കഴിഞ്ഞദിവസമാണ് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ ഒടിയനു ശേഷം താന്‍ അഭിനയിക്കാന്‍ പോകുന്ന പുതിയ ചിത്രത്തെക്കുറിച്ച് തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് വഴി പ്രഖ്യാപനം നടത്തിയത്. അടുത്തിടെയായി മോഹന്‍ലാല്‍ അഭിനയിച്ച പല ചിത്രങ്ങളുടെയും സംവിധായകര്‍ കേരളത്തിനു പുറത്തുനിന്നുള്ളവരായിരുന്നു. പെരുച്ചാഴിയുടെ സംവിധായകന്‍ അരുണ്‍ വൈദ്യനാഥന്‍, ജനത ഗാരേജിന്റെ സംവിധായകന്‍ കൊരട്ടല ശിവ.. ആ ശ്രേണിയിലേക്ക് പുതിയൊരാള്‍ കൂടി. അജോയ് വര്‍മ്മ. ബോളിവുഡാണ് അജോയ് വര്‍മ്മയുടെ തട്ടകം. മോഹന്‍ലാലിനൊപ്പമുള്ള ചിത്രമായിരിക്കും മലയാളത്തില്‍ അദ്ദേഹത്തിന്റെ ആദ്യം സംവിധാന സംരംഭം.

മുംബൈ, പുണെ, ശ്രീലങ്ക എന്നിവിടങ്ങളിലായി വരുന്ന ഡിസംബര്‍, ജനുവരി മാസങ്ങളിലായിക്കും ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ പുതിയ സിനിമയുടെ ചിത്രീകരണമെന്ന് അജോയ് വര്‍മ്മ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ഡ്രാമ-ത്രില്ലര്‍ ആയിരിക്കും ചിത്രമെന്നും സൂചനയുണ്ട്.

Read More: ഒടിയനു ശേഷം മോഹന്‍ലാല്‍ അഭിനയിക്കുക അജോയ് വര്‍മ്മ ചിത്രത്തില്‍

ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയതിനു ശേഷം മോഹന്‍ലാലിന്റെ കണ്ടുവെന്നും അദ്ദേഹത്തിന് തിരക്കഥ വളരെ ഇഷ്ടമായെന്നും അജോയ് പറയുന്നു. അവസാനഘട്ട മിനുക്കു പണികളിലായതിനാല്‍ അതു പൂര്‍ത്തിയാക്കിയതിനു ശേഷം അദ്ദേഹത്തിന്റെ കഥാപാത്രത്തെക്കുറിച്ചും സിനിമയെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാംഗോപാല്‍ വര്‍മ്മ, ജോണ്‍ മാത്യു മാത്തന്‍, രാജീവ് അഞ്ചല്‍ എന്നിവര്‍ക്കൊപ്പമാണ് അജോയ് നേരത്തെ സഹകരിച്ചിരുന്നത്. എഡിറ്ററായാണ് അജോയ് വര്‍മ്മയുടെ സിനിമാ കരിയറിന്റെ തുടക്കം. ബിയോണ്ട് ദി സോള്‍, നത്തിങ് ബട്ട് ലൈഫ്, ശിഖര്‍, ജയ് സന്തോഷി മാ എന്നീ ചിത്രങ്ങളുടെ എഡിറ്ററായി പ്രവര്‍ത്തിച്ച അജോയ് ആദ്യമായി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം എസ്ആര്‍കെ ആണ്. പിന്നീട് ദസ് തോല, സയനോര ഫിര്‍ മിലേംഗേ എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ