മോഹന്‍ലാലിനെ നായകനാക്കി വി.എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒടിയനില്‍ ലാലേട്ടന്റെ പുതിയ ലുക്കിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഒടിയനിലെ മാണിക്യന്‍ എന്ന കഥാപാത്രമായി മാറാന്‍ അതികഠിനമായ പ്രയത്‌നത്തിലാണ് മോഹന്‍ലാല്‍. അതിശയിപ്പിക്കുന്ന മേക്കോവറിലാണ് ഒടിയനില്‍ മോഹല്‍ലാല്‍ എത്തുക എന്നാണ് അണിയറപ്രവര്‍ത്തകരുടെ അവകാശവാദം.

കാത്തിരിപ്പിന് അറുതിയായെന്ന് അറിയിച്ചുകൊണ്ടാണ് ആ പുതിയ വാര്‍ത്ത എത്തിയിരിക്കുന്നത്. ലാലേട്ടന്റെ ആ ലുക്ക് ഉടന്‍ വരുന്നുവെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെയാണ് ട്വിറ്ററില്‍ കുറിച്ചത്.

ഒടിയന്റെ ഷൂട്ടിങ് അതിന്റെ അവസാനഘട്ടത്തിലാണ്. മാണിക്യന്റെ ലുക്ക് മോഹന്‍ലാല്‍ തന്നെ ഈ മാസം 13ന് സമൂഹമാധ്യമത്തിലൂടെ പുറത്തുവിടുമെന്നും ഇതിന്റെ ടീസര്‍ ലോഞ്ച് 12ന് ഉണ്ടാകുമെന്നും ഒടിയന്‍ ടീം അറിയിച്ചു.

ദേശീയ അവാര്‍ഡ് ജേതാവ് ഹരികൃഷ്ണന്‍ തിരക്കഥ എഴുതി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ആക്ഷന്‍ ഒരുക്കുന്നത് പീറ്റര്‍ ഹെയ്നാണ്. ചിത്രം അടുത്തവര്‍ഷം തിയറ്ററുകളിലെത്തും.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഒടിയന്‍ നിര്‍മിക്കുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. പുലിമുരുകന്‍ എന്ന ചിത്രത്തില്‍ ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഒടിയന്റേയും ക്യാമറ ചെയ്യുന്നത്. എം.ജയചന്ദ്രനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. റഫീഖ് അഹമ്മദിന്റേതാണ് ഗാനരചന.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ