പ്രണവ് മോഹന്‍ലാല്‍ നായകനായ ‘ആദി’ തിയേറ്ററുകള്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങിയ ആദ്യ ദിനമായ ഇന്നലെ തന്നെ മകന്റെ ചിത്രം കാണാന്‍ ലാലും എത്തി. മുംബൈയിലെ ഷൂട്ടിങ് തിരക്കുകള്‍ക്കിടയിലാണ് മോഹന്‍ലാല്‍ ചിത്രം കണ്ടത്. ചിത്രം കണ്ടിറങ്ങിയ ലാലിനോട് എങ്ങനെയുണ്ട് എന്ന പത്രലേഖകരുടെ ചോദ്യത്തിന് ലാലിന്റെ പ്രതികരണം ഇങ്ങനെ.

“നല്ല ചിത്രം.  ഒരു നല്ല ത്രില്ലർ.  നന്നായിട്ടുണ്ട്,” പുഞ്ചിരിച്ചു കൊണ്ടാണ് മോഹന്‍ലാല്‍ ഇത് പറഞ്ഞത്. മകന്റെ വിജയത്തില്‍ തിളങ്ങുന്ന പുഞ്ചിരി.

മുംബൈയില്‍ ഷൂട്ടിങ് നടക്കുന്ന അജോയ് വര്‍മ്മ ചിത്രത്തിന്റെ ക്യാമറമാന്‍ സന്തോഷ്‌ തുണ്ടിയിലാണ് ഈ വിവരം ഫെയ്സ്ബുക്കിൽ ഇങ്ങനെ പങ്കു വച്ചു.

“ഇന്നലെ രാത്രി ‘Proud Father’ മോഹന്‍ലാല്‍ സാറിനൊപ്പമാണ് ‘ആദി’ കണ്ടത്. പ്രണവിന്റെ ആദ്യ ചിത്രം കലക്കി! അഭിനയവും ആക്ഷനും അടുത്ത വീട്ടിലെ കുട്ടിയുടെ ഭാവവുമെല്ലാം ചേര്‍ന്ന് പ്രണവ് സിനിമയിലെ മികച്ച പേരുകളില്‍ ഒന്നാകുമെന്നു തീര്‍ച്ച. ആയിരങ്ങളുടെ പ്രതീക്ഷയ്കാണ് ജീത്തു ജോസഫ്‌ നിറം പകര്‍ന്നത്. ജീത്തുവിനും ക്യാമറാമാന്‍ സതീഷ്‌ കുറുപ്പിനും ആക്ഷന്‍ ടീമുള്‍പ്പെടെയുള്ള എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍”

 

പ്രണവിന്റെ അമ്മയും ആദ്യ ഷോ കാണാന്‍ കൊച്ചിയിലെ പത്മ തിയേറ്ററില്‍ എത്തിയിരുന്നു.  സുചിത്രയ്ക്ക് ഒപ്പം നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും ഉണ്ടായിരുന്നു.

‘ആദി’യ്ക്ക് റിലീസ് ദിനം തന്നെ നല്ല പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.  ജീത്തു ജോസഫാണ് ആദിയുടെ സംവിധായകൻ. ആദി എന്ന കഥാപാത്രത്തെയാണ് പ്രണവ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പ്രണവിന്റെ അച്ഛൻ വേഷത്തിൽ സിദ്ദിഖും അമ്മയായി ലെനയും അഭിനയിക്കുന്നു. പുലിമുരുകനിലൂടെ മോഹന്‍ലാലിന്റെ വില്ലനായെത്തിയ ജഗപതി ബാബുവാണ് ആദിയിലെ വില്ലൻ. അനുശ്രീ, അദിതി എന്നിവരും സിനിമയിലുണ്ട്. ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ