സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ‘മോഹന്‍ലാല്‍’ ആണ് മഞ്ജു വാര്യരുടെ അടുത്ത റിലീസ്. ‘ഒരു കട്ട മോഹന്‍ലാല്‍ ഫാനാ’യ കഥാപാത്രമായി മഞ്ജു വേഷമിടുന്ന ചിത്രം. ഈ സിനിമയില്‍ മാത്രമല്ല ജീവിതത്തിലും താന്‍ ഒരു മോഹന്‍ലാല്‍ ഫാനാണെന്ന് മഞ്ജു തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്.

മോഹന്‍ലാലും മഞ്ജു വാര്യരും നായികാനായകന്മാരായി എത്തുന്ന ‘ഒടിയനും’ ചിത്രീകരണം പൂര്‍ത്തിയായി വരുന്നു. ഇതിനിടയിലാണ് മഞ്ജു ‘മോഹന്‍ലാലി’ല്‍ അഭിനയിക്കാന്‍ പോകുന്നത്. തന്‍റെ പേരില്‍ ഇറങ്ങുന്ന ചിത്രത്തെക്കുറിച്ച് അറിയാന്‍ മോഹന്‍ലാലിന് വലിയ താത്പര്യമായിരുന്നു എന്ന് മഞ്ജു അടുത്തിടെ വെളിപ്പെടുത്തി. ടൈംസ്‌ ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ‘മോഹന്‍ലാലിനെ’ക്കുറിച്ച് എപ്പോഴും ചോദിക്കുന്ന മോഹന്‍ലാലിനെക്കുറിച്ചു മഞ്ജു പറഞ്ഞത്.

“ചിത്രത്തെക്കുറിച്ച് അദ്ദേഹവുമായി ചര്‍ച്ച ചെയ്തിരുന്നു. സിനിമ തുടങ്ങിയതും അദ്ദേഹത്തിന്‍റെ അനുഗ്രഹത്തോടെയാണ്. ‘മോഹന്‍ലാല്‍’ എന്ന് പേരിട്ടതും അദ്ദേഹത്തിന്‍റെ സമ്മതത്തോടെയാണ്. ഈ സിനിമയെക്കുറിച്ചറിയാന്‍ വലിയ താല്പര്യമാണ് ലാലേട്ടന്. അതിനെക്കുറിച്ച് ഞാന്‍ പറയുന്നതെല്ലാം വളരെ ശ്രദ്ധാപൂര്‍വ്വം ഇരുന്ന് കേള്‍ക്കും”, ‘മോഹന്‍ലാലിനെ’ക്കുറിച്ച് മഞ്ജു ടൈംസ്‌ ഓഫ് ഇന്ത്യയോട് പറഞ്ഞതിങ്ങനെ.

“താര ഇതിഹാസം മോഹൻലാൽ ഒരു ‘ഗുഡ് ഈവെനിംഗ് മിസിസ്സ് പ്രഭാ നരേന്ദ്രൻ ‘വിളിയോടെ ലോകസിനിമയിലേക്ക് ചുവട് വെച്ച അതേ സമയം ജനിച്ച മീനുക്കുട്ടിയുടെ താരാരാധനയുടെയും,മീനുക്കുട്ടിയെ ജീവനു തുല്യം സ്നേഹിച്ച സേതുമാധവന്റെയും സംഭവബഹുലമായ ജീവിത കഥ പറയുന്ന ‘മോഹൻലാലി’ന്‍റെ ടീസർ….

തിരശീലയിൽ സൗബിൻ ഷാഹിർ, സലിംകുമാർ,അജു വർഗീസ്‌,ഹരീഷ് കണാരൻ തുടങ്ങി നിങ്ങളുടെ ഇഷ്ട താരങ്ങൾ….”, ടീസര്‍ പങ്കു വച്ച് മഞ്ജു കുറിച്ചതിങ്ങനെ.

sajid yahiya with mohanlal

മോഹന്‍ലാലിനോപ്പം സംവിധായകന്‍ സാജിദ് യാഹിയ

‘ചങ്കല്ല, ചങ്കിടിപ്പാണ് ലാലേട്ടന്‍’ എന്ന ടാഗ് ലൈനോടെയാണ് മോഹന്‍ലാലില്ലാത്ത ‘മോഹന്‍ലാല്‍’ എന്ന ചിത്രം ഈ വിഷുക്കാലത്ത് തിയേറ്ററുകളില്‍ എത്തുന്നത്. മീനുക്കുട്ടിയെന്നാണ് മഞ്ജുവിന്‍റെ കഥാപാത്രത്തിന്‍റെ പേര്. മോഹന്‍ലാലിന്‍റെ ആദ്യ സിനിമയായ ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ 1980കളിലെ ക്രിസ്മസ് റിലീസായാണ് തിയേറ്ററില്‍ എത്തുന്നത്. അന്നേ ദിവസം ജനിക്കുന്ന ഒരു കുട്ടിയുടെ ജീവിതത്തിലൂടെയാണ് ‘മോഹന്‍ലാല്‍’ പുരോഗമിക്കുന്നത്. ഇന്ദ്രജിത്താണ് ചിത്രത്തിലെ നായകന്‍.

ബാലചന്ദ്ര മേനോന്‍, ഉഷ ഉതുപ്പ്, മണിയന്‍പിള്ള രാജു, കെ.പി.എ.സി ലളിത, അജു വര്‍ഗീസ് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സാജിദ് യഹിയ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘മോഹന്‍ലാല്‍’. മൈന്‍ഡ്‌സെറ്റ് മൂവീസിന്‍റെ ബാനറില്‍ അനില്‍ കുമാര്‍ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നതും തിരക്കഥ ഒരുക്കിയതും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ