മായാതെ മറയാതെ നിൽക്കുന്ന മോഹൻലാൽ ഡയലോഗുകൾ

ഇന്ദുചൂഡനും മംഗലശേരി നീലകണ‌ഠനും വിഷ്‌ണുവും സാഗർ ഏലിയാസ് ജാക്കിയും ജഗനാഥനുമെല്ലം പറഞ്ഞ ഡയലോഗുകൾ ഏവരുടെയും മനസിൽ ഇന്നുമുണ്ട്

വ്യത്യസ്‌തവും ശക്തവുമായ നിരവധി വേഷങ്ങളിലൂടെ ഓരോ സിനിമയിലൂടെയും നമ്മള ഞെട്ടിച്ചു കൊണ്ടേയിരിക്കുന്ന നടനാണ് മോഹൻലാൽ. എന്നെന്നും ഓർത്തിരിക്കാവുന്ന നിരവധി കഥാപാത്രങ്ങൾ അദ്ദേഹം നമുക്ക് തന്നു കൊണ്ടേയിരിക്കുന്നു. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ നമ്മുടെ മുന്നിൽ എത്തിയ മോഹൻലാലിനെ കേരളക്കര ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. തിന്മ നിറഞ്ഞ വില്ലൻ കഥാപാത്രങ്ങളിലൂടെ നമ്മുടെ മുന്നിൽ എത്തിയ  മോഹൻലാൽ പിന്നീട് നായകനിരയിലേക്ക് ഉയരുകയായിരുന്നു. തന്റേതായ ശൈലിയും ഭാവങ്ങളും കൊണ്ട് അദ്ദേഹം സിനിമാ പ്രേമികളുടെ പ്രിയങ്കരനായി മാറി മോഹൻലാൽ, ദ കംപ്ളീറ്റ് ആക്‌ടർ എന്ന് അറിയപ്പെടുന്ന അദ്ദേഹം ഒരു അത്‌ഭുത പ്രതിഭ തന്നെയാണ്. മോഹൻലാലിന്റെ കഥാപാത്രങ്ങളെ പോലെ തന്നെ ഓർമ്മയിൽ തങ്ങി നിൽക്കുന്നതാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ പറഞ്ഞ ഡയലോഗുകളും. ഇന്ദുചൂഡനും മംഗലശേരി നീലകണ‌ഠനും വിഷ്‌ണുവും സാഗർ ഏലിയാസ് ജാക്കിയും ജഗനാഥനുമെല്ലം പറഞ്ഞ ഡയലോഗുകൾ ഏവരുടെയും മനസിൽ മായാതെ കിടപ്പുണ്ട്. ചില ഡയലോഗുകൾ നമ്മളെ പൊട്ടിചിരിപ്പിച്ചു, ചിലത് കണ്ണുകളെ ഈറനണിയിച്ചു. പ്രേക്ഷകരെ ആവേശം കൊളളിച്ച ഡയലോഗുകളും ഒട്ടും കുറവല്ല. മലയാളി ഏറ്റു പറഞ്ഞ മോഹൻലാൽ കഥാപാത്രങ്ങളുടെ എക്കാലത്തെയും ഹിറ്റ് ഡയലോഗുകളിലൂടെ.

പോ മോനേ ദിനേശാ
പോ മോനേ ദിനേശാ…ഈ ഡയലോഗ് കേൾക്കാത്തവർ വളരെ വിരളമായിരിക്കും. നരസിംഹത്തിലെ പൂവളളി ഇന്ദുചൂഡനെന്ന മോഹൻലാൽ കഥാപാത്രത്തിന്റെ സൂപ്പർ ഹിറ്റ് ഡയലോഗുകളിലൊന്നാണിത്. വെല്ലുവിളികളെ കൂസാതെയുളള ഇന്ദുചൂഡന്റെ ഡയലോഗ് ഏവരെയും രോമാഞ്ചം കൊളളിക്കുന്നതാണ്. സിനിമ കണ്ടവരാരും ഈ ഡയലോഗ് മറന്നിരിക്കാനും ഇടയില്ല. ഒന്നിനെയും കൂസാതെയുളള ചങ്കുറപ്പുളളവന്റെ ഡയലോഗായാണ് പോ മോനേ ദിനേശാ കണക്കാക്കപ്പെടുന്നത്. ഇന്നും മലയാളികൾ ഓർത്തിരിക്കുന്നതും ഏറ്റു പറയുന്നതുമായ ഡയലോഗുകളിലൊന്നായിരിക്കുമിത്.

സാഗർ ഏലിയാസ് ജാക്കി
സാഗർ ഏലിയാസ് ജാക്കിയെ കേരളക്കര മറന്നിരിക്കാൻ ഇടയില്ല. രണ്ട് തവണയാണ് മോഹൻലാലിന്റെ സാഗർ ഏലിയാസ് ജാക്കി പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ഇരുപതാം നൂറ്റാണ്ടിലൂടെയായിരുന്നു ആദ്യ വരവ്. അത് ഒരെന്നൊന്നര വരവായിരുന്നു. 1987ൽ കെ.മധുവിന്റെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രമാണ് സാഗർ ഏലിയാസ് ജാക്കി. അംബികയുുടെ കഥാപാത്രവും സാഗർ ഏലിയാസ് ജാക്കിയും തമ്മിലുളള സംഭാഷണത്തിലെ വാക്കുകൾ ആരും ഒരിക്കലും മറന്നുകാണില്ല. കളളക്കടത്തിനെ കുറിച്ച് എല്ലാം പറഞ്ഞ് കഴിഞ്ഞ് സാഗർ ഏലിയാസ് ജാക്കിയെ അറിയാമെന്ന പറഞ്ഞ് നിൽക്കുന്ന അംബികയുടെ കഥാപാത്രത്തോട് താനാരെന്ന് വെളിപ്പെടുത്തിയിറങ്ങുന്ന മോഹൻലാലിന്റെ ഡയലോഗ് എക്കാലത്തെയും സൂപ്പർ ഹിറ്റുകളിലൊന്നാണ്.

വട്ടാണല്ലേ…
നമ്മുടെ നിത്യജീവിതത്തിൽ നാമേവരും എപ്പോഴെങ്കിലും കളിയായിട്ട് പലരോടും ചോദിച്ചിട്ടുളള ഒരു ചോദ്യം തന്നെയാണിത്. വട്ടാണല്ലെയെന്ന്. ഏവരെയും പൊട്ടിചിരിപ്പിച്ച കിലുക്കം എന്ന ചിത്രത്തിലൂടെയാണ് ഈ ഡയലോഗ് സുപരിചിതമാവുന്നത്. ജോജിയുടെയും നിശ്ചലിന്റെയും നന്ദിനിയുടെയും ജീവിതം പറഞ്ഞ ചിത്രം സംവിധാനം ചെയ്‌തത് പ്രിയദർശനായിരുന്നു. ഹോട്ടലിൽ പ്രശ്‌നങ്ങളുണ്ടാക്കി നിൽക്കുന്ന നന്ദിനി അങ്കമാലിയിലെ പ്രധാനമന്ത്രിയാണ് തന്റെ അമ്മാവനെന്ന് പറയുമ്പോഴാണ് ജോജി എന്നെന്നും പ്രേക്ഷകർ ഓർത്തിരിക്കുന്ന ഈ വട്ടാണല്ലേ എന്ന ചോദ്യം ചോദിക്കുന്നത്. നിഷ്‌കളങ്കതയും നിസഹായവസ്ഥയും എല്ലാം നിറഞ്ഞ ആ ചോദ്യത്തെ മലയാളി ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇന്നും ആരാധക മനസിൽ മായതെ മറയാതെ കിടപ്പുണ്ട് ആ ‘വട്ടാണല്ലെയന്ന’ ചോദ്യം.


മനസിൽ കുറ്റബോധം തോന്നി തുടങ്ങിയാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും

1986ലാണ് രാജാവിന്റെ മകനിലൂടെ മോഹൻലാലിന്റെ വിൻസെന്റ് ഗോമസ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. തമ്പി കണ്ണന്താനമാണ് രാജാവിന്റെ മകൻ സിനിമാ പ്രേമികൾക്ക് സമ്മാനിച്ചത്. ഈ ചിത്രത്തിലുണ്ട് വിൻസെന്റ് ഗോമസ് പറഞ്ഞ് മലയാളി മനസിൽ ഇടം നേടിയ നിരവധി ഡയലോഗുകൾ. ” മനസിൽ കുറ്റബോധം തോന്നി തുടങ്ങിയാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും ” വിൻസെന്റ് ഗോമസിന്റെ ഫെയ്‌മസ് വാക്കുകളിലൊന്നാണിത്. തീരുന്നില്ല, ഈ കഥാപാത്രത്തിന്റേതായി നമ്മൾ ഓർത്തു വെയ്‌ക്കുന്ന വാക്കുകൾ. “രാജുമോൻ ഒരിക്കൽ എന്നോട് ചോദിച്ചു, അങ്കിളിന്റെ ഫാദറാരാണെന്ന്, ഞാൻ പറഞ്ഞു ഒരു രാജാവാണെന്ന്, കിരീടവും ചെങ്കൊലും സിംഹാസനവുമുളള ഒരു രാജാവ്. പിന്നീട് എന്നെ കാണുമ്പോൾ അവൻ കളിയാക്കി വിളിക്കുമായിരുന്നു. പ്രിൻസ്, രാജകുമാരൻ, രാജാവിന്റെ മകൻ “. വിൻസെന്റ് ഗോമസിന്റെ ഈ ഡയലോഗുകളും പ്രേക്ഷകർ എന്നെന്നും ഓർത്തിരിക്കുന്ന ഒന്നാണ്.

സവാരി ഗിരി ഗിരി
മംഗലശ്ശേരി നീലകണ്‌ഠനെയും മംഗലശ്ശേരി കാർത്തികേയനെയും സിനിമാ പ്രേമികൾ മറന്ന് കാണാൻ ഇടയില്ല. ദേവാസുരം എന്ന ചിത്രത്തിലാണ് മംഗലശ്ശേരി നീലകണ്‌ഠനെ ആദ്യമായി കണ്ടത്. പിന്നീട് കണ്ടത് എട്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷമുളള രണ്ടാം വരവിലായിരുന്നു. രാവണപ്രഭു എന്ന ചിത്രത്തിൽ. അന്ന് മംഗലശ്ശേരി നീലകണ്‌ഠന് കൂട്ടായി മകൻ മംഗലശ്ശേരി കാർത്തികേയനും ഉണ്ടായിരുന്നു. രണ്ട് വേഷത്തിൽ മോഹൻലാൽ തകർത്താടിയ ചിത്രത്തിൽ പഞ്ച് ഡയലോഗുകൾക്ക് കുറവൊന്നുമുണ്ടായിരുന്നില്ല. ചിത്രത്തിൽ മംഗലശ്ശേരി കാർത്തികേയന്റെ മാസ്റ്റർ പീസ് ഡയലോഗായിരുന്നു ‘സവാരി ഗിരി ഗിരി’. അതിന് ശേഷവും ഹിറ്റ് ഡയലോഗുകളുമായി മോഹൻലാലിന്റെ കഥാപാത്രങ്ങളെത്തിയെങ്കിലും ഇന്നും കേരളക്കര ‘സവാരി ഗിരി ഗിരി’ ഓർത്തിരിക്കുന്നുണ്ട്.


എന്നെ കൊല്ലാതിരിക്കാൻ പറ്റുമോ, ഇല്ലല്ലേ?

മലയാളക്കരയിൽ തരംഗം സൃഷ്‌‌ടിച്ച സിനിമയാണ് ചിത്രം. 1988ൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്‌തത് പ്രിയദർശനാണ്. മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ‘ചിത്ര’ത്തിലെ വിഷ്‌ണു. കണ്ണ് നനയാതെ കണ്ടിരിക്കാനാവാത്ത ഈ സിനിമയിലെ ഓരോ രംഗവും മനസിൽ തങ്ങി നിൽക്കുന്നതാണ്. സിനിമയുടെ അവസാന രംഗങ്ങൾ ആരും അങ്ങനെ മറന്ന് കാണുകയില്ല.ജീവിക്കാൻ കൊതിയോടെ നിൽക്കുന്ന വിഷ്‌ണു, സോമൻ ചെയ്‌ത പൊലീസ് കഥാപാത്രത്തോട് എന്നെ കൊല്ലാതിരിക്കാൻ പറ്റുമോ, ഇല്ലാല്ലേ എന്ന് ചോദ്യം കേട്ട് പിടഞ്ഞത് സിനിമാ പ്രേമികളുടെ നെഞ്ചാണ്. ഇന്നും കണ്ണ് നനയാതെ കണ്ടിരിക്കാനാവില്ല ഈ രംഗം.

എന്നോട് പറ ഐ ലവ് യൂ…ന്ന്
പ്രണയവും കോമഡിയും വിരഹവും പറഞ്ഞാണ് വന്ദനം സിനിമ നമുക്ക് മുന്നിലെത്തിയത്. ഏറ്റവും രസകരമായ ഇഷ്‌ടം പറയലുകളുളള ഒരു മലയാള ചിത്രം വന്ദനം തന്നെയായിരിക്കാം. ഉണ്ണികൃഷ്‌ണനായാണ് മോഹൻലാൽ ഈ ചിത്രത്തിലെത്തിയത്. ഗാഥ എന്ന പെൺകുട്ടിയെ പ്രണയിക്കുന്ന ഉണ്ണികൃഷ്‌ണൻ അവരെ കൊണ്ട് ഐ ലവ് യൂ എന്ന് പറയിക്കുന്നത് രസകരമായ എന്നെന്നും ഓർക്കുന്ന രംഗമാണ്.ഗാഥയോട് എന്നോട് പറ ‘ഐ ലവ് യൂ ‘…ന്ന് പറയുന്ന ഉണ്ണികൃഷ്‌ണനെ നാമാരും മറന്നിരിക്കാൻ ഇടയില്ല. മോഹൻലാലിന്റെ ഉണ്ണികൃഷ്‌ണൻ എന്ന കഥാപാത്രം നായികയെ കൊണ്ട് നിർബന്ധിച്ച് ഇഷ്‌ടം പറയിക്കുന്ന ഈ ഡയലോഗ് എന്നെന്നും മലയാളി മനസിൽ തങ്ങി നിൽക്കുന്ന ഒന്നാണ്.


ശംഭോ മഹാദേവ

കണിമംഗലം കോവിലകം വാങ്ങാനെത്തി മലയാളികളുടെ പ്രിയങ്കരനായതാണ് ജഗനാഥൻ.’ ആകാശത്തിനു ചുവട്ടിലെ ഏതു മണ്ണും ജഗന്നാഥനു സമമാണെന്നാണ്’ ആറാം തമ്പുരാൻ എന്ന ചിത്രത്തിലെ ഈ മോഹൻലാൽ കഥാപാത്രം പറഞ്ഞ് വെയ്‌ക്കുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്‌ത ഈ ചിത്രത്തെ ഇരു കൈയ്യും നീട്ടിയാണ് കേരളക്കര സ്വീകരിച്ചത്. കണിമംഗലത്തെ ഈ ആറാം തമ്പുരാനെ മലയാളി ഒരിക്കലും മറക്കില്ല. ഈ സിനിമയിലുമുണ്ട് മലയാളി നെഞ്ചോട് ചേർത്ത ഡയലോഗുകൾ. അതിലേറ്റവും ഹിറ്റ് ശംഭോ മഹാദേവ എന്ന മാസ്റ്റർ പീസ് ഡയലോഗ് തന്നെയാണ്.
“സംഗീതം പഠിക്കണമെന്ന മോഹവുമായി ചെന്ന് കയറിയത് ഒരു സിംഹത്തിന്റെ മടയില്‍ ഉസ്താദ്‌ ബാദുഷ ഖാന്‍.ആഗ്രഹം അറിയിച്ചപ്പോള്‍ ദക്ഷിണ വെക്കാന്‍ പറഞ്ഞു. ഊരുതെണ്ടിയുടെ ഓട്ടകീശയില്‍ എന്തുണ്ട് ??? സംഗീതത്തിന്റെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ച അമ്മയെ മനസ്സില്‍ ധ്യാനിച്ച് ദര്‍ബാര്‍ രാഗത്തില്‍ ഒരു കീര്‍ത്തനം പാടി. പാടി മുഴുമിപ്പിക്കും മുന്‍പേ വിറയാര്‍ന്ന കൈകള്‍ കൊണ്ട് അദ്ദേഹം വാരി പുണര്‍ന്നു. പിന്നെ സിരകളില്‍ സംഗീതത്തിന്റെ ഭാംഗുമായി കാലമൊരുപാട്. ഒടുവിലൊരു നാള്‍ ഗുരുവിന്റെ ഖബറിങ്കല്‍ ഒരു പിടി പച്ച മണ്ണ് വാരിയിട്ടു യാത്ര തുടര്‍ന്നു. ഒരിക്കലും തീരാത്ത യാത്ര… ഈ വാക്കുകളും ഏവരും ഓർക്കുന്നത് തന്നെ.

നെട്ടുരാനോടാണോടോ നിന്റെ കളി
ലാൽസലാം എന്ന സിനിമയിലെ നെട്ടുരാൻ മോഹൻലാലിന്റെ മികച്ച കഥാപാത്രങ്ങളിലൊന്നാണ്. രാഷ്‌ട്രീയവും സ്‌നേഹവും പറഞ്ഞ ഈ ചിത്രത്തിലുമുണ്ട് മോഹൻലാലിന്റെ ക്ളാസ് ഡയലോഗ്. എതിരാളികളോട് ‘നെട്ടുരാനോടാണോടോ നിന്റെ കളി’ എന്ന് ചോദിക്കുന്ന മോഹൻലാൽ കഥാപാത്രത്തിന്റെ വാക്കുകളും കേരളക്കര ഏറ്റെടുത്തത് തന്നെയാണ്.

ലേലു അല്ലു ലേലു അല്ലു
തമാശയ്‌ക്കെക്കിലും ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ വാക്ക് പറയാത്തവർ വിരളമായിരിക്കും. മലയാളത്തിലല്ലെങ്കിലും ഈ വാക്കുകൾ മലയാളിയ്‌ക്ക് വളരെ സുപരിചിതമാണ്. തേൻമാവിൻ കൊമ്പത്ത് എന്ന ചിത്രത്തിലാണ് മോഹൻലാൽ പറയുന്ന ഈ ഡയലോഗുകൾ. തെറ്റ് ചെയ്‌തുവെന്ന് പറഞ്ഞ് മോഹൻലാൽ കഥാപാത്രത്തെ മരത്തിൽ കെട്ടിയിടുന്നതും പൊലീസിൽ നിന്ന് രക്ഷപ്പെടാൻ മാപ്പ് പറയുന്നതുമായ രംഗത്തിലാണ് ഈ ഡയലോഗുകൾ കടന്ന് വരുന്നത്. പ്രിയദര്‍ശന്‍ ചിത്രത്തിലെ ലേലു അല്ലു ലേലു അല്ലു മാപ്പു പറയുന്ന ഈ വാക്കുകൾ ഇന്നും പ്രേക്ഷകർ ഓർക്കുന്നു.

മോഹൻലാൽ അഭിനയിച്ച ഏതാനും സിനിമകളിലെ കുറച്ച് ഡയലോഗുകൾ മാത്രമാണ്  ഇത്. ഇനിയുമുണ്ട് മോഹൻലാൽ എന്ന നടൻ ചെയ്‌ത നിരവധി കഥാപാത്രങ്ങൾ പറഞ്ഞ് പ്രേക്ഷക മനസിൽ ചേക്കേറിയ ഡയലോഗുകൾ. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടെ ഓരോ വാക്കും ആരാധക മനസിൽ എന്നും മായാതെ മറയാതെയുണ്ടാവും.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mohanlal super hit dialogues

Next Story
ജോയ് താക്കോൽക്കാരൻ വീണ്ടുമെത്തുന്നുjayasurya, ranjith sankar
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express