കൊച്ചി: ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തില്‍ എടികെയെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്ത കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ കളി കണ്ട ആരാധകരെല്ലാം പറഞ്ഞു, ഇത് പഴയ ബ്ലാസ്റ്റേഴ്‌സല്ല. കഴിഞ്ഞ സീസണില്‍ ഗ്യാലറിയില്‍ മാത്രമായിരുന്നു ബ്ലാസ്റ്റേഴ്‌സ് ജയിച്ചത്. ഇത്തവണ അടിമുടി മാറിയ കളിയുമായി ഡേവിഡ് ജെയിംസും സംഘവും എത്തുമ്പോള്‍ കൊച്ചിയിലെ മത്സരത്തില്‍ ആവേശം അണപൊട്ടിയൊഴുകുമെന്ന് ഉറപ്പാണ്. നാളെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മാച്ച്.

മുംബൈ സിറ്റിയുമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ മത്സരം. ജംഷഡ്പൂരിനോട് എതിരില്ലാത്ത രണ്ട് ഗോളിന് തോറ്റതിന്റെ ക്ഷീണത്തിലാണ് മുംബൈ കൊച്ചിയില്‍ വിമാനമിറങ്ങുന്നത്. കൊച്ചിയിലെ മഞ്ഞക്കടലിന് മുന്നില്‍ പന്തു തട്ടുന്നതിന്റെ ആനുകൂല്യം ബ്ലാസ്റ്റേഴ്‌സിനുണ്ടെങ്കിലും മുംബൈയും പോരാടാതെ മടങ്ങാനല്ല വരുന്നത്. അതുകൊണ്ട് തന്നെ നാളത്തെ മത്സരത്തില്‍ തീ പാറുമെന്നുറപ്പാണ്.

പോപ്പേട്ടന്‍ എന്ന് പേരിട്ട് കഴിഞ്ഞ സ്‌ട്രൈക്കര്‍ പോപ്ലാറ്റ്‌നിച്ചും സ്റ്റോജനോവിച്ചിലുമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതീക്ഷ. അതേസമയം, മലയാളി താരം അനസ് നാളെ ബ്ലാസ്റ്റേഴ്‌സിനായി അരങ്ങേറില്ല എന്നത് ആരാധകര്‍ക്ക് സങ്കടമുണ്ടാക്കുന്നതാണ്. സി.കെ.വിനീതും സഹലുമായിരിക്കും ടീമിലെ മലയാളി കരുത്ത്.

ഇതിനിടെ നാളത്തെ മത്സരത്തിനായി ആരാധകരെ സ്‌റ്റേഡിയത്തിലേക്ക് ക്ഷണിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ടീമിന്റെ ബ്രാന്റ് അംബാസിഡറായ മോഹന്‍ലാല്‍. ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ഹോം മാച്ചിന് എല്ലാവരും തയ്യാറാണോ എന്ന് ചോദിച്ചു കൊണ്ടാണ് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്ക് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. താന്‍ തയ്യാറാണെന്നും എല്ലാവരും നാളെ സ്റ്റേഡിയത്തിലേക്ക് വരണമെന്നും ലാലേട്ടന്‍ പറയുന്നു.

ഈ സീസണിന്റെ തുടക്കത്തിലാണ് മോഹന്‍ലാല്‍ ബ്ലാസ്‌റ്റേഴ്‌സിനൊപ്പം ചേരുന്നത്. ആദ്യ കളിയില്‍ തന്നെ മികച്ച വിജയം നേടിയ ബ്ലാസ്‌റ്റേഴ്‌സിനെ അഭിനന്ദിച്ചും നേരത്തെ മോഹന്‍ലാല്‍ രംഗത്തെത്തിയിരുന്നു. എന്തായാലും നാളെ മോഹന്‍ലാലും മഞ്ഞപ്പടയും ഒരുപോലെ കാത്തിരിക്കുകയാണ് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം മഞ്ഞക്കടലാക്കി മാറ്റാന്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook