മലയാളത്തിന്റെ പ്രിയ യുവ താരങ്ങള്‍ ടോവിനോ തോമസ്, ആന്റണി വര്‍ഗീസ് എന്നിവര്‍ സൂപ്പര്‍ താരം മോഹന്‍ലാലുമായി നിൽക്കുന്ന സെല്‍ഫിയാണ് ഈ ഈസ്റ്റർ ദിനത്തില്‍ ട്രെൻഡിങ് ആവുന്നത്. ഈസ്റ്റർ ആശംസകള്‍ അറിയിച്ചു ടോവിനോ തോമസ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതാണ് ഈ ചിത്രം. കൊച്ചി വിമാനത്താവളത്തിലാണ് ഈ മൂവര്‍ സംഘം കണ്ടു മുട്ടിയത്.
‘ഒടിയന്’ ലുക്കിലാണ് ലാലേട്ടന്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് വി.എ.ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന ‘ഒടിയന്’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ചിത്രീകരണമാണ് ഇപ്പോള്‍ നടന്നു വരുന്നത്. കഴിഞ്ഞ ദിവസം ട്വിറ്ററില്‍ അമ്പത് ലക്ഷം ഫോളോവേഴ്സ് തികഞ്ഞതിന്റെ സന്തോഷം ‘ഒടിയന്’ ലൊക്കേഷനില്‍ കേക്ക് കുറിച്ച് മോഹന്‍ലാല്‍ ആഘോഷിച്ചിരുന്നു. മോഹന്‍ലാലിന് പുറമെ ഒടിയന്റെ സംവിധായകന് ശ്രീകുമാര്‍ മേനോന്, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍, ആക്ഷന്‍ കോറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന് തുടങ്ങിയവരും ചിത്രത്തിലെ മറ്റ് താരങ്ങളും ആഘോഷത്തില്‍ പങ്കെടുത്തു.
മോഹന്‍ലാലും പൃഥ്വിരാജും ഒരുമിക്കുന്ന, പൃഥ്വിരാജ് ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന ലൂസിഫറും ഉടന്‍ തന്നെ പ്രേക്ഷകരിലേക്ക് എത്തും. ഒടിയന്റെ ലൊക്കേഷനിലെത്തിയ പൃഥ്വിരാജും മുരളി ഗോപിയും ലൂസിഫറിന്റെ തിരക്കഥയുടെ പൂർണരൂപം മോഹന്‍ലാലിന് നല്‍കിയിരിക്കുകയാണ്. പിന്നീട് ഫെയ്സ്ബുക്ക് വീഡിയോയിലൂടെ വിവരം ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്തു.
മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒരു കുപ്രസിദ്ധ പയ്യനാ’ണ് ടോവിനോ ഇപ്പോള്‍ അഭിനയിച്ചു പൂര്‍ത്തിയാക്കിയ ചിത്രം. തൊണ്ടിമുതലും ദൃക്സാക്ഷിയും, ഈട എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നിമിഷ സജയനാണ് ചിത്രത്തിലെ നായിക. ജീവന് ജോബാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ‘ഒരു കുപ്രസിദ്ധ പയ്യന്റെ’ ഷൂട്ടിങ് ലൊക്കേഷനിലുള്ള ക്രെയിനിങ്ങിന്റെ കൊളുത്തില്‍ ചാടി പിടിച്ച് അനായാസം അഭ്യാസം കാണിക്കുന്ന ടൊവിനോയുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു. കൊളുത്തില്‍ പിടിച്ച് തൂങ്ങിയാടുകയും തലകീഴായി കിടക്കുകയുമെല്ലാം ടൊവിനോ ചെയ്യുന്നുണ്ട്. പാർക്കൗര്‍ കാണിച്ചു കൈയ്യടി നേടിയ പ്രണവ് മോഹന്‍ലാലിനു വെല്ലുവിളിയാകുമോ എന്നാണ് വീഡിയോ കണ്ട് സോഷ്യല്‍ മീഡിയ ചോദിച്ചത്.
‘അങ്കമാലി ഡയറീസ്’ എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിനു ശേഷം ആന്റണി വര്‍ഗീസ് നായകനായെത്തുന്ന ചിത്രമാണ് ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’. ഇന്നലെ തിയേറ്ററുകളില്‍ എത്തിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ലിജോ ജോസിന്റെ സഹായിയായിരുന്ന ടിനു പാപ്പച്ചനാണ്. കോട്ടയം പശ്ചാത്തലമാക്കി കഥ പറയുന്ന ചിത്രത്തില്‍ ജേക്കബ് വര്‍ഗീസ് എന്ന നായക കഥാപാത്രത്തെയാണ് ആന്റണി അവതരിപ്പിക്കുന്നത്. അഭിനയം കൊണ്ടും, ആക്ഷന്‍ കൊണ്ടും, പ്രതീക്ഷയുണര്‍ത്തുകയും മലയാള സിനിമയില്‍ തനിക്കൊരു ഇടമുണ്ടെന്ന് അടിവരയിടുകയും ചെയ്യുന്നുണ്ട് ആന്റണി വര്‍ഗീസ് ഈ ചിത്രത്തിലൂടെ.