ലോക്ക്‌ഡൗൺ കാലം ചെന്നൈയിലെ വീട്ടിൽ കുടുംബത്തിനൊപ്പം ചെലവഴിക്കുകയാണ് മോഹൻലാൽ. പാചക പരീക്ഷണങ്ങളും വായനയുമൊക്കെയായി ഒഴിവു സമയങ്ങൾ ഫലപ്രദമായി ഉപയോഗിക്കുകയാണ് താരം. ഇപ്പോഴിതാ, തന്റെ പ്രിയപ്പെട്ട വളർത്തുനായ ബെയ്‌ലിയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയാണ് മോഹൻലാൽ. ബെയ്‌ലിയെ സ്നേഹപൂർവ്വം ചേർത്തു പിടിച്ചു കൊണ്ടുള്ള ചിത്രങ്ങൾ ആരുടെയും ശ്രദ്ധ കവരും.

ഷൂട്ടിംഗ് തിരക്കുകളൊന്നുമില്ലാതെ താരത്തിനൊപ്പം കുറേനാളുകൾ ഒന്നിച്ച് വീട്ടിൽ കഴിയാൻ കഴിഞ്ഞതിന്റെ സന്തോഷം ഭാര്യ സുചിത്രയും പങ്കുവച്ചിരുന്നു. ” അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ഭക്ഷണമൊരുക്കി ഞാൻ ഉറങ്ങാതെ കാത്തിരുന്ന ഒരുപാട് സമയങ്ങളുണ്ടായിട്ടുണ്ട്. തിരക്കേറിയ ഷൂട്ടിംഗ് തിരക്കുകൾക്കിടയിൽ അദ്ദേഹത്തിന് പലപ്പോഴും വീടെത്താൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ രണ്ടുമാസമായി, അദ്ദേഹമെനിക്ക് ഭക്ഷണം പാകം ചെയ്തു തരുന്നു. ഇടയ്ക്ക് യൂട്യൂബിൽ കുക്കിംഗ് വീഡിയോകൾ കാണുന്നു, അദ്ദേഹത്തിന് അദ്ദേഹത്തിന്റെതായ ഒരു കുക്കിംഗ് സ്റ്റൈൽ ഉണ്ട്. എന്റെ സുഹൃത്തുക്കളെല്ലാം അവരുണ്ടാക്കിയ ഭക്ഷണത്തിന്റെ ചിത്രം വാട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുമ്പോൾ ഞാൻ എന്റെ ഭർത്താവ് പാകം ചെയ്ത ഡിഷുകളുടെ ചിത്രം പോസ്റ്റ് ചെയ്യുന്നു. ഇതെല്ലാം ആസ്വദിക്കാൻ കഴിയുമെന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ല. അച്ഛനെ ഇങ്ങനെ വീട്ടിൽ കിട്ടിയതിൽ മക്കളും സന്തോഷത്തിലാണ്. പുറത്തു നിങ്ങൾ കാണുന്ന മോഹൻലാൽ തന്നെയാണ് വീട്ടിലും. ഒട്ടും മാറ്റമില്ല, ഒരിക്കലും പരാതി പറയാത്ത ലാളിത്യമുള്ള മനുഷ്യൻ,” ലോക്ക്‌ഡൗൺ കാലത്തെ ജീവിതത്തെ കുറിച്ചും മോഹൻലാലിനെ കുറിച്ചും സുചിത്ര പറഞ്ഞതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു.

രാത്രി വൈകി ഐസ്ക്രീം കഴിക്കുന്ന ശീലം താരത്തിനുണ്ടെന്നും സുചിത്ര പറയുന്നു. താരത്തിന്റെ ഈ ഇഷ്ടം അറിയാവുന്ന തന്റെ അച്ഛൻ മരുമകനായ ഫ്രിഡ്ജിൽ ഐസ്ക്രീമുകൾ കരുതിവെയ്ക്കാറുണ്ടായിരുന്നെന്നും സുചിത്ര പറയുന്നു. പ്രശസ്ത തമിഴ് നടനും നിർമ്മാതാവായ കെ. ബാലാജിയുടെ മകളും സുരേഷ് ബാലാജിയുടെ സഹോദരിയുമാണ് സുചിത്ര.

Read more: ഇതിഹാസത്തിനൊപ്പമുള്ള സെൽഫി മിസ് ചെയ്യരുത്; മോഹൻലാലിനും ശ്വേതയ്ക്കും ഒപ്പം അജു വർഗീസ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook