scorecardresearch

അമ്മയുടെ സുഹൃത്തിനെ കാണാൻ ഓടിയെത്തി മോഹൻലാൽ; ചിത്രങ്ങൾ

അയൽക്കാരൻ എന്നതിനപ്പുറത്തെ ആത്മബന്ധമാണ് ലാലു ചേട്ടനുമായുള്ളത് എന്ന് കുടുംബ ഡോക്ടറും കൂടിയായ ഡോക്ടർ ജ്യോതിദേവ് കേശവദേവ്

അയൽക്കാരൻ എന്നതിനപ്പുറത്തെ ആത്മബന്ധമാണ് ലാലു ചേട്ടനുമായുള്ളത് എന്ന് കുടുംബ ഡോക്ടറും കൂടിയായ ഡോക്ടർ ജ്യോതിദേവ് കേശവദേവ്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Mohanlal | Mohanlal Latest

അമ്മയുടെ കൂട്ടുകാരി സീതാലക്ഷ്മി കേശവദേവിനെ കാണാൻ മോഹൻലാൽ എത്തിയപ്പോൾ

മോഹൻലാലിന്റെ മൂന്നാമത്തെ വയസ്സിലാണ് തിരുവനന്തപുരം മുടവൻമുകളിലെ വീട്ടിലേക്ക് വിശ്വനാഥൻ നായരും ശാന്തകുമാരിയും കുഞ്ഞു ലാലുവിനെയും കൊണ്ട് താമസം മാറുന്നത്. വനമേഖല പോലെ ഒറ്റപ്പെട്ടു കിടന്നിരുന്ന ആ പ്രദേശത്ത് അക്കാലത്തുണ്ടായിരുന്ന ഏക വീട് നോവലിസ്റ്റും കഥാകൃത്തുമായ കേശവദേവിന്റെയായിരുന്നു. തന്റെ ഏക അയൽക്കാരിയായ സീതാലക്ഷ്മി കേശവദേവിനെ ശാന്തകുമാരിയമ്മ ചെന്നു പരിചയപ്പെട്ടു.

Advertisment

അധികം വൈകാതെ, സീതാലക്ഷ്മി കേശവദേവിനും ശാന്തകുമാരിയമ്മയ്ക്കും ഇടയിലെ പരിചയം വളർന്ന് സൗഹൃദമായും ആഴമേറിയ ആത്മബന്ധവുമായൊക്കെ രൂപാന്തരപ്പെട്ടു. ശാന്തകുമാരിയമ്മയുടെ അടുത്ത കൂട്ടുകാരിയായി സീതാലക്ഷ്മി മാറി. മണിക്കൂറുകളോളം സംസാരിക്കുന്ന, ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാവിശേഷങ്ങളും പങ്കുവയ്ക്കുന്ന ആ കൂട്ടുകാരികൾക്കിടയിലെ സൗഹൃദം ഇരു കുടുംബങ്ങൾക്കിടയിലും ശക്തമായ ആത്മബന്ധത്തിന് അടിത്തറയിട്ടു. തങ്ങളുടെ പ്രിയപ്പെട്ട ലാലു, മോഹൻലാൽ ആയി വളരുന്നതും മലയാളത്തിന്റെ അഭിമാനതാരമാവുന്നതുമൊക്കെ കണ്ട് ശാന്തകുമാരിയമ്മയെ പോലെ സീതാലക്ഷ്മിയും അഭിമാനം കൊണ്ടു.

മോഹൻലാലിനെ സംബന്ധിച്ച് സീതാലക്ഷ്മി കേശവദേവും മാതൃതുല്യയാണ്. തിരുവനന്തപുരത്തെ വീട്ടിലെത്തുമ്പോഴെല്ലാം സീതാലക്ഷ്മിയമ്മയെ കാണാൻ മോഹൻലാൽ ഓടിയെത്താറുണ്ട്. ഒരിടവേളയ്ക്ക് ശേഷം സീതാലക്ഷ്മിയമ്മയെ കാണാൻ മോഹൻലാൽ എത്തിയതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അമ്മയെ കാണാൻ എത്തിയ പ്രിയപ്പെട്ട ലാലു ചേട്ടന്റെ ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത് കേശവദേവിന്റെ മകനും പ്രമേഹരോഗ വിദഗ്ധനുമായ ഡോക്ടർ ജ്യോതിദേവ് കേശവദേവാണ്.

Advertisment

"പ്രിയപ്പെട്ട ലാലുചേട്ടൻ എന്റെ അമ്മയെ കാണാൻ എത്തിയപ്പോൾ... വിലമതിക്കാനാകാത്ത, പതിറ്റാണ്ടുകൾ പഴക്കമുള്ള ആത്മബന്ധം," എന്നാണ് ചിത്രങ്ങൾ ഷെയർ ചെയ്ത് ജ്യോതിദേവ് കുറിച്ചത്.

ശാന്തകുമാരിയമ്മ ഡോക്ടർ ജ്യോതിദേവിനും മാതൃതുല്യയാണ്. എംബിബിഎസിനു പഠിച്ചു കൊണ്ടിരുന്ന കാലം മുതലേ ജ്യോതിദേവ് ശാന്തകുമാരിയമ്മയെ സംബന്ധിച്ച് വീട്ടിലെ 'കൊച്ചു ഡോക്ടറാണ്'! ശാന്തകുമാരിയമ്മയുടെ ആരോഗ്യസംബന്ധമായ ഏതുസംശയങ്ങളും ആദ്യം ചെല്ലുക ജ്യോതിദേവിനെ തേടിയാണ്. എത്രയോ കാലം ജ്യോതിദേവിന്റെ പേഷ്യന്റായിരുന്നു ശാന്തകുമാരിയമ്മ.

ഇന്നും, കൊച്ചിയിലെ മോഹൻലാലിന്റെ വീട്ടിലേക്ക് താമസം മാറിയ ശാന്തകുമാരിയമ്മയെ കാണാനായി മാത്രം ജ്യോതിദേവും ഭാര്യയും മകനുമൊക്കെ ഇടയ്ക്ക് കൊച്ചിയിലെത്തുന്നു.

സഹോദര തുല്യമായൊരു അടുപ്പം ജ്യോതിദേവുമായും മോഹൻലാലിനുണ്ട്. കേശവദേവ് ട്രസ്റ്റും ജ്യോതിദേവും നേതൃത്വം കൊടുക്കുന്ന പ്രമേഹ രോഗ ബോധവത്കരണ പരിപാടികളിൽ പലപ്പോഴും മോഹൻലാലും ഭാഗമായിട്ടുണ്ട്.

Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: