നെൽസൺ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം ‘ജെയിലറി’ൽ മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാലുമുണ്ട്. ഞായറാഴ്ച സൺപിക്ച്ചേഴ്സ് പുറത്തുവിട്ട പോസ്റ്ററിലൂടെയാണ് ജെയിലറിൽ മോഹൻലാലുമുണ്ടെന്ന വാർത്ത സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. മോഹൻലാലും രജനികാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ കന്നഡ നടൻ ശിവരാജ് കുമാറും പ്രധാന വേഷത്തിലെത്തുന്നു.
കഴിഞ്ഞ വർഷം ഡിസംബറിൽ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നിരുന്നു. നെൽസൺ തന്നെ തിരകഥ എഴുതിയ ചിത്രത്തിലെ നായിക തമന്നയാണ്. രജനികാന്ത് സ്ക്രീനിലെത്തുക മുത്തുവേൽ പാണ്ഡ്യൻ എന്ന ജെയിലറുടെ വേഷത്തിലാകും. സൺ പിക്ച്ചേഴ്സ് നിർമിക്കുന്ന ചിത്രം ഏപ്രിൽ 14 ന് തിയേറ്ററുകളിലെത്തും.
2019 ൽ പുറത്തിറങ്ങിയ കാപ്പാൻ ആണ് മോഹൻലാൽ അവസാനമായി അഭിനയിച്ച തമിഴ് ചിത്രം. പി എം ചന്ദ്രകാന്ത് വർമയായിരുന്നു സംവിധായകൻ. ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘എലോൺ’ ആണ് മോഹൻലാലിന്റെ പുതിയ ചിത്രം. ‘മലൈക്കോട്ടൈ വാലിബൻ’, ‘എമ്പുരാൻ’, ‘റാം’ എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന മോഹൻലാൽ ചിത്രങ്ങൾ.