മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്തൊരു ചിത്രമാണ് പദ്മരാജൻ സംവിധാനം ചെയ്ത ‘തൂവാനത്തുമ്പികള്‍’. ക്ലാരയും മണ്ണാറത്തൊടി ജയകൃഷ്ണനും രാധയുമെല്ലാം മലയാളികളുടെ മനസ്സു കവർന്ന പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്. മൂന്നു പതിറ്റാണ്ടുകൾക്കിപ്പുറവും പ്രേക്ഷകർ നെഞ്ചോടു ചേർക്കുന്ന ‘തൂവാനത്തുമ്പികളിലെ’ ജയകൃഷ്ണൻ മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായാണ് എണ്ണപ്പെടുന്നത്.
‘തൂവാനത്തുമ്പികൾ’ ലൊക്കേഷനിൽ നിന്നുള്ള മോഹൻലാലിന്റെ ഒരു പഴയ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. ചിത്രത്തിൽ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയേയും കാണാം. മകന്റെ അഭിനയം നേരിൽ കാണാൻ തൃശൂർ കേരളവർമ്മ കോളേജിലെ തൂവാനത്തുമ്പികളുടെ ലൊക്കേഷനിൽ എത്തിയതായിരുന്നു ആ അമ്മ. പദ്മരാജൻ്റെ മകനും എഴുത്തുകാരനുമായ അനന്തപത്മനാഭനാണ് ഈ ചിത്രം പുറത്തുവിട്ടിരിക്കുന്നത്. മോഹൻലാലിന്റെ അമ്മാവൻ രാധാകൃഷ്ണനൊപ്പമാണ് ശാന്തകുമാരിയമ്മ ലൊക്കേഷനിൽ എത്തിയത്.
“അമ്മ മകന്റെ സെറ്റിൽ വന്ന അപൂർവ്വ നിമിഷം. 1977ലാണ് വിശ്വനാഥൻ നായർ അങ്കിളിനെയും, ശാന്ത ആന്റിയെയും അച്ഛനും അമ്മയും പരിചയപ്പെടുന്നത്. ഞങ്ങളുടെ ബന്ധു , എം. ശേഖരൻ എന്ന ഉണ്ണി വല്യച്ഛന്റെ ജഗതിയിലുളള വീട്ടിൽ വെച്ച്. അദ്ദേഹം സെക്രട്ടേറിയറ്റ് ലോ സെക്രട്ടറി ആയിരുന്നു. വിശ്വനാഥൻ നായർ അങ്കിളിന്റെ സഹപ്രവർത്തകൻ. അന്ന് ലാലേട്ടൻ തുടങ്ങിയിട്ടില്ല. പിന്നെയുളള വർഷങ്ങളിൽ അമ്മയും ശാന്ത ആന്റിയും നല്ല പരിചയക്കാരായി , നല്ല കൂട്ടുകാരികളും. അന്ന് തൃശ്ശൂർ സെറ്റിൽ അമ്മയും വന്നത് കൊണ്ട് അവർക്ക് കഥ പറഞ്ഞിരിക്കാനായി. പൂജപ്പുര കഥകൾ.
ഷോട്ടിനിടക്ക് ലാലേട്ടൻ വന്നു കുസൃതി പറഞ്ഞ് പോവും. ഒപ്പം അദ്ദേഹത്തിന്റെ അമ്മാവൻ രാധാകൃഷ്ണനും ഉണ്ട്. ‘തൂവാനത്തുമ്പി’ കളിലെ “മൂലക്കുരുവിന്റെ അസ്ക്യത ” എടുക്കുന്ന സമയം. അമ്മ വന്നതിന്റെ പ്രസന്നത മുഴുവനും ആ പ്രകടനത്തിൽ തോന്നിയിട്ടുണ്ട്.
ശാന്ത ആന്റിയും അമ്മയുമൊന്നും ഷോട്ട് കാണാനൊന്നും നിന്നില്ല. കോളേജിന്റെ ഇടനാഴിയിൽ ഇരുന്ന് കഥ പറച്ചിൽ . ” ലാലുവിന്റെ കല്യാണ ആലോചനകൾ ” തന്നെ വിഷയം.
ഓർമ്മ ശരിയെങ്കിൽ ഏതോ ആലോചന സംബന്ധമായി വടക്കോട്ട് പോകുന്ന വഴി മദ്ധ്യേയാണ് അമ്മയും അമ്മാവനും ഇറങ്ങിയത്.
“തൂവാനത്തുമ്പികൾ ” കഴിഞ്ഞ് അധികം താമസ്സിയാതെ വിവാഹവുമുറപ്പിച്ചു.
ചിത്രത്തിൽ ലാലേട്ടനും ശാന്ത ആന്റിക്കും രാധാകൃഷ്ണൻ സാറിനും ഒപ്പം അമ്മയും മാതുവും,” അനന്തപത്മനാഭൻ കുറിച്ചു.
തൂവാനത്തുമ്പികളുടെ ലൊക്കേഷനിൽ മോഹൻലാലിന്റെ അമ്മ വന്നതിനെ കുറിച്ച് പത്മരാജന്റെ ഭാര്യ രാധാലക്ഷ്മിയും മുൻപൊരു അവസരത്തിൽ പറഞ്ഞിരുന്നു. പൊതുവെ പത്മരാജന്റെ സിനിമാസെറ്റുകളിൽ താൻ പോവാറുണ്ടായിരുന്നില്ലെന്നും എന്നാൽ ‘തൂവാനത്തുമ്പികൾ’ ചിത്രീകരിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു തവണ താനും മക്കളും ലൊക്കേഷനിൽ പോയിരുന്നു എന്നുമാണ് അവർ പറഞ്ഞത്. “ലാലിന്റെ അമ്മയും ഞാനും ഒന്നിച്ച് തൂവാനത്തുമ്പികളുടെ സെറ്റിൽ ഉണ്ടായിരുന്നു. ഞാൻ സാധാരണ അദ്ദേഹത്തിന്റെ ഷൂട്ടിംഗ് സെറ്റുകളിൽ പോകാറില്ല. എന്നാൽ തൂവാനത്തുമ്പികൾ നടക്കുന്ന സമയത്ത് എറണാകുളത്ത് ഒരു കല്യാണത്തിന് പോയി വരുന്ന വഴിക്ക് ഞാനും മക്കളും സെറ്റിലേക്ക് പോയിരുന്നു. അന്ന് മോഹൻലാലും അശോകനും കൂടിയുള്ള ഒരു സീൻ കേരളവർമ്മ കോളേജിൽ വച്ച് ചിത്രീകരിക്കുകയായിരുന്നു. അന്ന് ആ ചിത്രീകരണം കാണാൻ മോഹൻലാലിന്റെ അമ്മ ശാന്തചേച്ചിയും അമ്മാവൻ രാധാകൃഷ്ണൻ ചേട്ടനും ഉണ്ടായിരുന്നു. ഞങ്ങൾ ഒന്നിച്ചിരുന്നാണ് സിനിമയുടെ ചിത്രീകരണം കണ്ടത്.”
സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം പാതിവഴിയിൽ നിന്നു പോകുമായിരുന്ന ചിത്രമായിരുന്നുു ‘തൂവാനത്തുമ്പികൾ’ എന്നും അന്ന് സഹായഹസ്തവുമായി എത്തിയത് മോഹൻലാലായിരുന്നുവെന്നും പത്മരാജന്റെ ഭാര്യ രാധാലക്ഷ്മി മുൻപ് വെളിപ്പെടുത്തിയിരുന്നു.
“നിർമ്മാണം പാതി വഴിയിൽ നിലച്ചു പോകേണ്ട ‘തൂവാനത്തുമ്പികൾ’ മുന്നോട്ട് പോവാൻ സഹായഹസ്തം ലഭിച്ചിരുന്നു. ‘തൂവാനത്തുമ്പികളുടെ’ ചിത്രീകരണം നടക്കുന്നതിനിടെ സിനിമയുടെ നിർമ്മാതാവിന് ഹൃദയസ്തംഭനം ഉണ്ടായി. സിനിമ നിന്നു പോയേക്കും എന്ന അവസ്ഥ വന്നപ്പോൾ സ്വന്തം കൈയിൽ നിന്നും പണം മുടക്കി ഷൂട്ടിങ് തുടങ്ങാൻ സഹായിച്ചത് മോഹൻലാൽ ആയിരുന്നു. പിന്നീട് ഗാന്ധിമതി ബാലൻ സിനിമയുടെ നിർമാണം ഏറ്റെടുത്താണ് ‘തൂവാനത്തുമ്പികൾ’ പൂർത്തിയാക്കിയത്,” കേരളകൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിൽ രാധാലക്ഷ്മി പറഞ്ഞു.