മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ വില്ലന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. ചിത്രം റിലീസ് ചെയ്ത് രണ്ടാഴ്ചയ്ക്ക് അകമാണ് വ്യാജ പതിപ്പ് തമിഴ് റോക്കേഴ്സ് എന്ന സൈറ്റിലൂടെ പുറത്തു വന്നിരിക്കുന്നത്. ഫ്രാന്‍സില്‍ നിന്നാണ് ചിത്രം അപ്‌ലോഡ് ചെയ്തിരിക്കുന്നതെന്നാണ് സൈബര്‍ സെല്ലിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. പൈറസിക്കെതിരെ തമിഴ് താരം വിശാല്‍ എടുത്ത നിലപാടുകള്‍ക്ക് പകരം വീട്ടാനാണ് വിശാല്‍ അഭിനയിച്ച മലയാള ചിത്രവും ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചതെന്നാണ് വിവരം.
നേരത്തെ വിശാല്‍ അഭിനയിച്ച തുപ്പരിവാളന്‍ അടക്കമുളള ചിത്രങ്ങളും ഇത്തരത്തില്‍ പ്രചരിപ്പിച്ചിരുന്നു. മലയാള സിനിമയില്‍ നിന്നും ആദ്യമായി 100 കോടി ക്ലബ്ബിലെത്തിയ പുലിമുരുകന് ശേഷം മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രമായിരുന്നു വില്ലന്‍.
കേരളത്തില്‍ മാത്രം 253 സ്‌ക്രീനുകളിലായിരുന്നു സിനിമ പ്രദര്‍ശിപ്പിച്ചിരുന്നത്. സിനിമയെ കുറിച്ച് ആദ്യം വന്നിരുന്ന പ്രതികരണം മോശമായിരുന്നെങ്കിലും ചിത്രം റിലീസ് ചെയ്ത് ഒരാഴ്ചയാവുമ്പോഴേക്കും മികച്ച കളക്ഷന്‍ നേടിയിരിക്കുകയാണ്. സിനിമ പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയില്ലെന്ന് റിവ്യൂ വന്നിരുന്നെങ്കിലും സാമ്പത്തികപരമായി നോക്കുമ്പോള്‍ വില്ലന്‍ സൂപ്പര്‍ ഹിറ്റാണ്. ഒക്ടോബര്‍ 27 ന് തിയേറ്ററുകളിലേക്കെത്തിയ വില്ലന്‍ ഒരാഴ്ച പിന്നീടുമ്പോഴേക്കും മികച്ച കളക്ഷന്‍ തന്നെയാണ് കേരള ബോക്‌സ് ഓഫീസില്‍ നിന്നും നേടിയിരിക്കുന്നത്.
ബിഗ് റിലീസായി തിയേറ്ററുകള്‍ കീഴടക്കാനെത്തിയ വില്ലന്‍ ആദ്യ ദിനം 4.91 കോടിയായിരുന്നു കേരള ബോക്‌സ് ഓഫീസില്‍ നിന്നും നേടിയിരുന്നത്. തുടക്കം തന്നെ മികച്ച കളക്ഷനാണ് ചിത്രം നേടിയിരുന്നത്. തുടക്കം നന്നായിരുന്നെങ്കിലും രണ്ടാം ദിവസം മുതല്‍ പ്രതീക്ഷിച്ച വിജയത്തിലേക്കെത്താന്‍ വില്ലന് കഴിഞ്ഞിരുന്നില്ല. വില്ലന്‍ റിലീസ് ചെയ്ത് ആദ്യത്തെ വാരാന്ത്യത്തിലെ കണക്ക് കൂട്ടുമ്പോള്‍ മൂന്ന് ദിവസം കൊണ്ട് 10 കോടിയായിരുന്നു മറികടന്നിരുന്നത്.
റിലീസ് ദിനത്തില്‍ തന്നെ വില്ലന്‍ കൊച്ചി മള്‍ട്ടിപ്ലെക്‌സിലും എത്തിയിരുന്നു. തുടര്‍ന്ന് അവിടെ നിന്നും നല്ലൊരു തുകയാണ് സിനിമയ്ക്ക് കിട്ടിയിരിക്കുന്നത്. ഏഴ് ദിവസം പ്രദര്‍ശിപ്പിച്ചപ്പോഴേക്കും 46.72 ലക്ഷമായിരുന്നു മള്‍ട്ടിപ്ലെക്‌സില്‍ നിന്നും സിനിമ നേടിയിരിക്കുന്നത്.
ഒക്ടോബര്‍ 27 ന് തിയേറ്ററുകളിലേക്കെത്തിയ വില്ലന്‍ യുഎഇ, യുസിസി എന്നിവിടങ്ങളില്‍ കൂടി റിലീസ് ചെയ്തിരിക്കുകയാണ്. 80 സെന്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. യുഎയിലടക്കം ഏറ്റവുമധികം സെന്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന മൂന്നാമത്തെ സിനിമ കൂടിയാണ് വില്ലന്‍. ഇതിനിടയിലാണ് വ്യാജന്‍ പ്രചരിക്കുന്നത്.