ഒരു ജനത മുഴുവന്‍ സ്‌നേഹത്തോടെ ‘അമ്മ’ എന്ന് അഭിസംബോധന ചെയ്ത ആളാണ് അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത. സംഭവ ബഹുലമായൊരു ജീവിതത്തിനു തിരശ്ശീല വീഴുകയായിരുന്നു ജയലളിതയുടെ മരണത്തോടെ.

നാളേറെയായി ജയലളിതയുടെ ജീവിതം സിനിമയാകുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവരാന്‍ തുടങ്ങിയിട്ട്. സംവിധായകന്‍ വിജയ്, മിഷ്‌കിന്റെ അസിസ്റ്റന്റായിരുന്ന പ്രിയദര്‍ശിനി എന്നിവരെല്ലാം ജയയുടെ ജീവിതം സിനിമയാക്കുന്നു എന്ന് പ്രഖ്യാപിച്ചിരുന്നു. അക്കൂട്ടത്തിലേക്ക് പ്രമുഖ സംവിധായകന്‍ ഭാരതിരാജയും ചേരുന്നു. ചിത്രത്തില്‍ നായകനായി മോഹന്‍ലാല്‍ എത്തിയേക്കാമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘അമ്മ-പുരട്ചി തലൈവി’ എന്നു പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആദിത്യ ഭരദ്വാജായിരിക്കും. ഇരുവരും തമ്മില്‍ കരാറായി. ചിത്രത്തിന് സംഗീതം ഒരുക്കാന്‍ ഭാരതിരാജയും ആദിത്യയും ഇളയരാജയുമായി കൂടിക്കാഴ്ച നടത്തി.

‘സിനിമയെക്കുറിച്ച് വല്ലാത്ത വൈകാരികതയോടെയാണ് ഭാരതിരാജാ സാര്‍ സംസാരിക്കുന്നത്. നേരത്തെ താത്കാലികമായി ‘പുരട്ചി തലൈവി’ എന്ന പേര് നിശ്ചയിച്ചിരുന്നുവെങ്കിലും പിന്നീട് അതിന് മുമ്പായി ‘അമ്മ’ എന്നു കൂടി ചേര്‍ക്കാന്‍ അദ്ദേഹമാണ് നിര്‍ദ്ദേശിച്ചത്. ജയലളിത ലക്ഷക്കണക്കിന് ആളുകള്‍ക്ക് അമ്മയായിരുന്നു എന്നതുകൊണ്ടു തന്നെ ആ നിര്‍ദ്ദേശം സ്വീകരിക്കാന്‍ ഞങ്ങള്‍ക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ,’ ആദിത്യ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ഏകദേശം പൂര്‍ത്തിയായി. ഡിസംബറോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തില്‍ ജയലളിതയുടെ വേഷത്തിലേക്ക് പരിഗണിക്കുന്നത് അനുഷ്‌ക ഷെട്ടിയേയും ഐശ്വര്യ റായിയേയുമാണെന്നും ചര്‍ച്ചകള്‍ നടക്കുകയാണെന്നും ആദിത്യ പറയുന്നു.

ചിത്രത്തില്‍ എംജിആര്‍, ശശികല എന്നീ കഥപാത്രങ്ങളും ഉണ്ടാകും. എംജിആറിന്റെ വേഷത്തിലേക്ക് മോഹന്‍ലാലിനേയും കമല്‍ഹാസനേയുമാണ് പരിഗണിക്കുന്നതെന്നും എന്നാല്‍ ഇതുവരെ ഒന്നും തീരുമാനിച്ചില്ലെന്നും ആദിത്യ പറയുന്നു.

നേരത്തേ സംവിധായകന്‍ വിജയ്‌യും ജയലളിതയുടെ ജീവിതം ആസ്പദമാക്കി ചിത്രമൊരുക്കുന്നു എന്ന് പ്രഖ്യാപിച്ചിരുന്നു. പുരട്ചി തലൈവിയുടെ കഥാപാത്രമാകാന്‍ നയന്‍താരയേയും വിദ്യാ ബാലനേയുമാണ് പരിഗണിക്കുന്നതെന്നായിരുന്നു പുറത്തു വന്നിരുന്ന വാര്‍ത്തകള്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook