ആദ്യമായി ലാലേട്ടനും സൂര്യയും ഒന്നിക്കുന്ന സിനിമ വരുന്നു. അതും അയന്‍, കോ, തുടങ്ങി സൂപ്പര്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച കെ.വി.ആനന്ദിനൊപ്പം. അത് മാത്രമല്ല, തമിഴില്‍ നിന്നുമൊരുങ്ങുന്ന ബ്രഹ്മാണ്ഡ സിനിമകളായ 2.0, ഇന്ത്യന്‍ 2 എന്നീ സിനിമകള്‍ നിര്‍മ്മിക്കുന്ന ലൈക്ക പ്രൊഡക്ഷന്‍സിന്റെ കീഴിലാണ് ഈ സിനിമയും ഒരുങ്ങുന്നതെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

സൂര്യയുടെ 37-ാം ചിത്രത്തിന് വേണ്ടിയാണ് മോഹന്‍ലാല്‍ വേഷമണിയുന്നത്. കൂടാതെ തെലുങ്ക് താരം അല്ലു സിരീഷും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. മോഹന്‍ലാലിനൊപ്പം ഇത് രണ്ടാം ചിത്രമാണ് സിരീഷിന്റേത്. നേരത്തേ ഇരുവരും മേജര്‍ രവി ചിത്രം ബിയോണ്ട് ദ ബോഡേഴ്സില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ചിത്രം മലയാളത്തിലും തെലുങ്കിലും മൊഴിമാറ്റി എത്തുമെന്നും സൂചനയുണ്ട്.

അയന്‍, മാട്രാന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം കെ.വി.ആനന്ദും സൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ഹാരിസ് ജയരാജായിരിക്കും സംഗീതം നല്‍കുക. ചൈനയില്‍ ഉള്‍പ്പടെ ചിത്രത്തിന്റെ ലൊക്കേഷന്‍ ഉണ്ടാകുമെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന. സൂര്യ 37നായുള്ള പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ഇതിനോടകം ആരംഭിച്ച്‌ കഴിഞ്ഞു. തമിഴില്‍ ഇളയദളപതി വിജയ്‌ക്കൊപ്പം മോഹന്‍ലാല്‍ അഭിനയിച്ചിരുന്നു. ജില്ല എന്ന സിനിമയില്‍ വിജയ്‌യുടെ അച്ഛന്‍ വേഷത്തിലായിരുന്നു മോഹന്‍ലാല്‍ അഭിനയിച്ചത്.

പാട്ടുകൊട്ടൈ പ്രഭാകറാണ് ഡയലോഗുകള്‍ എഴുതുന്നത്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ നടന്‍ സൂര്യയുമൊത്തുള്ള ആദ്യ സംരംഭമാണ് ഈ സിനിമ. രജനീകാന്തിന്റെ 2.0, കമല്‍ഹാസന്റെ ഇന്ത്യന്‍ ടു എന്നിങ്ങനെ രണ്ടു ചിത്രങ്ങളാണ് നിലവില്‍ ലൈക്ക ചെയ്തു കൊണ്ടിരിക്കുന്നത്. നിലവില്‍ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണ് ആനന്ദ്.

അതേസമയം എന്‍ജികെ എന്ന തന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിരക്കുകളിലാണ് നടന്‍ സൂര്യ, ഡ്രീം വാരിയേഴ്‌സ് പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ പ്രധാനപ്പെട്ട സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സായ് പല്ലവിയും രാകുല്‍ പ്രീത് സിങ്ങുമാണ്. ചിത്രം ദീപാവലി റിലീസായി തിയേറ്ററുകളിലെത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ