ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണ തിരക്കിലാണ് മോഹൻലാൽ. ചിത്രത്തിൽ മണികണ്ഠൻ ആചാരിയും വേഷമിടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. മണികണ്ഠന്റെ മകൻ ഇസൈ മണികണ്ഠനു പിറന്നാൾ ആശംസകൾ അറിയിക്കുകയാണ് മോഹൻലാൽ.
“ഇസൈ മണികണ്ഠനു പിറന്നാൾ ആശംസകൾ. വലുതാകുമ്പോൾ ഞാൻ ആരാണെന്ന് അച്ഛൻ പറഞ്ഞു തരും” എന്നാണ് മണികണ്ഠനെ ചേർത്തുപ്പിടിച്ച് മോഹൻലാൽ പറഞ്ഞത്. മകന്റെ പിറന്നാളിനു കിട്ടുന്ന ഏറ്റവും വലിയ സമ്മാനമായിരിക്കുമിതെന്ന് മണികണ്ഠൻ പറയുന്നു. രാജസ്ഥാനിലെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ നിന്നാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചതെന്നാണ് വ്യക്തമാകുന്നത്. മോഹൻലാലിനു നന്ദി അറിയിക്കുന്നതിനൊപ്പം കുഞ്ഞിന്റെ ചിത്രവും വീഡിയോയ്ക്ക് അവസാനം മണികണ്ഠൻ ചേർത്തിട്ടുണ്ട്.
‘കമ്മട്ടിപ്പാടം’ എന്ന ചിത്രത്തിലൂടെ “കയ്യടിക്കട” എന്നും പറഞ്ഞ് മലയാള സിനിമാപ്രേക്ഷകരുടെ ഹൃദയത്തിലിടം നേടിയ നടനാണ് മണികണ്ഠൻ ആചാരി. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ മണികണ്ഠൻ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവക്കാറുണ്ട്.
കുഞ്ഞു പിറന്നതിന്റെ വിശേഷങ്ങളും ചോറൂണിന്റെ ചിത്രങ്ങളും ആരാധകർക്കായി പങ്കുവച്ചിരുന്നു . “ഞങ്ങളുടെ മകൻ “ഇസൈ” യുടെ ചോറൂണ് ഇന്ന് തൃപ്പൂണിത്തുറ ശ്രീ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിൽ വച്ചു നടന്നു….എല്ലാവരുടെയും അനുഗ്രഹാശംസകൾ ഉണ്ടാവണം” എന്ന് കുറിച്ചുകൊണ്ടാണ് ചിത്രങ്ങൾ പങ്കുവച്ചത്.
ലോക്ക്‌ഡൗൺ കാലത്ത് ആഘോഷങ്ങളോ ആൾക്കൂട്ടമോ ഇല്ലാതെയാണ് നടന്‍ മണികണ്ഠൻ ആചാരി മരട് സ്വദേശിയായ അഞ്ജലിയെ ജീവിത സഖി ആക്കിയത്.