മലയാളസിനിമയുടെ കാരണവർ മധുവിന് ഇന്ന് 85-ാം പിറന്നാൾ. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ ഫെയ്സ്‌ബുക്കിൽ പോസ്റ്റ് ചെയ്ത് മധുവിന് പിറന്നാൾ ആശംസകൾ നേരുകയാണ് മോഹൻലാൽ.
“കാലുഷ്യമില്ലാത്ത മനസ്സാണ് ദീർഘായുസ്സിനുള്ള സിദ്ധൗഷധം എന്ന് എന്നെയും നിങ്ങളേയും പഠിപ്പിക്കുന്നു ഈ വലിയ മനുഷ്യൻ! എന്റെ പ്രിയ മധു സാറിന് കടലോളം സ്നേഹവും ജന്മദിനാശംസകളും,” എന്ന ആശംസകളോടെയാണ് പിറന്നാൾ ആഘോഷത്തിന്റെ ചിത്രം മോഹൻലാൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
മൂന്നര പതിറ്റാണ്ടിലേറെ പഴക്കമുള്ള സൗഹൃദത്തിന് ഉടമകളാണ് മധുവും മോഹൻലാലും.’പടയോട്ടം’ സിനിമയുടെ കാലത്താണ് ഇരുവരും തമ്മിലുള്ള സൗഹൃദം ആരംഭിക്കുന്നത്. മധുവിന്റെ എല്ലാ പിറന്നാളിനും ലോകത്തിന്റെ ഏതുകോണിൽ ആയാലും വിളിച്ച് ആശംസ അറിയിക്കാൻ മോഹൻലാൽ മറക്കാറില്ല. ഇത്തവണ ലൂസിഫറിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഉള്ളതുകൊണ്ട് പിറന്നാളിനു രണ്ടുദിവസം മുൻപു തന്നെ നേരിട്ട് മധുവിന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തിയാണ് ആശംസകൾ അറിയിച്ചത്. മധുവിന്റെ മകളുടെയും മരുമകന്റെയും സാന്നിധ്യത്തിൽ കേക്ക് മുറിച്ച് മുൻകൂറായി തന്നെ തന്റെ പ്രിയപ്പെട്ട ‘മധുസാറി’ന്റെ പിറന്നാൾ ആഘോഷിക്കുകയായിരുന്നു താരം. ആ ആഘോഷത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ഫെയ്‌സ്‌ബുക്കിൽ ഷെയർ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ അഞ്ചര പതിറ്റാണ്ടായി വൈവിധ്യസമ്പന്നമായ വേഷങ്ങളോടെ മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന മധു 1963 ൽ ‘നിണമണിഞ്ഞ കാല്പാടുകളി’ലൂടെയാണ് തന്റെ അരങ്ങേറ്റം കുറിക്കുന്നത്. മോഹൻലാലിനൊപ്പം ‘കുഞ്ഞാലി മരയ്ക്കാർ’ എന്ന സിനിമയിലും ഒരു പ്രധാന വേഷത്തിൽ മധു എത്തുന്നുണ്ട്.
മലയാളത്തിന്റെ അഭിനയകുലപതിയ്ക്ക് ആശംസകൾ അർപ്പിച്ച് ഫെഫ്കയും പിറന്നാൾ ആശംസകൾ അറിയിക്കുന്നുണ്ട്. ഔദ്യോഗിക ഫെയ്‌സ്‌ബുക്ക് പേജിലാണ് ഫെഫ്കയുടെ ആശംസ.