കോവിഡ് കാലത്തെ നിയന്ത്രണങ്ങൾക്കുശേഷം തിയേറ്റർ തുറന്നപ്പോൾ എത്തിയ ആദ്യ മോഹൻലാൽ സിനിമയാണ് ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’. നൂറുകോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിൽ മോഹൻലാൽ, മഞ്ജു വാര്യര്‍, അര്ജുന്, സുനില്‍ ഷെട്ടി, സിദ്ദിഖ്, പ്രഭു, ബാബുരാജ്, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്ശന്, പ്രണവ് മോഹന്‍ലാല്‍ തുടങ്ങി വലിയ താരനിര തന്നെ അണിനിരന്നിട്ടുണ്ട്. ഇന്ത്യാ ഗ്ലിറ്റ്സ് മലയാളത്തിനു നൽകിയ അഭിമുഖത്തിൽ മരയ്ക്കാർ സിനിമയെക്കുറിച്ചും പ്രണവിനെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് മോഹൻലാൽ.
”രണ്ടു വർഷമാണ് മരയ്ക്കാർ ഹോൾഡ് ചെയ്തത്. കോവിഡിനു മുൻപ് റിലീസ് ചെയ്തിരുന്നുവെങ്കിൽ പലതും മാറിയേനെ. തുടക്കത്തിൽ സിനിമ കാണാതെ പലരും മോശമായ കമന്റുകൾ പറഞ്ഞു. സിനിമയെക്കുറിച്ച് വിമർശിക്കാൻ അർഹതയില്ലാത്തവരാണ് ഇത്തരം കമന്റുമായി വന്നത്. ഇപ്പോൾ സിനിമയെക്കുറിച്ച് നല്ല അഭിപ്രായമാണ് ലഭിക്കുന്നത്. സിനിമ കണ്ടവർക്കാർക്കും മോശം കമന്റുകളുമായി യോജിക്കാൻ കഴിഞ്ഞില്ല. അതു തങ്ങൾക്ക് കിട്ടിയ അംഗീകാരമാണ്,” മോഹൻലാൽ അഭിമുഖത്തിൽ പറഞ്ഞു.
മരയ്ക്കാറിലെ സിനിമാ കുടുംബത്തിൽനിന്നുള്ള അഭിനേതാക്കളെക്കുറിച്ചുള്ള ചോദ്യത്തിനും മോഹൻലാൽ മറുപടി നൽകുകയുണ്ടായി. സിനിമയുടെ ആദ്യഘട്ടത്തിൽ പ്രണവോ, പ്രിയന്റെ മകൾ കല്യാണിയോ, സുരേഷിന്റെ മകൾ കീർത്തിയോ ഇതിലേക്ക് വന്നിരുന്നില്ല. വർഷങ്ങൾക്കു മുൻപാണ് ഈ സിനിമ പ്ലാൻ ചെയ്തത്. അപ്പോഴൊന്നും ഇവരെ ഇതിൽ ഭാഗമാക്കുന്നതിനെക്കുറിച്ച് ആലോചിച്ചു പോലുമിരുന്നില്ല. അറിയാതെ അവർ ഇതിലേക്ക് വന്നതാണെന്ന് മോഹൻലാൽ പറഞ്ഞു.
സിനിമയിലെ പ്രണവിന്റെ സംഘട്ടന രംഗങ്ങളെക്കുറിച്ചും മോഹൻലാൽ സംസാരിച്ചു. ”പ്രണവിന്റെ സീനുകൾ ഞാൻ നേരിട്ട് കണ്ടിട്ടില്ല. ഷൂട്ടിങ് സമയത്ത് ഞാൻ അവിടെ ഇല്ലായിരുന്നു. പക്ഷേ, ഈ പ്രായത്തിൽ ഞാനും ഇതൊക്കെ തന്നെയാണ് ചെയ്തുകൊണ്ടിരുന്നത്. അതിൽ വലിയൊരു അദ്ഭുതമില്ല. പ്രണവിന് സാഹസിക കാര്യങ്ങൾ ചെയ്യാൻ വളരെ ഇഷ്ടമാണ്. പ്രണവിന് അതൊക്കെ വഴങ്ങും. എന്നാൽ എല്ലാ സിനിമയിലും അങ്ങനെ ചെയ്യണമെന്നല്ല പറയുന്നത്. ആദ്യ സിനിമയായ ആദിയിൽ തന്നെ ഒരുപാട് സംഘട്ടന രംഗങ്ങളുണ്ട്. ഇതിൽ വലിയ ആക്ഷൻ രംഗങ്ങൾ ഇല്ലെങ്കിലും ഉള്ളത് നന്നായി ചെയ്തുവെന്നാണ് ഞാൻ വിശ്വസിക്കുന്നത്.”
പ്രിയദർശനുമായി അടുത്തുതന്നെ വീണ്ടുമൊരു സിനിമ ഉണ്ടാകുമോയെന്ന് ചോദിച്ചപ്പോൾ നിലവിൽ കുറേ പ്രോജക്ടുകൾ തീർക്കാനുണ്ടെന്നും പ്രിയൻ കുറച്ച് വിശ്രമിക്കട്ടെ എന്നുമായിരുന്നു മോഹൻലാലിന്റെ മറുപടി.‘