ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുകയണയ്ക്കൽ അന്തിമ ഘട്ട പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. 12 ദിവസം പിന്നിടുമ്പോഴും കൊച്ചിയിലെ പുക പ്രശ്നം ഒടുങ്ങുന്നില്ല. നഗരത്തിലെ പല ഭാഗങ്ങളിലും ജീവിതം ദുസ്സഹമാവുകയാണ്. ദിവസങ്ങളായി ഈ വിഷപുക ശ്വസിക്കുന്നത് ആളുകളെയും പരിഭ്രാന്തിയിലാക്കുന്നുണ്ട്. താരങ്ങളും സാധാരണ ജനങ്ങളുമടക്കം നിരവധിയേറെ പേരാണ് സമൂഹമാധ്യമങ്ങളിലൂടെ ബ്രഹ്മപുരം വിഷയത്തിൽ പ്രതികരണം രേഖപ്പെടുത്തിയത്.
ആറു വർഷങ്ങൾക്കു മുൻപ് നടൻ മോഹൻലാൽ മുഖ്യമന്ത്രി പിണറായി വിജയനു നൽകിയ നിവേദനത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മോഹൻലാൽ എന്ന നടൻ അല്ല മറിച്ച് ഒരു പൗരൻ എഴുതുന്ന നിവേദനമായി ഈ കത്തിനെ കാണണമെന്നാണ് താരം വീഡിയോയിൽ പറയുന്നത്. തന്റെ ശ്രദ്ധയിൽപ്പെട്ട ചില കാര്യങ്ങൾ ഇവിടെ കുറിക്കുന്നെന്ന് മോഹൻലാൽ പറയുന്നു.
കേരളത്തിനെ പേടിപ്പിക്കുന്ന ഭീകരൻ ആരെന്നു ചോദിച്ചാൽ മാലിന്യം എന്നായിരിക്കും തന്റെ ഉത്തരം എന്നാണ് താരം പറയുന്നത്. “നമ്മുടെ ഒന്നിലധികം പ്രശ്നങ്ങൾക്കു കാരണം എല്ലായിടത്തും കുമിഞ്ഞ് കൂടുന്ന മാലിന്യമാണ്. പകർച്ചവ്യാധികൾ മുതൽ അലഞ്ഞു നടക്കുന്ന നായ്ക്കൾ വരെ മാലിന്യ കൂമ്പാരത്തിനു ചുറ്റും നിന്ന് ഉണ്ടാവുന്നതാണ്. ഞാനടക്കമുള്ള നിരവധി കലാകാരന്മാർ ഇതിനെതിരെ ബോധവത്കരണ പരസ്യങ്ങൾ ചെയ്തിട്ടുണ്ട്. എന്നിട്ടും ഒരു കാര്യമില്ല. റോഡിനിരുവശവുമുള്ള മാലിന്യങ്ങൾ കൂടുക മാത്രമെ ചെയ്തിട്ടുള്ളൂ” മോഹൻലാൽ പറയുന്നു.
മാലിന്യം നിക്ഷേപിക്കുന്നതിനു കൃത്യമായി രീതികളുണ്ടാകണമെന്നും ഇതു ലംഘിക്കുന്നവർക്ക് ശിക്ഷ ഉറപ്പാക്കണമെന്നും താരം പറഞ്ഞു. വർഷങ്ങൾക്കു മുൻപ് തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ച വീഡിയോ ഇപ്പോഴും പ്രസക്തമാണ്.
അനവധി താരങ്ങളും പ്രതിഷേധവും ജാഗ്രതയും നൽകി പോസ്റ്റുകൾ പങ്കുവച്ചിരുന്നു. ഈ ദുരവസ്ഥ എന്നു തീരുമെന്നറിയാതെ കൊച്ചി നീറി പുകയുകയാണെന്നാണ് നടി മഞ്ജു വാര്യർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. “ഈ ദുരവസ്ഥ എന്നു തീരുമെന്നറിയാതെ കൊച്ചി നീറി പുകയുന്നു. ഒപ്പം നമ്മുടെ മനസ്സും. തീയണയ്ക്കാൻ പെടാപ്പാടുപെടുന്ന അഗ്നിശമന സേനയ്ക്ക് സല്യൂട്ട്. ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പാലിക്കാം. തീയും പുകയും പരിഭ്രാന്തികളും എത്രയും വേഗം അണയട്ടെ. കൊച്ചി സ്മാർട്ട് ആയി മടങ്ങി വരും!” തീയണയ്ക്കാനായി അഹോരാത്രം പ്രവർത്തിക്കുന്ന അഗ്നിശമന സേനയെ അഭിനന്ദിക്കാനും താരം മറന്നില്ല.
മഞ്ജു വാര്യർ മാത്രമല്ല സംവിധായകൻ മിഥുൻ മാനുവൽ, നടന്മാരായ ഉണ്ണി മുകുന്ദൻ, പൃഥിരാജ്, വിനയ് ഫോർട്ട്, ആന്റണി വർഗീസ് പെപ്പേ, നീരജ് മാധവ്, രമേഷ് പിഷാരടി, അനൂപ് മേനോൻ എന്നിവരും ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപ്പിടുത്തവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്.