പ്രണവിനോട് സിനിമയിൽ അഭിനയിക്കാൻ താനും പറഞ്ഞതാണെന്ന് മോഹൻലാൽ. സ്കൂളിൽ ബെസ്റ്റ് ആക്ടറൊക്കെ ആയിരുന്നെങ്കിലും സിനിമാഭിനയത്തോട് അന്ന് അപ്പുവിന് (പ്രണവ്) താൽപര്യമില്ലായിരുന്നു. പിന്നീട് രണ്ട് സിനിമയ്ക്ക് അസി.ഡയറക്ടറായി അവൻ വർക്ക് ചെയ്തു. ഒരു സിനിമ ഉണ്ടാക്കുന്നതെങ്ങനെ എന്ന പഠനമായിരുന്നു അത്. പിന്നീട് ഏതോ ഒരു നിമിഷത്തിൽ അപ്പു സിനിമയിൽ അഭിനയിക്കാമെന്ന് സമ്മതിച്ചുവെന്നും മോഹൻലാൽ ദേശാഭിമാനി പത്രത്തിൽ ഭാനു പ്രകാശിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Read More: താരരാജാവിന് പിറന്നാൾ ആശംസയുമായി താരങ്ങൾ

മകനായാലും മകളായാലും എന്റെ ഇഷ്ടങ്ങളൊന്നും ഞാൻ അവരുടെമേൽ അടിച്ചേൽപ്പിക്കാറില്ല. അപ്പുവിന് 26 വയസ്സായി. അവന്റെ ഈ പ്രായത്തിൽ രാജാവിന്റെ മകൻ പോലുളള വലിയ സിനിമകൾ ഞാൻ ചെയ്തു കഴിഞ്ഞിരുന്നു. അപ്പുവിനുവേണ്ടി ഒന്നോ രണ്ടോ സിനിമകൾക്ക് എന്നെക്കൊണ്ട് ഹെൽപ്പ് ചെയ്യാൻ പറ്റിയേക്കും. അല്ലാതെ ഒരു സെറ്റിൽ പോകുമ്പോൾ ഇങ്ങനെ ചെയ്യണം, എങ്ങനെ അഭിനയിക്കണം എന്നൊന്നും പറഞ്ഞു കൊടുക്കാനാകില്ല. ഇത് ഒരു മെയ്ക്ക് ബിലീഫ് ആണ്. സ്വന്തമായൊരു ശൈലി അപ്പു ഉണ്ടാക്കിയെടുക്കണം. നല്ല സിനിമകൾ കിട്ടണം. സിനിമകൾ നന്നായി വിജയിക്കണമെന്നും മോഹൻലാൽ അഭിമുഖത്തിൽ പറഞ്ഞു.

Read More: മായാതെ മറയാതെ നിൽക്കുന്ന മോഹൻലാൽ ഡയലോഗുകൾ

അഭിനയജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ചും ലാൽ അഭിമുഖത്തിൽ വ്യക്തമാക്കി. ഇതുവരെ ചെയ്തതിലും വലിയ വേഷങ്ങളൊന്നും ഇനി ചെയ്യാനില്ലെന്നും ലഭിക്കാനില്ലെന്നും ബോധ്യമായി അഭിനയം നിർത്തിയ എത്രയോ വലിയ നടന്മാർ ലോകസിനിമയിലുണ്ട്. അവരിൽ പലരും കുറെക്കാലം വെറുതെയിരുന്ന് വീണ്ടും അഭിനയരംഗത്തേക്ക് മടങ്ങിവന്ന ചരിത്രവുമുണ്ട്. സ്വരം നന്നാകുമ്പോൾ പാട്ട് നിർത്തുക എന്നാണല്ലോ പറയാറുളളത്. ഈ നിമിഷംവരെ അഭിനയത്തിനോട് എനിക്കൊരു മടുപ്പും തോന്നിയിട്ടില്ല. എന്നെങ്കിലും അങ്ങനെ തോന്നിയാൽ അന്ന് നിർത്തും. പിന്നീടുളള യാത്ര എന്തെന്ന് ഇപ്പോൾ പറയാനാകില്ലെന്നും മോഹൻലാൽ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ