നിവിൻ പോളി നായകനായി എത്തുന്ന കായംകുളം കൊച്ചുണ്ണിയിൽ മോഹൻലാലും അഭിനയിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ അടുത്തിടെ പുറത്ത് വന്നിരുന്നു. എന്നാൽ ഈ വാർത്തകളോട് അണിയറ പ്രവർത്തകർ പ്രതികരിച്ചിരുന്നു. എന്നാൽ ഈ വാർത്തയോട് പ്രതികരിച്ച് നിവിൻ പോളി തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

മോഹൻലാൽ കായംകുളം കൊച്ചുണ്ണിയിൽ അതിഥി താരമായി എത്തുന്നുണ്ടെന്ന് നിവിൻ പോളി ഫെയിസ്ബുക്കിലൂടെ അറിയിച്ചു. മലയാള സിനിമയിൽ ലാലേട്ടന് മാത്രം ചെയ്യാൻ കഴിയുന്ന കഥാപാത്രത്തെ അവതരിപ്പിക്കാനാണ് അദ്ദേഹം എത്തുന്നതെന്ന് നിവിൻ പറയുന്നു. മഹാനടനൊപ്പം അഭിനയിക്കാൻ കിട്ടുന്ന അവസരം മഹത്തരമാണെന്നും അദ്ദേഹം പ്രതികരിച്ചു.

നിരവധി സന്ദർഭങ്ങളിൽ മോഹൻലാലിനോടുളള തന്റെ ആരാധന തുറന്ന് പറഞ്ഞിട്ടുണ്ട് നിവിൻ പോളി. 2013 ൽ പുറത്തിറങ്ങിയ പ്രിയദർശൻ ചിത്രം ഗീതാഞ്ജലിയിൽ മോഹൻലാലിനൊപ്പമഭിനയിക്കാൻ നിവിന് അവസരമുണ്ടായിരുന്നെങ്കിലും തിരക്കുകൾ കാരണം പിന്മാറുകയായിരുന്നു. ഒപ്പം സിനിമയുടെ വിജയാഘോഷങ്ങൾക്കിടയിൽ മോഹൻലാലിന്റെ മീശ പിരിക്കുന്ന നിവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ഇരട്ട തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് ടീമാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ശ്രീ ഗോകുലം മൂവീസ് നിര്‍മ്മിക്കുന്ന ചിത്രത്തിന് 12 കോടിക്കു മുകളിലാണ് ബജറ്റ് പ്രതീക്ഷിക്കുന്നത്. ശ്രീലങ്കയും കായംകുളവുമാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകള്‍.

ചിത്രം പൂര്‍ണമായും പഴയകാലഘട്ടത്തിലാണ് ചിത്രീകരിക്കുന്നതെങ്കിലും ആനുകാലിക സംഭവങ്ങളുമായി സാദൃശ്യമുണ്ടാകുമെന്നാണ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് പറയുന്നത്. കൊച്ചുണ്ണിയുടെ ജീവിതത്തിന്‍റെ പല ഘട്ടങ്ങളും അദ്ദേഹത്തിന്‍റെ പ്രണയവുമെല്ലാം ചിത്രത്തില്‍ വിഷയമാകുമെങ്കിലും ഇതൊരു ചരിത്ര സിനിമയാകില്ലെന്നും സംവിധായകന്‍ പറയുന്നു.

കായംകുളം കൊച്ചുണ്ണി ലൊക്കേഷന്‍

തന്‍റെ കരിയറിലെ തന്നെ മികച്ച സിനിമകളുടെ പട്ടികയിലേക്ക് ഉയരുന്ന സിനിമയായിരിക്കും കായംകുളം കൊച്ചുണ്ണി എന്നാണ് നിവിന്‍ ചിത്രത്തെക്കുറിച്ചു പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ