മോഹന്‍ലാല്‍ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ഒടിയ’ന് പശ്ചാത്തല സംഗീതം പകരാന്‍ തമിഴിലെ യുവ സംഗീതകാരന്‍ സാം സി.എസ്. ‘പുരിയാത പുതിര്‍’ എന്ന ആദ്യ ആല്‍ബത്തില്‍ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയ സാം, വിജയ്‌ സേതുപതി നായകനായ ‘വിക്രം വേദ’ എന്ന ചിത്രത്തിനും സംഗീതം പകര്‍ന്നിട്ടുണ്ട്. ഏഴോളം ചിത്രങ്ങള്‍ കരാറായിരിക്കെയാണ് ‘ഒടിയ’ന്‍റെ പശ്ചാത്തല സംഗീതത്തിനായി അണിയറ പ്രവര്‍ത്തകര്‍ സാമിനെ സമീപിക്കുന്നത്. ബോളിവുഡ് സിനിമകള്‍ ഉള്‍പ്പടെ നിരസിച്ച ഈ ചെറുപ്പക്കാരന്‍ എന്നാല്‍ ‘ഒടിയ’ന്‍റെ കഥ കേട്ടതും പശ്ചാത്തല സംഗീതം നിര്‍വ്വഹിക്കാം എന്ന് സമ്മതിക്കുകയായിരുന്നു.

“എം.ജയചന്ദ്രന്‍ സംഗീതം പകര്‍ന്ന ഗാനങ്ങള്‍ റെക്കോര്‍ഡ്‌ ചെയ്യപ്പെട്ടതിനു ശേഷമാണ് ‘ഒടിയ’ന്‍റെ അണിയറപ്രവര്‍ത്തകര്‍ എന്നെ പശ്ചാത്തല സംഗീതം ചെയ്യാനായി സമീപിക്കുന്നത്. ‘വിക്രം വേദ’യ്ക്ക് ശേഷമായിരുന്നു അത്. പശ്ചാത്തല സംഗീതം (മാത്രമായി) ചെയ്യാന്‍ ബോളിവുഡില്‍ നിന്ന് വരെ ഓഫറുകള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ ഒരു സിനിമ പൂര്‍ണമായും ചെയ്യണം എന്ന ആഗ്രഹം കൊണ്ട് അതൊന്നും സ്വീകരിച്ചില്ല.”, ഇന്ത്യന്‍ എക്സ്പ്രസിന് അനുവദിച്ച അഭിമുഖത്തില്‍ സാം പറഞ്ഞു.

സാമിന്‍റെ അഭിമുഖത്തിന്‍റെ പൂർണ രൂപം ഇംഗ്ലീഷില്‍ വായിക്കാം: Mohanlal’s Odiyan is a film to be proud of: Sam CS

sam cs

എന്നാല്‍ ‘ഒടിയ’ന്‍റെ കഥ കേട്ട സാം, തന്‍റെ നിലപാട് മാറ്റുകയും ഉടന്‍ തന്നെ ചിത്രം ചെയ്യാം എന്ന് സമ്മതിക്കുകയും ചെയ്യുകയായിരുന്നു.

“തിരക്കഥ കേട്ടപ്പോള്‍ വേണ്ട എന്ന് പറയാന്‍ തോന്നിയില്ല. അത്രയ്ക്ക് പ്രത്യേകതകളുള്ളതും, ‘നോണ്‍-ലീനിയറു’മായ ഒരു കഥയാണ് ‘ഒടിയന്‍’. ‘ത്രില്ലര്‍’ ഗണത്തില്‍പ്പെടുന്ന ഒരു ചിത്രം. ഒരു (പഴയ) കാലത്തെ, ആ ദേശത്തെ, ‘എത്തിനിക്’ ശബ്ദങ്ങള്‍ ആവശ്യപ്പെടുന്ന ഒരു ചിത്രം. കേരളത്തനിമയുള്ള ശബ്ദങ്ങളും സംഗീതോപകരണങ്ങളും പരീക്ഷിക്കാന്‍ കിട്ടുന്ന ഒരു അവസരമാണ് എന്നെ സംബന്ധിച്ച് ‘ഒടിയന്‍’.”

മൂന്നാറില്‍ മലയാള സിനിമ കണ്ടു വളര്‍ന്ന ഒരു കുട്ടിക്കാലമാണ് സാമിന്. അതുകൊണ്ട് തന്നെ മോഹന്‍ലാലിനൊപ്പം മലയാളത്തില്‍ തുടങ്ങാന്‍ സാധിച്ചു എന്നത് വലിയ ഭാഗ്യമായി കരുതുന്നു അദ്ദേഹം.

“തിരക്കഥയ്ക്കനുസരിച്ച് ഇപ്പോള്‍ തന്നെ കുറച്ചു ഭാഗങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. അത് കൂടി വച്ചിട്ടാണ് ആ രംഗങ്ങള്‍ ചിത്രീകരിക്കുന്നത്. നമുക്കെല്ലാം അഭിമാനിക്കാനുള്ള വക നല്‍കുന്ന ചിത്രമായിരിക്കും ‘ഒടിയ’നെന്നു തീര്‍ച്ചയാണ്.”, സാം കൂട്ടിച്ചേര്‍ത്തു.

 

അപൂര്‍വ്വമായ, ഇപ്പോള്‍ അധികം പ്രചാരത്തില്‍ ഇല്ലാത്ത സംഗീത ഉപകരണങ്ങള്‍ കൊണ്ടുള്ള പശ്ചാത്തല സംഗീതമാകും ‘ഒടിയ’നില്‍ ഉണ്ടാവുക എന്നും ഇന്ത്യന്‍ എക്സ്പ്രസിനോട് സംസാരിക്കവേ സാം വെളിപ്പെടുത്തി.

“ബാംബൂ (മുള) എന്ന് കേള്‍ക്കുമ്പോള്‍ നമ്മള്‍ ഓര്‍ക്കുന്നത് ഫ്ലൂട്ടിനെ (പുല്ലാംകുഴല്‍) കുറിച്ച് മാത്രമാണ്. എന്നാല്‍ മുള കൊണ്ടുള്ള സംഗീതോപകരണങ്ങള്‍ വേറെ ധാരാളമുണ്ട്. ഏതാണ്ട് ആറടി നീളമുള്ള, മുള കൊണ്ടുണ്ടാക്കുന്ന ഒരു സംഗീതോപകരണമുണ്ട്. പുല്ലാംകുഴല്‍ പോലെയേയല്ല അത്. വളരെ പഴയ ഒരു സംഗീതോപകരണമാണത്. അത് ഉപയോഗിക്കാന്‍ അറിയാവുന്ന ഒരേയൊരു സ്ത്രീയേ ഇപ്പോള്‍ ഉള്ളൂ. ‘ഒടിയ’നില്‍ അവരുടെ സംഗീതം ഉപയോഗിച്ചിട്ടുണ്ട്.”

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച്‌ വി.എ.ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒടിയന്‍’. ചിത്രത്തിന്‍റെ അവസാന ഷെഡ്യൂള്‍ ചിത്രീകരണം ഇപ്പോള്‍ പാലക്കാട് തേന്‍കുറിശ്ശിയില്‍ നടന്നു വരുന്നു. ‘ഒടിയന്‍’ മാണിക്യനായി മോഹന്‍ലാല്‍ എത്തുമ്പോള്‍ പ്രഭയായി മഞ്ജു വാര്യരും, രാവുണ്ണിയായി പ്രകാശ് രാജുമെത്തുന്നു. ഒപ്പം സിദ്ധിഖ്, ഇന്നസെന്റ്, സന, നരേൻ, കൈലാഷ് എന്നിവരും.

mohanlal young odiyan

‘ഒടിയ’നു വേണ്ടി ഭാരം കുറച്ച മോഹന്‍ലാല്‍ ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കാന്‍ കൊച്ചിയില്‍ എത്തിയപ്പോള്‍

പല കാലങ്ങളിലായി മാണിക്യന്‍റെ കഥ പറയുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ പല പ്രായക്കാരനായും എത്തുന്നു എന്നതാണ് ഒടിയന്‍റെ പ്രത്യേകത. ‘ഇരുവര്‍’ എന്ന തമിഴ് ചിത്രത്തിന് ശേഷം പ്രകാശ്‌ രാജും മോഹന്‍ലാലും ഒന്നിക്കുന്നു എന്നത് പ്രേക്ഷകരെ ത്രസിപ്പിക്കുന്ന മറ്റൊരു കാര്യം.

പാലക്കാട്, വാരണാസി എന്നിവിടങ്ങളില്‍ ചിത്രീകരിക്കുന്ന ‘ഒടിയ’ന്‍റെ തിരക്കഥ ഹരികൃഷ്ണന്‍, ക്യാമറ ഷാജി, സംഗീതം എം.ജയചന്ദ്രന്‍, കലാസംവിധാനം പ്രശാന്ത് മാധവ്. മൂന്ന് കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ‘ഒടിയ’ന്‍റെ കഥയ്ക്ക് അതിനനുസൃതമായ കഥാ പരിസരങ്ങള്‍ പാലക്കാട് തേന്‍കുറിശ്ശിയില്‍ പ്രശാന്ത് സൃഷ്ടിച്ചിട്ടുണ്ട്.

ശങ്കര്‍ മഹാദേവന്‍, ശ്രേയ ഘോശാല്‍ എന്നിവര്‍ ആലപിച്ച ഗാനങ്ങള്‍ ‘ഒടിയ’ന് വേണ്ടി സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍ റെക്കോര്‍ഡ് ചെയ്തു കഴിഞ്ഞു. വരികള്‍ റഫീഖ് അഹമ്മദ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ