Mohanlal and Akshay Dance: ബോളിവുഡിലെയും തമിഴകത്തിലെയും മലയാളത്തിലെയും താരങ്ങൾ ഒന്നിച്ചെത്തിയ ഒരു ഗ്രാൻഡ് വിവാഹത്തിന് കഴിഞ്ഞയാഴ്ച ജയ്‌പൂർ സാക്ഷ്യം വഹിച്ചു. ഏഷ്യാനെറ്റ് ഡയറക്ടർ കെ മാധവന്റെ മകൻ ഗൗതമിന്റെയും ഹിരംഗിയുടെയും രാജസ്ഥാനിൽ വച്ചുനടന്ന വിവാഹാഘോഷത്തിൽ പങ്കെടുക്കാൻ മോഹൻലാൽ, അക്ഷയ് കുമാർ, കരൺ ജോഹർ, കമൽഹാസൻ, പൃഥ്വിരാജ്, ആമിർ ഖാൻ, വ്യവസായി എം എ യൂസഫലി, സ്റ്റീഫൻ ദേവസി തുടങ്ങിയ പ്രമുഖരെല്ലാം എത്തിയിരുന്നു.
വിവാഹവേദിയിൽ ഭാര്യ സുചിത്രയ്ക്ക് ഒപ്പം നൃത്തം ചെയ്യുന്ന മോഹൻലാലിന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. ആർആർആറിലെ നാട്ടു നാട്ടു എന്നു തുടങ്ങുന്ന ഗാനത്തിനൊപ്പമാണ് മോഹൻലാൽ ചുവടുവയ്ക്കുന്നത്.
വിവാഹചടങ്ങിനിടെ അക്ഷയ് കുമാറിനൊപ്പം ഭാംഗ്ര ഡാൻസിനു ചുവടുവയ്ക്കുന്ന മോഹൻലാലിന്റെ വീഡിയോയും കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. ‘നിങ്ങളോടൊപ്പമുള്ള ഈ നൃത്തം ഞാൻ എന്നെന്നും ഓർക്കും മോഹൻലാൽ സർ. തികച്ചും അവിസ്മരണീയമായ നിമിഷം,’ എന്നാണ് മോഹൻലാലിനൊപ്പമുള്ള നിമിഷങ്ങളെ അക്ഷയ് കുമാർ വിശേഷിപ്പിച്ചത്.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ‘മലൈക്കോട്ടൈ വാലിബന്റെ’ ചിത്രീകരണ തിരക്കിലാണ് മോഹൻലാൽ. രാജസ്ഥാനിലെ ജയ്സാൽമീറിൽ ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്.