ഏതാനും ദിവസങ്ങള്‍ മുൻപാണ് കൈയ്യില്‍ ഡംബല്‍സുമായി നിൽക്കുന്ന ചിത്രം സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. കേന്ദ്ര കായികമന്ത്രി രാജ്യവര്‍ധന്‍ റാത്തോഡിന്റെ വെല്ലുവിളി സ്വീകരിച്ചാണ് മോഹന്‍ലാല്‍ ചിത്രം പോസ്റ്റ് ചെയ്തത്. ഇപ്പോഴിതാ ജിമ്മില്‍ നിന്നുമുള്ള മറ്റൊരു വീഡിയോ അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നു. വീഡിയോയ്ക്കു താഴെ ആരാധകരുടെ ബഹളമാണ്.

ശാരീരിക ക്ഷമത നിലനിര്‍ത്താനുള്ള സന്ദേശവുമായി ആരംഭിച്ച ഫിറ്റ് ഇന്ത്യ ഹിറ്റ് ചലഞ്ച് ക്യാംപെയിന്റെ ഭാഗമായുള്ള വെല്ലുവിളിയാണ് മോഹന്‍ലാല്‍ സ്വീകരിച്ചിരിക്കുന്നത്. സൂര്യ, ജൂനിയര്‍ എന്‍ടിആര്‍, പൃഥ്വിരാജ് എന്നിവരെ മോഹന്‍ലാല്‍ ചലഞ്ച് സ്വീകരിക്കാന്‍ ക്ഷണിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ബ്രിട്ടനില്‍ നിന്നുളള ചിത്രങ്ങള്‍ മോഹന്‍ലാല്‍ പോസ്റ്റ് ചെയ്തത് ആരാധകര്‍ ആഘോഷമാക്കിയിരുന്നു. ലാലേട്ടനെ നായകനാക്കി ഹിറ്റ്മേക്കര്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ ദിവസം യുകെയില്‍ ആരംഭിച്ചിരിക്കുന്നു. അവിടെ നിന്നുള്ള ലാലേട്ടന്റെ ചുള്ളന്‍ ഫോട്ടോയാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. പുതിയ ചിത്രവും ഇവിടെ നിന്നുളളതാണെന്നാണ് വിവരം.

Read More:കായികമന്ത്രിയുടെ വെല്ലുവിളി സ്വീകരിച്ച് മോഹന്‍ലാല്‍; ഡംബല്‍ കൈയ്യിലേന്തിയ ചിത്രം വൈറല്‍

നിരവധി ഹിറ്റ് സിനിമകള്‍ക്ക് ശേഷം മോഹന്‍ലാല്‍-രഞ്ജിത്ത് കൂട്ടുകെട്ടില്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം യുകെയില്‍ ആരംഭിച്ച വിവരം ലാലേട്ടന്‍ തന്നെയാണ് ആരാധകരെ അറിയിച്ചത്. ലോഹത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയെന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ