പോര്‍ച്ചുഗലില്‍ നിന്നുള്ള ചിത്രം മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്തതിന്റെ പിന്നാലെ വ്യത്യസ്തമായ ഒരു ആവശ്യവുമായി ചിത്രത്തിന് താഴെ എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ഫാന്‍സ്‌. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നാടാണ് അതെന്നും ലാലേട്ടന്‍ ഫുട്ബോള്‍ ഇതിഹാസത്തിനോട് ഞങ്ങളുടെ അന്വേഷണം പറയണം എന്നുമൊക്കെയാണ് കാല്‍പ്പന്തു കളിയുടെ ആരാധകരായ ലാല്‍ ഫാന്‍സ്‌ ആവശ്യപ്പെടുന്നത്.

58 വയസ്സായ താരം വീണ്ടും ചെറുപ്പക്കാരനാവുന്നതിന്റെ രഹസ്യമെന്താണ് എന്നും പോസ്റ്റിനു താഴെ ചര്‍ച്ച ചെയ്യുന്നവരുണ്ട്. പ്രായം കുറയാനുള്ള മരുന്ന് കഴിക്കുന്നുണ്ടോ, ഈ മോഞ്ചിന്റെ പിന്നില്‍ എന്താണ്, ഇന്ത്യന്‍ സിനിമയിലെ താജ്മഹല്‍ എന്നുമൊക്കെ വിശേഷിപ്പിച്ചു കൊണ്ട് അദ്ദേഹത്തിന്റെ പുതിയ ലുക്ക്‌ ആഘോഷിക്കുകയാണ് ആരാധകര്‍.

പോര്‍ച്ചുഗലിലേക്ക് അദ്ദേഹം പോയത് സ്വകാര്യ ആവശ്യങ്ങൾക്കാണോ അതോ ഏതെങ്കിലും സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടാണോ എന്ന് വ്യക്തമല്ല. മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന ‘ഒടിയന്റെ’ ചിത്രീകരണം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു.

Read More: ‘ഒടിയന്‍’ ചിത്രീകരണം പൂര്‍ത്തിയായി

അടുത്തതായി മോഹന്‍ലാല്‍ അഭിനയിക്കുന്നത് പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രമാണ്. ഡിസംബര്‍ ഒന്നിന് അതിന്റെ ചിത്രീകരണം ആരംഭിക്കുന്നത്തിനു മുന്‍പുള്ള ഒഴിവുകാലം ആഘോഷിക്കാനാണ് താരം വിദേശത്ത് പോയതെന്ന് കരുതപ്പെടുന്നു.

ചിത്രീകരണം ആരംഭിക്കാൻ വേണ്ട മുന്നൊരുക്കങ്ങൾ എല്ലാം പൂർത്തിയായി കഴിഞ്ഞെന്നും ഷൂട്ടിങ് ഡിസംബർ ഒന്നിന് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ ആരംഭിക്കുമെന്നും സംവിധായകൻ പ്രിയദർശൻ ഐഎഎൻഎസിന് നൽകിയ​ അഭിമുഖത്തിൽ പറയുന്നു. മുൻപ് ചിത്രത്തിന്റെ ഷൂട്ടിങ് നവംബർ ഒന്നിന് ആരംഭിക്കും എന്നായിരുന്നു വാർത്തകൾ വന്നിരുന്നത്.

“സിനിമയുടെ 75 ശതമാനം ഭാഗങ്ങളും റാമോജി ഫിലിം സിറ്റിയിലാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ശേഷിക്കുന്നവ ഊട്ടി, രാമേശ്വരം ലൊക്കേഷനുകളിലായി പൂർത്തീകരിക്കും,” പ്രിയദർശൻ പറഞ്ഞു.

സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരയ്ക്കാറുടെ കഥയാണ് ചിത്രം പറയുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിൽ ആദ്യത്തെ നേവൽ ഡിഫെൻസ് സംഘടിപ്പിച്ചതും മരയ്ക്കാറാണ്. ചിത്രത്തിൽ ‘കുഞ്ഞാലി ‘മരക്കാർ’ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് മോഹൻലാലാണ്. പ്രണവ് മോഹൻലാലും ഒരു കാമിയോ റോളിൽ ചിത്രത്തിൽ ഉണ്ടാവുമെന്നാണ് റിപ്പോർട്ട്. ചരിത്രവും ഭാവനയും കൂടികലര്‍ന്ന ചിത്രമായിരിക്കും ‘മരക്കാർ’ എന്ന് മുൻപ് പ്രിയദര്‍ശന്‍ വെളിപ്പെടുത്തിയിരുന്നു.

Read More: മോഹന്‍ലാലിന്‍റെ ‘മരക്കാർ’ ഡിസംബര്‍ ഒന്നിന് ചിത്രീകരണം തുടങ്ങും

രഞ്ജിത് ചിത്രം ‘ഡ്രാമ’യാണ് മോഹന്‍ലാലിന്‍റെ അടുത്ത റിലീസ്. നവംബര്‍ ഒന്നിന് ചിത്രം തിയേറ്ററുകളില്‍ എത്തും.  ചിത്രത്തിന്റെ പോസ്റ്റര്‍, ടീസര്‍, മോഹന്‍ലാല്‍ തന്നെ ആലപിച്ച പ്രോമോ ഗാനം എന്നിവയ്ക്ക് നല്ല പ്രതികരണങ്ങള്‍ ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

‘ലോഹ’ത്തിനു ശേഷം രഞ്ജിത്തും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണിത്. ‘പുത്തന്‍ പണ’ത്തിനു ശേഷം രഞ്ജിത് തന്നെ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘ഡ്രാമ’. ലണ്ടനില്‍ ചിത്രീകരിച്ചിട്ടുള്ള ‘ഡ്രാമ’യില്‍ ആശാ ശരത് ആണ് നായിക. ഇവരെ കൂടാതെ സുരേഷ് കൃഷ്ണ, മുരളി മേനോന്‍, സുബി സുരേഷ് എന്നിവരും ഈ ചിത്രത്തില്‍ ഉണ്ടാകും. മറ്റുള്ള പ്രധാന കഥാപാത്രങ്ങള്‍ ആരൊക്കെയാണെന്നുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

വര്‍ണചിത്ര ബിഗ് സ്‌ക്രീനിന്റെ ബാനറില്‍ മഹാസുബൈറാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. മലയാള സിനിമയ്ക്ക് നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച മോഹന്‍ലാല്‍-രഞ്ജിത്ത് കൂട്ടുകെട്ടിന്റെ പുതിയ ചിത്രത്തിനെ വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Read More: റിലാക്സ്ഡ് ആയി ലാല്‍ ചെയ്ത ‘ഡ്രാമ’: രഞ്ജിത് പറയുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook