പ്രേക്ഷക പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തി മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ ടീസര്‍ പുറത്തുവന്നു. മോഹന്‍ലാലാണ് ടീസര്‍ പുറത്തുവിട്ടത്. മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ തന്നെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നായിരിക്കും ഒടിയനിലേതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 30 മുതല്‍ 65 വയസ് വരെയുള്ള കഥാപാത്രങ്ങളെയാണ് മോഹന്‍ലാലിന്റെ മാണിക്യന്‍ എന്ന വേഷത്തിലൂടെ അവതരിപ്പിക്കുന്നത്.
ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്‌ത് കൈയടി നേടിയ പീറ്റര്‍ ഹെയ്നാണ്. മഞ്ജുവാര്യര്‍ നായികയാകും.

തമിഴ്‌ സൂപ്പര്‍‌താരം പ്രകാശ് രാജാണ് ഒടിയനിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രാവുണ്ണി എന്ന അതിശക്തനായ വില്ലനായിട്ടാകും അദ്ദേഹം ഒടിയനില്‍ എത്തുക.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഈ ബ്രഹ്മാണ്ഡചിത്രം നിര്‍മിക്കുന്നത്. ദേശീയ അവാര്‍ഡ് നേടിയ തിരക്കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ഹരികൃഷ്ണനാണ് ഒടിയന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

പ്രകടന മികവിനൊപ്പം തന്നെ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും ചിത്രത്തിലുണ്ടാകും.ഇന്ത്യന്‍ സിനിമ ഇന്നേവരെ കാണാത്ത വിഷ്വല്‍ ഇഫക്ടുകളുടെ അനന്യാനുഭവമാകും ഒടിയന്‍ എന്ന ബ്രഹ്മാണ്ഡചിത്രം സമ്മാനിക്കുകയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വാഗ്ദാനം ചെയ്യുന്നത്. മാജിക്കല്‍ റിയലിസത്തിന്റെ തലത്തില്‍ വരുന്ന ഒരു ത്രില്ലര്‍ സിനിമയാകും ഒടിയന്‍‍.

മനുഷ്യന്‍ മൃഗത്തിന്റെ വേഷം കെട്ടി, ഇരുട്ടിനെ മറയാക്കി ആളുകളെ പേടിപ്പിക്കാന്‍ ക്വട്ടേഷനെടുക്കുന്ന ഒരു സംഘമുണ്ടായിരുന്നു പണ്ട് തമിഴ്‌നാട്ടില്‍. അവർ തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലെത്തുകയും ആളുകളെ ഭയപ്പെടുത്തുകയും ചെയ്തിരുന്നു. അവരാണ് കേരളത്തിലേക്കെത്തുന്ന ആദ്യത്തെ ക്വട്ടേഷന്‍ സംഘം. അവരുടെ കഥയാണ് ഒടിയന്‍. ജീവിച്ചിരിക്കുന്ന അവസാനത്തെ ഒടിയനാണ് മോഹന്‍ലാലിന്റെ കഥാപാത്രമെന്ന് സംവിധായകൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ