മലയാളികളുടെ മനസ്സിൽ വിങ്ങലായി അവസാനിച്ച ചിത്രങ്ങളിലൊന്നായിരുന്നു 1994ൽ റിലീസിനെത്തിയ ‘പവിത്രം’. ടി.കെ.രാജീവ് കുമാറിന്റെ സംവിധാനത്തിൽ മോഹൻലാൽ, വിന്ദുജ മേനോൻ, തിലകൻ, ശോഭന, ശ്രീവിദ്യ, ശ്രീനിവാസൻ എന്നിവർ പ്രധാനവേഷങ്ങളിൽ എത്തിയ ചിത്രം അത്ര വേഗത്തിൽ മറക്കാൻ കഴിയില്ല. ജീവിതത്തിലേക്ക് ഏറെ വൈകിയെത്തിയ അനിയത്തിക്കുട്ടിക്കായി ജീവിതം ഹോമിച്ച മോഹൻലാലിന്റെ ചേട്ടച്ചൻ എന്ന കഥാപാത്രം നേടിയ ജനപ്രീതി ഏറെയാണ്. ചേട്ടച്ചന്റെ സ്വന്തം മീനാക്ഷിയായി എത്തിയത് വിന്ദുജ മേനോൻ ആയിരുന്നു.
വർഷങ്ങൾക്കു ശേഷം മോഹൻലാലിനൊപ്പമുള്ള വിന്ദുജയുടെ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. “27 വർഷങ്ങൾക്ക് ശേഷം ചേട്ടച്ചനെ കണ്ടു മുട്ടിയ മീനാക്ഷി,” എന്ന അടിക്കുറിപ്പോടെ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്ന ചിത്രം ഫെബ്രുവരി ആറിന് കൊച്ചിയിൽ നടന്ന അമ്മയുടെ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനവേളയിൽ നിന്നുള്ളതാണ്.
Meenakshi meets chettachan #27yearsofPavithram#VindujaMenon #Mohanlal #tkrajeevkumar #pavithram pic.twitter.com/0i0azQUFdK
— Breaking Movies (@BreakingViews4u) February 8, 2021
പി.ബാലചന്ദ്രനും ടി.കെ.രാജീവ് കുമാറും ചേർന്ന് കഥയെഴുതിയ ‘പവിത്ര’ത്തിലെ പാട്ടുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. ഒ.എൻ.വി. കുറുപ്പ് എഴുതിയ ഗാനങ്ങളുടെ സംഗീതസംവിധാനം നിർവ്വഹിച്ചത് ശരത് ആണ്. ഹരഹരപ്രിയ രാഗത്തിൽ ചിട്ടപ്പെടുത്തിയ ‘ശ്രീരാഗമോ’ എന്ന ഗാനം ഇന്നും സംഗീതപ്രേമികളുടെ പ്രിയപാട്ടുകളിൽ ഒന്നാണ്.
‘ഒന്നാനാം കുന്നിൽ ഓരടിക്കുന്നിൽ’ എന്ന സിനിമയിൽ ബാലതാരമായി കൊണ്ടാണ് വിന്ദുജ അഭിനയരംഗത്ത് എത്തുന്നത്. നൊമ്പരത്തിപൂവ്, ഞാൻ ഗന്ധർവ്വൻ, ഭീഷ്മാചാര്യ, പിൻഗാമി, തുകോട്ടയിലെ പുതുമണവാളൻ, ആയിരം നാവുള്ള അനന്തൻ, മൂന്നു കോടിയും മുന്നൂറു പവനും, സൂപ്പർമാൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ വിന്ദുജ വേഷമിട്ടിട്ടുണ്ട്.
കേരള നാട്യ അക്കാദമിയുടെ സ്ഥാപകയായ കലാമണ്ഡലം വിമലാ മേനോന്റെ മകളായ വിന്ദുജയും അമ്മയുടെ വഴിയെ നൃത്തത്തിലും നൈപുണ്യം നേടിയ കലാകാരിയാണ്. വിവാഹശേഷം ഭർത്താവ് രാജേഷ് കുമാറിനും മകൾ നേഹയ്ക്കുമൊപ്പം മലേഷ്യയിലാണ് വിന്ദുജ. കേരള നാട്യ അക്കാദമിയിൽ ഡാൻസ് അധ്യാപികയായും വിന്ദുജ പ്രവർത്തിക്കുന്നുണ്ട്. വിവാഹശേഷം ഏതാനും സീരിയലുകളിലും റിയാലിറ്റി ഷോകളിലും അതിഥിയായി വിന്ദുജ എത്തിയിരുന്നു.
Read more: മണിചിത്രത്താഴിലെ അല്ലി ഇവിടെയുണ്ട്