്. എനിക്ക് മോനിഷയെ കാണണം എന്നു പറഞ്ഞു. ഞാൻ അവളോട് ഇന്നു സ്കൂളിൽ പോകേണ്ടെന്നു പറഞ്ഞു. പക്ഷേ അപ്പോഴേക്കും എനിക്ക് പോണം എന്നു പറഞ്ഞ് അവൾ റോഡിലേക്ക് ഓടി. ഞാൻ പിന്നാലെ ഓടി അവളെ പിടിച്ചുനിർത്തി. ഞാൻ വരില്ലെന്നു പറഞ്ഞ് അവള്‍ വാശി പിടിച്ചു. നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു. എന്‍റെ ക്ലാസ് പോകും, എനിക്ക് സ്കൂളിൽ പോകണം എന്നു പറഞ്ഞ് വാശി പിടിച്ചു. റോഡിൽവച്ച് തന്നെ അവളെ പറഞ്ഞ് മനസ്സിലാക്കാൻ നോക്കി.

അവൾ എത്ര വാശി പിടിച്ചാലും ഞാൻ പറയുന്നത് എപ്പോഴും കേൾക്കും. അത് അനുസരിക്കും. എനിക്കത് അറിയാമായിരുന്നു. ഞാൻ പറഞ്ഞു, ഇപ്പോൾ വീട്ടിൽ പോകാം. അങ്ങനെ അവൾ വീട്ടിലേക്ക് വന്നു. കരഞ്ഞില്ല, പക്ഷേ ഭയങ്കര ദേഷ്യമുണ്ടായിരുന്നു.

അന്നു അവളുടെ അച്ഛന്‍റെ പിറന്നാൾ ദിവസമായിരുന്നു. വീട്ടിൽ സദ്യയൊരുക്കുമായിരുന്നു. ഉച്ചയ്ക്ക് ഉണ്ണാൻ വരാമെന്ന് പറഞ്ഞാണ് അവൾ സ്കൂളിൽ പോകാൻ റെഡിയായത്. അപ്പോഴാണ് ഹരിഹരൻ സാറിന്‍റെ കോൾ വന്നത്. അവളുടെ ചേട്ടൻ അപ്പോൾ സ്കൂളിൽ പോയിരുന്നു. അവൾക്കും പോകണമെന്നായിരുന്നു നിർബന്ധം. ഞാൻ യൂണിഫോം മാറ്റിയിട്ട് വേറെ ഏതെങ്കിലും വസ്ത്രം എടുത്തിടാൻ പറഞ്ഞു. ഒരു ചുരിദാർ എടുത്തിട്ട ശേഷം ഹാളിന്‍റെ അടുത്തുളള വാതിലിന്‍റെ മുന്നിലായി വന്ന് നിലത്തിരുന്നു. സത്യാഗ്രഹം ചെയ്യുംപോലെ. അപ്പോഴാണ് ഹരിഹരൻ കയറിവരുന്നത്. സോഫയിൽ ഇരുന്ന ഹരിഹരൻ കാണുന്നത് ദേഷ്യം പിടിച്ച് കണ്ണു തുറുപ്പിച്ച് നിലത്ത് ഇരിക്കുന്ന മോനിഷയെ. ഹരിഹരൻ ഒരിക്കൽ മോനിഷയെക്കുറിച്ചുളള അനുസ്മരണ പരിപാടിയിൽ ഇത് പറയുകയും ചെയ്തിരുന്നു-”കുറുമ്പ് കാണിച്ച് ദേഷ്യം പിടിച്ച് ഇരിക്കുന്ന മോനിഷയെ കണ്ടപ്പോൾ തന്നെ മനസ്സിൽ കുറിച്ചിട്ടു. ഇവളാണ് എന്‍റെ കഥാപാത്രം. ഇവളാണ് ഞങ്ങളുടെ നായിക”.

 ഞാൻ സാറിനോട് നമസ്കാരം പറയാൻ പറഞ്ഞപ്പോൾ അവൾ കേട്ടിട്ടില്ല. മുണ്ടും ബ്ലൗസും ഇട്ട് വരാൻ പറഞ്ഞപ്പോഴും കേട്ടിട്ടില്ല. ഹരിഹരൻ അവളെ അടുത്ത് വിളിച്ചിരുത്തി. ഈ സിനിമ മാത്രം ചെയ്താൽ മതി പിന്നെ ചെയ്യേണ്ട എന്നു പറഞ്ഞു. അപ്പോൾ അവൾ പറഞ്ഞു. നോ അങ്കിള്‍ എനിക്ക് സ്കൂളിൽ പോകണം. എനിക്ക് അവധിയെടുക്കാൻ പറ്റില്ല. ഞാൻ 7-ാം ക്ലാസിലാണ്. അടുത്ത് 8-ാം ക്ലാസിലാണ്. ഹരിഹരൻ അവളോട് കുറേ സംസാരിച്ചു. പക്ഷേ അവൾ വഴങ്ങിയില്ല. അതുകഴിഞ്ഞ് ഞാൻ അവളോട് സംസാരിച്ച് കാര്യങ്ങൾ മനസ്സിലാക്കി കൊടുത്തു. പോകാൻ നേരത്ത് മോനിഷയുടെ ഫോട്ടോ വേണമെന്ന് ഹരിഹരൻ പറഞ്ഞു. അപ്പോൾ മോനിഷയുടെ ഡാൻസ് പരിപാടികൾക്ക് ഫോട്ടോയെടുക്കാറുളള ഞങ്ങൾക്ക് പരിചയമുളള ഫോട്ടോഗ്രാഫറെ വിളിച്ചു. എന്‍റെ കൈയ്യിൽ ഉണ്ടായിരുന്ന മുണ്ടും ലോങ്ങ്‌ ബ്ലൗസും ഇട്ട് ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോയെടുത്തു. ഹരിഹരൻ പോവുന്നതിനു മുൻപ് ഫോട്ടോ കൊണ്ടുപോയി അദ്ദേഹത്തെ ഏൽപ്പിച്ചു.

അതു കഴിഞ്ഞപ്പോൾ മോനിഷയെ ചെന്നൈയിലെ സ്റ്റുഡിയോയിലേക്ക് കൊണ്ടുപോകാൻ പറഞ്ഞു. അന്നാണ് മോനിഷ ആദ്യമായി സ്റ്റുഡിയോയിൽ റെക്കോർഡിംഗ് കാണുന്നത്. അന്ന് അവിടെ ഹരിഹരന്‍റെ  ‘പഞ്ചാഗ്നി’ സിനിമയില ‘സാഗരങ്ങളെ’ എന്ന ദാസേട്ടന്‍റെ  പാട്ടിന്‍റെ  റെക്കോർഡിംഗ് നടക്കുകയായിരുന്നു. ഞങ്ങൾ 3 പേരും സ്റ്റുഡിയോയ്ക്ക് അകത്ത് ഇരിക്കുന്നു. ദാസേട്ടൻ പാടുന്നത് ഞങ്ങൾക്ക് കാണാം. ചെന്നൈയിൽവച്ച് മോനിഷയുടെ കുറെ ചിത്രങ്ങളെടുത്തു. നഖക്ഷതങ്ങളിൽ മോനിഷയെ തന്നെ നായികയായി വേണം എന്ന് ഹരിഹരനും എംടി സാറിനും നിർബന്ധമായിരുന്നു.

മോനിഷ, വിനീത്

വിനീതിന്‍റെ  ആദ്യ ഷോട്ടിന് ക്ലാപ്പടിച്ച മോനിഷ 

ഗുരുവായൂരിലെ ആനക്കൊട്ടിലിലാണ് മോനിഷയെ ആദ്യം കൊണ്ടു പോയത്. കൈയ്യിൽ ശർക്കരയൊക്കെ വച്ച് ആനയുടെ ഇടയിലൂടെ അവളെ നടത്തുമായിരുന്നു. ആനയോടുളള പേടി മാറ്റാനായിരുന്നു. അപ്പോൾ അവൾക്ക് കുറച്ച് പേടിയൊക്കെ മാറി. ഇതൊക്കെ കണ്ട് വിനീത് നിൽക്കുന്നുണ്ടായിരുന്നു. അവരൊക്കെ പേടിച്ച് മാറി നിൽക്കുകയാണ്. ഇതിനിടയിൽ അവൾ ഉറക്കെ നിലവിളിക്കുകയൊക്കെ ചെയ്തു. ഷൊർണൂരിലെ ഉണ്ണിയേട്ടന്‍റെ (മോനിഷയുടെ അച്ഛൻ പരേതനായ പി.എൻ.ഉണ്ണി) ബന്ധുവിന്‍റെവീട്ടിലായിരുന്നു ആദ്യത്തെ ഷോട്ട്.

വിനീത് മതിലിന്‍റെ പുറത്തുകൂടി നോക്കുന്ന ഷോട്ടായിരുന്നു ആദ്യത്തേത്. അതിന് മോനിഷ ക്ലാപ്പ് ചെയ്യണം എന്ന് എംടിക്കും നിർബന്ധമായിരുന്നു. അങ്ങനെ അവൾ ക്ലാപ്പ് ചെയ്തിട്ടാണ് വിനീതിന്‍റെ ആദ്യ ഷോട്ട് എടുക്കുന്നത്. സ്വന്തം വീട്ടിലെ കുട്ടിയെ പോലെയാണ് കൊഞ്ചിച്ചാണ് അവളെ ആ സിനിമയിൽ അവർ അഭിനയിപ്പിച്ചത്. ഒരുപാട് രസകരമായ ഓർമകൾ നൽകിയതാണ് ‘നഖക്ഷത’ങ്ങളുടെ ഷൂട്ടിംഗ്.

സിനിമ അവളുടെ മോഹമായിരുന്നില്ല

മോനിഷ സിറ്റി ഗേളാണ്. എന്നാൽ മലയാളി പെൺകുട്ടി ആയിട്ടാണ് അവളെ വീട്ടിൽ വളർത്തിയത്. മോഡേൺ ആണെങ്കിലും നമ്മുടെ നാടിന്‍റെ കൾച്ചർ എല്ലാം അവൾക്ക് അറിയാം. സദ്യ വിളമ്പുമ്പോൾ ഇലയിൽ ഏത് ഐറ്റം എവിടെ വയ്ക്കണമെന്ന് അവൾക്ക് അറിയാം. പാരമ്പര്യം ഇഷ്ടപ്പെടുന്ന കുട്ടിയായിരുന്നു.

സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം മോനിഷയെക്കാൾ എനിക്കായിരുന്നു. എന്നെപ്പോലൊരു ഒരാൾ എന്നെ കൊണ്ടു നടക്കാൻ ഉണ്ടായിരുന്നെങ്കിൽ ഇന്ന് ഞാനാകുമായിരുന്നു നടി, നീയല്ലായിരുന്നുവെന്ന് ഞാനെപ്പോഴും അവളോട് പറയുമായിരുന്നു. എനിക്ക് അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് അവൾക്ക് നന്നായി അറിയാമായിരുന്നു. നടിക്ക് പറ്റിയ സ്വഭാവം അമ്മയ്ക്കാണുളളത്, എനിക്കല്ലെന്ന് അവൾ പറയും. അമ്മയ്ക്ക് ക്ഷമയുണ്ട്, ആരോടും സംസാരിക്കാൻ മടിയില്ല. എല്ലാവരോടും ഒരുപോലെ സംസാരിക്കും. ഫ്രണ്ട്‌ലിയാണ്. എനിക്ക് അങ്ങനെ കുറേ കോംപ്ലിമെന്റ് ഒക്കെ തരും.

മോനിഷ ആഗ്രഹിച്ചത് ക്യാമറയ്ക്ക് പിന്നിൽ നിൽക്കാൻ

രണ്ടു മൂന്നു സിനിമകൾ ചെയ്തപ്പോൾ പിന്നെ അവൾ സിനിമ ഇഷ്ടപ്പെട്ടു തുടങ്ങി. പക്ഷേ അന്ധമായ ക്രേസ് അഭിനയത്തോട് ഇല്ലായിരുന്നു. ക്യാമറയ്ക്ക് പിന്നിൽ നിൽക്കാനായിരുന്നു അവൾ ആഗ്രഹിച്ചിരുന്നത്. കുറച്ചു കാലം കൂടി അഭിനയിക്കാം. കുറച്ച് കാശൊക്കെ ഉണ്ടാക്കാം. കുറച്ചുകഴിയുമ്പോൾ ഞാൻ ക്യാമറയ്ക്ക് പിന്നിലായിരിക്കും എന്നു പറയുമായിരുന്നു. അന്നൊന്നും ആരും ക്യാമറയ്ക്ക് പുറകിൽ നിൽക്കാൻ ആഗ്രഹിക്കുമായിരുന്നില്ല. പക്ഷേ മോനിഷ അങ്ങനെയായിരുന്നില്ല. നല്ല ഫ്രെയിം സെൻസുളള കുട്ടിയായിരുന്നു.

ഒരു ഫ്രെയിം വച്ചാൽ അതിൽ എവിടെ വന്നു നിൽക്കണമെന്നു പറയേണ്ടതില്ല. ഫ്രെയിം വച്ചാൽ കറക്ട് ഫ്രെയിമിൽ മോനിഷ വന്നു നിൽപ്പുണ്ടാകും. ഫ്രെയിം സെൻസുളള ആർട്ടിസ്റ്റാണെന്ന് ക്യാമറാന്മാർ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്.

സിനിമയിൽ ഡാൻസ് ചെയ്യാൻ കഴിഞ്ഞപ്പോൾ മോനിഷയ്ക്ക് ഒരുപാട് സന്തോഷമായി. സായംസന്ധ്യയിൽ ‘താരകരൂപിണി സരസ്വതി’ എന്നൊരു ക്ലാസിക്കൽ ഡാൻസ് ഉണ്ടായിരുന്നു. അതവൾക്ക് ഭയങ്കര ഇഷ്ടമായി. കമലദളം അവൾ ഒരുപാട് ഇഷ്ടപ്പെട്ട് ചെയ്തതാണ്. നഖക്ഷതങ്ങൾ കഴിഞ്ഞ് അവൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് കമലദളത്തിലെ ക്യാരക്ടറായിരുന്നു. ഒഡീഷി, കഥക്, ഭരതനാട്യം, കഥകളി മോഹൻലാലിനൊപ്പമുളള പ്രമോധാരനായ് എന്ന പാട്ടിൽ എല്ലാം ചെയ്തു. ആ സിനിമ ചെയ്യുമ്പോൾ ഡാൻസ് രംഗങ്ങളുടെ ഷോട്ടിനു മുൻപ് വിനീതും മോഹൻലാലും മോനിഷയും പരസ്പരം സംസാരിച്ചാണ് പ്രാക്ടീസ് ചെയ്യുക.

Monisha
മോനിഷാ ഉണ്ണി

അമ്മയുടെ കോൾഷീറ്റ് നോക്കിയിരുന്ന നടി

മോനിഷയുടെ കൂടെ ഷൂട്ടിങ്ങിന് എപ്പോഴും പോകുമായിരുന്നു. എനിക്കൊരു ചെറിയ സർജറി വന്ന സമയത്ത് മാത്രം 3 ദിവസം ഉണ്ണിയേട്ടൻ കൂടെ പോയി. ഞാനില്ലാതെ മോനിഷ ഒരിടത്തും പോകില്ല. മോനിഷയെ ആരെങ്കിലും വിളിക്കുമ്പോൾ പറയും എന്‍റെ കോൾഷീറ്റ് നോക്കേണ്ട, എന്‍റെ അമ്മയുടെ കോൾഷീറ്റ് നോക്കട്ടേ. അമ്മ ഫ്രീയാണെങ്കിൽ ഞാൻ വരും. അമ്മയില്ലാതെ ഞാൻ വരില്ല. എല്ലാവരോടും അങ്ങനെയാണ് പറയുക.

മനോജ് കെ.ജയൻ, രേവതി, രേവതിയുടെ സഹോദരി ബിന്ദു, വിനീത്, റഹ്മാൻ ഇവരൊക്കെ മോനിഷയുടെ അടുത്ത സുഹൃത്തുക്കളാണ്. ശ്രീവിദ്യയുമായി അടുപ്പമുണ്ടായിരുന്നു. മോനിഷ എന്നെപ്പോലെ സോഷ്യലല്ല. ഞാൻ എല്ലാവരോടും സംസാരിക്കും. അവൾ അതുപോലല്ല. ആരോടും പെട്ടെന്ന് അടുക്കില്ല. അവളുടെ സുഹൃത്തുക്കൾ സെലക്ടീവായിരിക്കും.

ഗ്ലാമർ ഇഷ്ടമില്ലാത്ത സിംപിൾ പെൺകുട്ടി

കോളേജിൽ ഒട്ടും ഗ്ലാമറിൽ പോകില്ല. അവിടെയുളള കുട്ടികളിൽ നടി ഏതാണെന്ന് തേടി കണ്ടുപിടിക്കണമെന്ന് പ്രിൻസിപ്പൽ പറയുമായിരുന്നു. അവളെ കണ്ടാൽ നടിയാണെന്ന് പറയുകയേ ഇല്ല. സാദാ ചുരിദാർ ഇട്ടായിരിക്കും പോവുക. മുടിയൊക്കെ ഞാൻ പിന്നിയിട്ട് കൊടുക്കും. അത്രേയുളളൂ. വളരെ സിംപിളായിട്ടാണ് പോവുക. ചുരിദാറായിരുന്നു ഇഷ്ടപ്പെട്ട വേഷം. എനിക്ക് കാണാൻ വേണ്ടി ദാവണിയും പാവാടയും ബ്ലൗസും ഉടുപ്പിക്കും.

മുടി അവളെക്കാൾ എനിക്കായിരുന്നു ഇഷ്ടം. എന്തൊരു ഭാരമാണിത്. ഞാനിത് മുറിച്ചു കളയാൻ പോകുന്നു എന്നൊക്കെ എന്നോട് പറയുമായിരുന്നു. ഇടയ്ക്ക് കത്രിക കൊണ്ടുവന്നിട്ട് ഞാൻ മുറിക്കട്ടേയെന്ന് ചോദിക്കും. ഞാൻ തന്നെ ഇടയ്ക്ക് മുറിച്ചു കൊടുക്കും. പക്ഷേ 10 ദിവസം കഴിയുമ്പോൾ അതുപോലെ വളരും.

വീട്ടിൽ നല്ല തമാശക്കാരിയായിരുന്നു. അച്ഛനും മകളും മകനും മൂന്ന് പേരും നല്ല തമാശയായിരുന്നു. അച്ഛൻ വരുന്ന സമയത്ത് വൈകിട്ട് ഗേറ്റ് അടച്ചിടും. അച്ഛൻ ഹോണടിക്കും. പതുക്കെ അവൾ അപ്പോൾ തുറക്കും. അച്ഛൻ സ്റ്റാർട്ട് ചെയ്യുമ്പോൾ വീണ്ടും അടയ്ക്കും. അച്ഛൻ വീണ്ടും ഹോണടിക്കും. കുറേനേരത്തേക്ക് ഈ കളികളായിരിക്കും. അവൾ ഉറക്കെ ചിരിക്കുന്നുണ്ടാവും. ഒടുവിൽ മോളേ പ്ലീസ് തുറക്ക് എന്നു പറയുമ്പോൾ തുറക്കും.

ഒരു ദിവസം ചോദിച്ചു, അമ്മയ്ക്ക് പേടിയാവില്ലേ ഞാൻ ഇത്രം സ്പീഡിൽ ഓടിക്കുമ്പോ

നല്ല ഡ്രൈവർ ആയിരുന്നു. എന്നെ കാറിൽ കയറ്റിട്ട് ‘അമ്മാ ഞാൻ സ്പീഡിൽ പോവുകയാണേ’ എന്നു പറയും. ഞാൻ പറയും പൊയ്ക്കോ. ഒരു ദിവസം അവൾ ചോദിച്ചു, ‘അമ്മയ്ക്ക് പേടിയാവില്ലേ ഞാൻ ഇത്രം സ്പീഡിൽ ഓടിക്കുമ്പോ’. ഞാൻ പറഞ്ഞു എനിക്ക് നല്ല കോൺഫിഡൻസാ, നിന്‍റെ കൈയ്യിലാ സ്റ്റിയറിങെന്ന്. ഞാൻ നിർബന്ധിച്ചിട്ടാ അവൾ ഡ്രൈവിംഗ് പഠിച്ചത്. ഞാൻ തന്നെയാ ഡ്രൈവിംഗ് പോയത്. ഉണ്ണിയേട്ടന് അവളെ ഡ്രൈവിങ് പഠിപ്പിക്കാൻ പേടിയായിരുന്നു. അപ്പോൾ ഞാൻ പറയും അവൾ ഇൻഡിപെൻഡന്റ് ആവട്ടെ.

കോളേജിൽ അവൾ കാറോടിച്ച് പോവുമായിരുന്നു. മാരുതി 800 ഇറങ്ങിയ കാലം അവൾ സ്വന്തമായി ഒരു കാർ വാങ്ങിച്ചു. ചുവപ്പ് നിറത്തിലുളളത്. അതിൽ സ്റ്റീരിയോ ഘടിപ്പിച്ച് ഇംഗ്ലീഷ് പാട്ടൊക്കെ വച്ച് ഷോ കാണിക്കും.

മോട്ടോർ ബൈക്കിൽ ചെക്കന്മാരൊക്കെ പുറകേ വരുമല്ലോ. നീയെന്തിനാ ഇംഗ്ലീഷ് പാട്ട് ഉറക്കെ വയ്ക്കുന്നത് എന്നു ഞാൻ ചോദിക്കും. അത് എനിക്ക് കേൾക്കാനല്ല, മറ്റുളളവർക്ക് കേൾക്കാനാ എന്നൊക്കെ പറയും. എന്നിട്ട് വീട്ടിൽ വന്നിട്ട് അന്നു നടന്നതൊക്കെ പറയും.

പ്രണയം മാത്രം ഇല്ലായിരുന്നു. വിവാഹം കഴിഞ്ഞുളള പ്രണയമായിരുന്നു താൽപര്യം. ഞാൻ ചോദിക്കും നിങ്ങൾ പിള്ളേരൊന്നും റൊമാന്റിക് അല്ലേയെന്ന്. അവൾക്ക് ആ ചിന്തയൊന്നും അപ്പോൾ ഉണ്ടായിരുന്നില്ല. അവൾ സന്തോഷവതിയായിരുന്നു. ജീവിതം ഒരു തമാശയായിട്ടേ എടുത്തിട്ടുളളൂ.

മരിക്കുന്നതിനു മുൻപ് അവൾ പറഞ്ഞു; എന്തോ നടക്കാൻ പോകുന്ന പോലെ തോന്നുന്നു

ഒരു ദിവസം അവൾ മൂഡ് ഓഫായിരുന്നു. അവളോട് ചോദിച്ചപ്പോൾ പറഞ്ഞു എന്തോ നടക്കാൻ പോകുന്ന പോലെ തോന്നുന്നുണ്ടെന്ന്. ആദ്യമായിട്ടാണ് അവൾ അങ്ങനെ പറയുന്നത്. അവളെന്താ ഇങ്ങനെ പറയുന്നതെന്നോർത്ത് എനിക്ക് ടെൻഷനായി. മോനിഷയുടെ അച്ഛനും അങ്ങനെ തോന്നിയിരുന്നു. പക്ഷേ അദ്ദേഹം കരുതിയത് അദ്ദേഹം മരിക്കുമെന്നാണ്.

അന്നത്തെ അപകടം ഒരിക്കലും മനസ്സിൽ നിന്നും പോകില്ല. കാറിലുണ്ടായിരുന്ന 3 പേരും പോയില്ലേ. എന്താ നടന്നതെല്ലാം ഓർമയുണ്ട്. മോനിഷ പോയിക്കഴിഞ്ഞപ്പോൾ ആദ്യമൊക്കെ ഭയങ്കര ധൈര്യമായിരുന്നു. അവൾ പോയി 1 വർഷം കഴിഞ്ഞപ്പോൾ ഞാൻ അവളുടെ പാട്ട് കേൾക്കും, സിനിമകൾ കാണും. പക്ഷേ ഇപ്പോൾ എനിക്കതിന് കഴിയുന്നില്ല. 2-3 കൊല്ലമായിട്ട് എനിക്കത് പറ്റുന്നില്ല. അപ്പോൾ നമുക്ക് വല്ലാത്ത നഷ്ടബോധം തോന്നും. അവൾ ഉണ്ടായിരുന്നുവെങ്കിൽ എന്നു തോന്നും. അതു കൊണ്ട് ഞാനിപ്പോൾ കാണാറില്ല.

അവൾ ഇപ്പോഴും എന്‍റെ അടുത്തുണ്ട്

എപ്പോഴും അവൾ എന്‍റെയടുത്തുണ്ടെന്ന് തോന്നാറുണ്ട്.  അതാണ് എന്നെ ജീവിത്തിൽ മുന്നോട്ടു കൊണ്ടു പോകുന്നത്. ഞാനൊരിക്കലും മോനിഷയെ വിചാരിച്ച് കരയാറില്ല. ഞാൻ അവൾക്കു വേണ്ടി കരയുന്നത് നല്ലതല്ല. അവളുടെ ആത്മാവ് അതു കണ്ട് സന്തോഷപ്പെടില്ല. ഞാൻ കരയുന്നത് അവൾക്ക് ഒരിക്കലും ഇഷ്ടമില്ല. അതു കൊണ്ട് ഞാൻ കരയാറില്ല.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Monisha mother sridevi unni remembers memories

Next Story
സണ്ണി ലിയോണിനൊപ്പം ലോകം കാവ്യയേയും തിരയുന്നുSunny Leone, Kavya Madhavan
The moderation of comments is automated and not cleared manually by malayalam.indianexpress.com