മോഹന്‍ലാലിനെ നായകനാക്കി വി.എ.ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന ഒടിയന്റെ ട്രെയിലര്‍ ഓണ്‍ലൈനില്‍ ലീക്കായി. വ്യാഴാഴ്ച ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. റിലീസിന് ഒരുദിവസം മുന്നെയാണ് ട്രെയിലര്‍ ചോര്‍ന്നിരിക്കുന്നത്. നാളെ റിലീസാകുന്ന മോഹന്‍ലാല്‍-നിവിന്‍ പോളി ചിത്രം കായംകുളം കൊച്ചുണ്ണിയുടെ പ്രദര്‍ശനത്തിനു മുന്നോടിയായി ഒടിയന്റെ ട്രെയിലര്‍ ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

Read More: ഇരുട്ടി വെളുത്തിട്ടും ‘ഒടിയന്‍’ വന്നില്ല: ‘ബച്ചേട്ടാ ട്രെയിലര്‍ എവിടെ?’ എന്ന് അക്ഷമരായി ലാല്‍ ഫാന്‍സ്‌

ഒരു തിയേറ്ററില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ ആരോ വീഡിയോയില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് നിലവില്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. ഔദ്യോഗിക റിലീസിന് മുന്നോടിയായി എന്തിനാണ് ട്രെയിലര്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചത് എന്ന് വ്യക്തമല്ല. കൂടുതല്‍ രംഗങ്ങളും ഇരുട്ടിന്റെ പശ്ചാത്തലത്തിലായതിനാല്‍ പ്രചരിക്കുന്ന ട്രെയിലറിലെ ദൃശ്യങ്ങള്‍ ഒട്ടും വ്യക്തമല്ല. എന്തായാലും ചിത്രത്തിലെ മോഹന്‍ലാലിന്റെ വ്യത്യസ്ത രൂപങ്ങളും ഭാവങ്ങളും ഉള്‍പ്പെടുത്തിയതാണ് ഔദ്യോഗിക ട്രെയിലര്‍.

വി.എ.ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ആശിര്‍വാദ് സിനിമാസ് ആണ് നിര്‍മ്മിക്കുന്നത്. ദേശീയ പുരസ്‌കാരജേതാവായ ഹരികൃഷ്ണനാണ് ‘ഒടിയന്‍’ സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

മോഹന്‍ലാല്‍ ‘ഒടിയനാ’യെത്തുന്ന ചിത്രത്തില്‍ പ്രകാശ് രാജ്, മഞ്ജു വാര്യര്‍, സിദ്ദിഖ്, ഇന്നസെന്റ്, നരേന്‍, നന്ദു, കൈലാസ്, സന അല്‍ത്താഫ് തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്. ചിത്രം ഡിസംബര്‍ 14ന് തിയേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook