കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി നടൻ മോഹൻലാല്‍. താൻ ജീവിതത്തിൽ കണ്ട ഏറ്റവും ക്ഷമയുള്ള കേൾവിക്കാരനാണ് മോദിയെന്ന് അദ്ദേഹം ബ്ലോഗില്‍ എഴുതി. കഴിഞ്ഞയാഴ്ച്ച മോദിയെ കണ്ട വിശേഷങ്ങളാണ് അദ്ദേഹം ബ്ലോഗില്‍ പറയുന്നത്.

‘നേരത്തെ അപേക്ഷിച്ചതനുസരിച്ചാണ് പ്രധാനമന്ത്രിയെ കാണാൻ അനുവാദം ലഭിച്ചത്. നടന്റെ അച്ഛൻ വിശ്വനാഥൻ നായരുടേയും അമ്മ ശാന്തകുമാരിയുടേയും പേരിൽ ആരംഭിച്ച വിശ്വശാന്തി ചാരിറ്റിബള്‍ ട്രസ്റ്റിന്‍റെ പ്രവർത്തനെങ്ങളെക്കുറിച്ചാണ് പ്രധാനമന്ത്രിയുമായി കൂടുതലായും സംസാരിച്ചത്. വിശ്വശാന്തിയുടെ പ്രവർത്തനങ്ങള്‍ പ്രഖ്യാപിക്കുന്ന ചടങ്ങിൽ സ്ഥലത്തുണ്ടെങ്കില്‍ ഉറപ്പായും പങ്കെടുക്കുമെന്ന് പ്രധാനമന്ത്രി വാക്ക് നൽകി.പ്രധാനമന്ത്രിയെ സന്ദർശിച്ചതിനെതുടർന്ന് പല ഊഹാപോഹങ്ങളും പ്രചരിച്ചിരുന്നു. എന്നാൽ അതിലൊന്നും മറുപടി പറയുന്നില്ലെന്നും. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ രാഷ്ട്രീയ കാര്യങ്ങളൊന്നും തന്നെ ചർച്ച ചെയ്തിട്ടില്ലെന്നും താരം വ്യക്തമാക്കി.

‘നാല് കാര്യങ്ങളാണ് നരേന്ദ്ര മോദിയുമായി ചര്‍ച്ച ചെയ്തത്. കേരളത്തിലെ ആദിവാസികളുടെ ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ വിശ്വശാന്തി ട്രസ്റ്റ നടത്താന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍, ട്രസ്റ്റിന്റെ പേരില്‍ തുടങ്ങാന്‍ താല്‍പര്യപ്പെടുന്ന കാന്‍സര്‍ കെയര്‍ സെന്ററിനെക്കുറിച്ച്, കേരള പുനര്‍നിര്‍മ്മാണം ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ പദ്ധതിയിടുന്ന ഗ്ലോബല്‍ മലയാളി റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ്, ഭാവി പദ്ധതിയായ യോഗ റീഹാബിലിറ്റേഷന്‍ സെന്റര്‍ എന്നിവയെക്കുറിച്ചാണ് ചര്‍ച്ച ചെയ്തത്. പ്രളയാനന്തര കേരളത്തില്‍ ട്രസ്റ്റിന്റെ പേരില്‍ ചെയ്ത ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും മോദിയോട് വിശദീകരിച്ചു. കേരളത്തിലെ ചെറിയ കാര്യങ്ങള്‍ പോലും അദ്ദേഹം മനസ്സിലാക്കി വച്ചിരുന്നുവെന്നത് എന്നെ അത്ഭുതപ്പെടുത്തി. രാഷ്ട്രീയഭേദമില്ലാതെ കേരളത്തിനായി എന്തു സഹായവും നല്‍കാമെന്ന് പ്രധാനമന്ത്രി തന്നോട് പറഞ്ഞുവെന്നും ഒരു കാര്യത്തിലും അവകാശവാദം ഉന്നയിക്കാതെ സേവന സന്നദ്ധനായ ഒരു പൗരനെ പോലെയാണ് അദ്ദേഹം പ്രതികരിച്ചതെന്നും മോഹന്‍ലാല്‍ ബ്ലോഗില്‍ വിവരിക്കുന്നു.

മോദിയെ കണ്ട് പിരിയുന്പോള്‍ തനിക്ക് പോസീറ്റീവ് എനര്‍ജി അനുഭവപ്പെട്ടെന്നും പോസീറ്റീവ് എനര്‍ജിക്ക് പാര്‍ട്ടി,മതഭേദമില്ലെന്നും മനസ്സ് തുറന്ന് ആത്മാര്‍ത്ഥമായി അടുത്തു നിന്നാല്‍ അതെല്ലാവര്‍ക്കും ഉണ്ടാവുമെന്നും മോദിയെ കണ്ടു പിരിഞ്ഞു മൂന്നാഴ്ച്ച കഴിഞ്ഞിട്ടും ആ എനര്‍ജി തന്നില്‍ നിലനില്‍ക്കുന്നുണ്ടെന്നും ലാല്‍ പറഞ്ഞു. മോദിയുമായുള്ള താരത്തിന്റെ കൂടിക്കാഴ്ച്ച ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി അണിനിരത്താൻ ഉദ്ദേശിക്കുന്ന പ്രശസ്തരിൽ നടൻ മോഹൻലാലും ഉൾപ്പെടുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയായിരുന്നു താരത്തിന്റെ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ച.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ